| Friday, 2nd August 2024, 1:59 pm

'ഇതുപോലെ ഒന്ന് എപ്പോഴും കാണാന്‍ കിട്ടില്ല'; നാണംകെട്ട് പുറത്തായി പാക് സൂപ്പര്‍ താരം; വീഡിയോ

സ്പോര്‍ട്സ് ഡെസ്‌ക്

ദി ഹണ്‍ഡ്രഡില്‍ ഹിറ്റ് വിക്കറ്റിലൂടെ പുറത്തായി പാക് സൂപ്പര്‍ താരം ഒസാമ മിര്‍. കഴിഞ്ഞ ദിവസം സതാംപ്ടണില്‍ നടന്ന മാഞ്ചസ്റ്റര്‍ ഒറിജിനല്‍സ് – സതേണ്‍ ബ്രേവ് മത്സരത്തിലാണ് മിര്‍ നിരാശാജനകമായ രീതിയില്‍ പുറത്തായത്.

മാഞ്ചസ്റ്റര്‍ ഇന്നിങ്‌സിന്റെ അവസാന പന്തിലാണ് മിര്‍ പുറത്താകുന്നത്. ക്രിസ് ജോര്‍ദനെറിഞ്ഞ പന്തില്‍ ബാക്ക്ഫൂട്ടിലേക്കിറങ്ങിയ താരം ഷോട്ട് കളിക്കാന്‍ ശ്രമിച്ചു. എന്നാല്‍ പന്തിന് പകരം താരം അടിച്ചുതെറിപ്പിച്ചത് സ്വന്തം വിക്കറ്റായിരുന്നു.

ദി ഹണ്‍ഡ്രഡ് തങ്ങളുടെ ഒഫീഷ്യല്‍ ഹാന്‍ഡിലുകളിലൂടെ ഈ ഡിസ്മിസ്സലിന്റെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. എല്ലായ്‌പ്പോഴും ബാറ്റര്‍ ഇങ്ങനെ പുറത്താകുന്നത് കാണാന്‍ സാധിക്കില്ലെന്ന് പറഞ്ഞുകൊണ്ടാണ് ഹണ്‍ഡ്രഡ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ഏഴ് പന്ത് നേരിട്ട് 11 റണ്‍സാണ് മിര്‍ സ്വന്തമാക്കിയത്.

അതേസമയം, മത്സരത്തില്‍ ഒറിജിനല്‍സ് പരാജയപ്പെട്ടിരുന്നു. ഏഴ് വിക്കറ്റിനായിരുന്നു തോല്‍വി.

മാഞ്ചസ്റ്റര്‍ ഉയര്‍ത്തിയ 117 റണ്‍സിന്റെ വിജയലക്ഷ്യം 78ാം പന്തില്‍ ബ്രേവ് മറികടന്നു.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഒറിജിനല്‍സ് വെയ്ന്‍ മാഡ്‌സണിന്റെ കരുത്തിലാണ് വമ്പന്‍ തകര്‍ച്ചയില്‍ നിന്നും കരകയറിയത്. 37 പന്തില്‍ 43 റണ്‍സാണ് മാഡ്‌സണ്‍ നേടിയത്. 19പന്തില്‍ 25 റണ്‍സ് നേടിയ ജെയ്മി ഓവര്‍ട്ടണാണ് രണ്ടാമത് മികച്ച സ്‌കോറര്‍.

ഒടുവില്‍ 100 പന്തില്‍ 116/6 എന്ന നിലയില്‍ ഒറിജിനല്‍സ് ഇന്നിങ്‌സ് അവസാനിപ്പിച്ചു.

ബ്രേവിനായി ക്രെയ്ഗ് ഓവര്‍ട്ടണ്‍, ക്രിസ് ജോര്‍ദന്‍, ടൈമല്‍ മില്‍സ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ബ്രേവ് അനായാസ വിജയം സ്വന്തമാക്കുകയായിരുന്നു.

ടൂര്‍ണമെന്റില്‍ ഇതുവരെ ഒറ്റ മത്സരം പോലും വിജയിക്കാത്ത ഒറിജിനല്‍സ് അവസാന സ്ഥാനത്താണ്. മൂന്ന് മത്സരത്തില്‍ നിന്നും രണ്ട് ജയവുമായി ബ്രേവ് മൂന്നാമതാണ്.

ഓഗസ്റ്റ് നാലിനാണ് മാഞ്ചസ്റ്ററിന്റെ അടുത്ത മത്സരം. ഹെഡിങ്‌ലിയില്‍ നടക്കുന്ന മത്സരക്കില്‍ നോര്‍ത്തേണ്‍ സൂപ്പര്‍ ചാര്‍ജേഴ്‌സാണ് എതിരാളികള്‍.

Content highlight: Osama Mir’s hit wicket in The Hundred

We use cookies to give you the best possible experience. Learn more