|

'ഞങ്ങള്‍ മന്‍കാദിങ് ചെയ്യില്ല, അത് ലോകകപ്പിന്റെ ഫൈനലിലായാലും ശരി'; ബൗണ്ടറിയെണ്ണി ആദ്യ ലോകകപ്പ് നേടിയ ടീമിന്റെ ക്യാപ്റ്റന്‍ പറയുന്നതിങ്ങനെ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ – ഇംഗ്ലണ്ട് പരമ്പരയില്‍ വൈറ്റ് വാഷ് ചെയ്തുകൊണ്ടായിരുന്നു ഇന്ത്യ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്. ഇന്ത്യയുടെ എക്കാലത്തേും ഇതിഹാസ താരമായ ജുലന്‍ ഗോസ്വാമിയുടെ വിടവാങ്ങല്‍ പരമ്പര എന്ന രീതിയിലായിരുന്നു ഇത് വിലയിരുത്തപ്പെട്ടിരുന്നത്.

എന്നാല്‍ ജുലന്റെ വിടവാങ്ങല്‍ മത്സരം എന്നതിലുപരി അനാവശ്യമായി ഉണ്ടാക്കിയ വിവാദത്തിന്റെ പേരിലാണ് പരമ്പരയിലെ ചര്‍ച്ചയായത്. പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇംഗ്ലണ്ട് താരം ഷാര്‍ലറ്റ് ഡീനിനെ ഇന്ത്യന്‍ സൂപ്പര്‍ താരം ദീപ്തി ശര്‍മ നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ റണ്‍ ഔട്ട് ആക്കിയതിന് പിന്നാലെയായിരുന്നു വിവാദങ്ങള്‍ ഉടലെടുത്തത്.

ഇംഗ്ലണ്ട് പുരുഷ താരങ്ങളായിരുന്നു ദീപ്തിയുടെ ഈ പ്രവര്‍ത്തിയെ വിമര്‍ശിച്ച് പ്രധാനമായും രംഗത്തെത്തിയത്. മന്‍കാദിങ് എന്ന് പേരുള്ള ഈ പുറത്താക്കല്‍ രീതിയെ എം.സി.സി നിയമവിധേയമാക്കിയത് ശേഷവും അനാവശ്യമായി വിവാദമുണ്ടാക്കാന്‍ വേണ്ടിയാണ് ഇംഗ്ലണ്ട് താരങ്ങള്‍ ശ്രമിച്ചത്.

എന്നാല്‍ താന്‍ ഷാര്‍ലറ്റിന് പല തവണ വാണിങ് നല്‍കിയിരുന്നെന്നും അതിന് ശേഷമാണ് റണ്‍ ഔട്ട് ചെയ്തതെന്നും ദീപ്തി പ്രതികരിച്ചിരുന്നു.

എന്നാല്‍ വിഷയമെല്ലാം ആറി തണുത്ത ശേഷം വിഷയത്തില്‍ വീണ്ടും പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലര്‍. ലോകകപ്പ് ഫൈനലില്‍ പോലും തങ്ങള്‍ മന്‍കാദിങ് ചെയ്യില്ലെന്നാണ് ബട്‌ലര്‍ പറയുന്നത്.

ഐ.പി.എല്ലില്‍ കളിക്കുമ്പോള്‍ ബട്‌ലറിനെ ഇന്ത്യന്‍ താരം അശ്വിന്‍ മന്‍കാദിങ് ചെയ്തത് (അന്നത് എം.സി.സി റണ്‍ ഔട്ടായി അംഗീകരിച്ചിരുന്നില്ല) വലിയ വിവാദമായിരുന്നു.

2019ലായിരുന്നു അശ്വിന്‍ ബട്‌ലറിനെ ഇത്തരത്തില്‍ പുറത്താക്കിയത്. അന്ന് ബട്‌ലര്‍ രാജസ്ഥാന്‍ റോയല്‍സിന്റെയും അശ്വിന്‍ പഞ്ചാബ് കിങ്‌സിന്റെയും താരമായിരുന്നു. ഇതിന് ശേഷം ഇരുവരും തമ്മില്‍ അത്ര മികച്ച ബന്ധമായിരുന്നില്ലെങ്കിലും 2022ല്‍ അശ്വിന്‍ രാജസ്ഥാനിലെത്തിയതോടെ ഇരുവരും സുഹൃത്തുക്കളാകുകയായിരുന്നു.

‘ലോകകപ്പ് ഫൈനലായാലും ശരി പുറത്തായ എതിര്‍ ടീം ബാറ്ററെ ഞാന്‍ തിരിച്ചുവിളിക്കും. ആരും അത്തരത്തില്‍ പുറത്താവാന്‍ ആഗ്രഹിക്കുന്നില്ല. കാരണം യഥാര്‍ത്ഥ പോരാട്ടം ബാറ്റും ബോളും തമ്മിലാണ്,’ ബട്‌ലര്‍ പറയുന്നു.

ബാറ്റര്‍മാര്‍ക്ക് അഡ്വാന്റേജ് ലഭിക്കാതിരിക്കാന്‍ വേണ്ടിയാണ് ഇത്തരത്തിലുള്ള നിയമങ്ങള്‍ കൊണ്ടുവരുന്നതെങ്കിലും ഈ പ്രത്യേക നിയമം വീണ്ടും ചര്‍ച്ചക്ക് വിധേയമാക്കണമെന്നും ബട്‌ലര്‍ പറയുന്നു.

‘എനിക്കറിയാം, ബാറ്റര്‍മാര്‍ക്ക് അന്യായമായി ലഭിക്കുന്ന അഡ്വാന്റേജ് ലഭിക്കാതിരിക്കാനാണ് ഇത്തരം നിയമങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നത്. എന്നാല്‍ ഈ പ്രത്യേക നിയമത്തിന് ചര്‍ച്ചകള്‍ ആവശ്യമാണ്,’ ബട്‌ലര്‍ പറയുന്നു.

Content Highlight: Jos Buttler says England will not do Mankading even in the world cup final