|

'ഇനിയൊരുനാള്‍ മറുകരയിലൊന്നുചേര്‍ന്നീടാം'; സീതാ മഹാലക്ഷ്മിക്ക് റാമിന്റെ കത്ത് കിട്ടിയ നിമിഷം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സീതാ രാമത്തിലെ ക്ലൈമാക്‌സ് സോങ് പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍. സോണി മ്യൂസിക് സൗത്തിലൂടെയാണ് ഒരു യുഗം പാട്ടിന്റെ തമിഴ്, മലയാളം, തെലുങ്ക് വേര്‍ഷനുകള്‍ പുറത്ത് വിട്ടത്. കശ്മീര്‍ താഴ്‌വരയില്‍ റാമിന്റെ ഓര്‍മകള്‍ അയവിറക്കുന്ന സീതയിലൂടെയാണ് പാട്ട് തുടങ്ങുന്നത്. ശേഷം ബാലാജിയിലൂടെ 20 വര്‍ഷം തന്നെ കാത്തിരുന്ന കത്ത് സീതയ്ക്ക് ലഭിക്കുന്നതും റാമുമായുള്ള അവസാന നിമിഷങ്ങള്‍ ചിലവഴിച്ച ബാത്ത് ടബ്ബിന് അടുത്തിരുന്ന അത് വായിക്കുന്ന രംഗങ്ങളുമെല്ലാം പാട്ടിലുണ്ട്.

രശ്മിക മന്ദാനയും മൃണാള്‍ താക്കൂറും നായികമാരായി എത്തിയ ചിത്രം റിലീസ് ദിനം മുതല്‍ ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. പതിനഞ്ച് ദിവസത്തില്‍ 65 കോടി ദുല്‍ഖര്‍ ചിത്രം നേടിയിരുന്നു. ലഫ്റ്റനന്റ് റാം എന്ന കഥാപാത്രമായി ദുല്‍ഖര്‍ എത്തിയ ചിത്രം സംവിധാനം ചെയ്തത് ഹനു രാഘവപ്പുഡി ആണ്. 1965ലെ ഇന്‍ഡോ- പാക് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമാണിത്.

അടുത്തിടെ ചിത്രം ഒ.ടി.ടിയിലും സ്ട്രീമിങ് ആരംഭിച്ചിരുന്നു. ആമസോണ്‍ പ്രൈം വീഡിയോയില്‍ ചിത്രത്തിന്റെ തെലുങ്ക്, മലയാളം, തമിഴ് പതിപ്പുകള്‍ സെപ്റ്റംബര്‍ ഒമ്പത് മുതല്‍ സ്ട്രീം ചെയ്തിരുന്നു. പെന്‍ സ്റ്റുഡിയോസ് ചിത്രത്തിന്റെ ഹിന്ദി പതിപ്പ് സെപ്റ്റംബര്‍ രണ്ടിന് തിയേറ്റര്‍ റിലീസ് ചെയ്തിരുന്നു.

ആര്‍. ബാല്‍കിയുടെ സംവിധാനത്തിലെത്തിയ ചുപാണ് ഏറ്റവും പുതുതായി പുറത്ത് വന്ന ദുല്‍ഖര്‍ ചിത്രം. സെപ്റ്റംബര്‍ 23ന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ചലച്ചിത്രകാരന്‍ ഗുരുദത്തിനും അദ്ദേഹത്തിന്റെ പ്രശസ്ത സിനിമ കാഗസ് കെ. ഫൂലിനും ആദരമര്‍പ്പിച്ചുള്ളതാണ് ഈ ചിത്രം. സണ്ണി ഡിയോളാണ് ദുല്‍ഖറിനൊപ്പം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Content Highlight: oru yugam video song from sita ramam