| Sunday, 24th December 2023, 3:22 pm

വല്ലപ്പോഴും എടുക്കുന്ന ക്യാച്ചാണ്, അതിനും ഔട്ട് തരില്ലെന്ന് പറഞ്ഞാല്‍? ചിരിപ്പിച്ച് പാക് സൂപ്പര്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസം ബിഗ് ബാഷ് ലീഗില്‍ നടന്ന മത്സരത്തില്‍ ചിരിയുണര്‍ത്തി പാക് സൂപ്പര്‍ താരം ഒസാമ മിര്‍. ഫ്രീ ഹിറ്റ് ഡെലിവെറിയില്‍ ക്യാച്ചെടുത്ത ശേഷം വിക്കറ്റ് നേട്ടം ആഘോഷിച്ചാണ് മിര്‍ ആരാധകര്‍ക്ക് ചിരിക്കാനുള്ള വക നല്‍കിയത്.

ബി.ബി.എല്ലിലെ മെല്‍ബണ്‍ സ്റ്റാര്‍സ് – സിഡ്‌നി തണ്ടര്‍ മത്സരത്തിലായിരുന്നു സ്റ്റാര്‍സ് താരമായ മിറിന് അമളി പിണഞ്ഞത്.

സിഡ്‌നി തണ്ടറിന്റെ ചെയ്‌സിനിടെയായിരുന്നു സംഭവം. മാര്‍ക് സ്റ്റെക്റ്റീയെറിഞ്ഞ ഫ്രീ ഹിറ്റ് ഡെലിവെറി ഓഫ് സ്റ്റംപിന് പുറത്താണ് പിച്ച് ചെയ്തത്. സ്‌ട്രൈക്കിലുണ്ടായിരുന്ന കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് സ്വിങ്ങിന് ശ്രമിച്ചെങ്കിലും ബാലന്‍സ് നഷ്ടപ്പെട്ട് ടോപ് എഡ്ജ് മാത്രമാണ് കണക്ട് ചെയ്യാന്‍ സാധിച്ചത്.

തേര്‍ഡ് മാനിലേക്ക് ഉയര്‍ന്നുപൊങ്ങിയ പന്ത് ഒസാമ മിര്‍ ഒരു തകര്‍പ്പന്‍ ഡൈവിങ് ക്യാച്ചിലൂടെ കൈപ്പിടിയിലൊതുക്കി. എന്നാല്‍ ഇത് ഫ്രീ ഹിറ്റ് ആണെന്ന് മറന്നുപോയ മിര്‍ കൈ ഉയര്‍ത്തി വിക്കറ്റ് നേട്ടം ആഘോഷിക്കുകയായിരുന്നു.

എന്നാല്‍ ഇത് ഫ്രീ ഹിറ്റാണെന്ന് സഹതാരം ഓര്‍മപ്പെടുത്തിയപ്പോള്‍ മാത്രമാണ് മിറിന് ഓര്‍മ വന്നത്. ഈ അവസരം മുതലെടുത്ത ബാന്‍ക്രോഫ്റ്റും അലക്‌സ് ഹേല്‍സും രണ്ട് റണ്‍സ് ഓടിയെടുക്കുകയും ചെയ്തു.

ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരെ നടന്ന മത്സരത്തില്‍ ഡേവിഡ് വാര്‍ണറിന്റെ ഈസി ക്യാച്ച് താഴെയിട്ടതില്‍ മിറിന് ഏറെ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ തകര്‍പ്പന്‍ ക്യാച്ചെടുത്തപ്പോഴാകട്ടെ അത് ഫ്രീ ഹിറ്റ് ഡെലിവെറിയിലാവുകയും ചെയ്തു.

View this post on Instagram

A post shared by ICC (@icc)

അതേസമയം, മത്സരത്തില്‍ മെല്‍ബണ്‍ പരാജയപ്പെട്ടിരുന്നു. അഞ്ച് വിക്കറ്റിനായിരുന്നു സ്റ്റാര്‍സിന്റെ തോല്‍വി.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ സ്റ്റാര്‍സിനായി ബ്യൂ വെബ്സ്റ്റര്‍ അര്‍ധ സെഞ്ച്വറി നേടി. 44 പന്തില്‍ 59 റണ്‍സാണ് താരം നേടിയത്. 26 പന്തില്‍ 30 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഗ്ലെന്‍ മാക്സ്വെല്ലും സ്‌കോറിങ്ങില്‍ നിര്‍ണായകമായി.

ഒടുവില്‍ നിശ്ചിത ഓവറില്‍ 172 റണ്‍സിന് സ്റ്റാര്‍സ് പുറത്തായി.

തണ്ടറിനായി ഡാനിയല്‍ സാംസ് നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സമാന്‍ ഖാന്‍ മൂന്ന് വിക്കറ്റും നേടി. ക്യാപ്റ്റന്‍ ക്രിസ് ഗ്രീനും ലിയാം ഹാച്ചറും ഓരോ വിക്കറ്റും സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ തണ്ടര്‍ 10 പന്തും അഞ്ച് വിക്കറ്റും കയ്യിലിരിക്കെ വിജയം സ്വന്തമാക്കുകയായിരുന്നു. അലക്സ് ഹേല്‍സ് (26 പന്തില്‍ 40) വിക്കറ്റ് കീപ്പര്‍ കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് (20 പന്തില്‍ 30) എന്നിവരുടെ ഇന്നിങ്സാണ് ടീമിന് അനായാസ വിജയം സമ്മാനിച്ചത്.

Content highlight: Osama Mir celebrates wicket in free hit delivery

We use cookies to give you the best possible experience. Learn more