‘നിങ്ങള്‍ ഉദ്ദേശിച്ച കഥ തന്നെ’ എന്ന ടാഗ് ലൈനോട് കൂടിയാണ് ഒരു യമണ്ടന്‍ പ്രേമകഥ എന്ന ചിത്രം തിയേറ്ററുകളില്‍ എത്തിയത്. നീണ്ട ഇടവേളക്ക് ശേഷം ദുല്‍ഖര്‍ മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രമാണിത്. റിലീസിന് മുമ്പ് പറയത്തക്ക വലിയ പ്രചാരണങ്ങള്‍ ഒന്നുമില്ലായിരുന്നെങ്കിലും പ്രതീക്ഷകള്‍ വലുതായിരുന്നു.
പാന്‍ ഇന്ത്യന്‍ ആക്ടര്‍ എന്ന ലെവലിലേക്ക് കുതിക്കുന്ന തരത്തിലായിരുന്നു കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ദുല്‍ഖറിന്റെ സിനിമകള്‍ . മലയാളത്തിന് പുറമേ, തമിഴ്, തെലുങ്കു, ഹിന്ദി ഭാഷകളില്‍ ദുല്‍ഖര്‍ നായകനായി എത്തി. ഇതിനിടെ ഒരു വര്‍ഷത്തിലധികം മലയാളത്തില്‍ നിന്ന് താരം ഇടവേളയെടുത്തു. പിന്നീട് വിഷ്ണു ഉണ്ണികൃഷ്ണന്റെയും ബിബിന്‍ ജോര്‍ജിന്റെയും തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ അഭിനയിക്കുന്നു എന്ന വാര്‍ത്ത പ്രേക്ഷകര്‍ ഏറെ ആവേശത്തോടെയാണ് സ്വീകരിച്ചത്.
ലല്ലുവും അവന്റെ ചാവേറുകളുടെയും കഥയാണ് ചിത്രം പറയുന്നത്. കൊമ്പനായില്‍ തറവാട്ടിലെ മുത്ത പുത്രനാണ് ലല്ലു . ചെറുപ്പം മുതല്‍ തന്നെ സ്ഥലത്തെ പെണ്‍കുട്ടികളുടെ ഇഷ്ടക്കാരനാണെങ്കിലും ലല്ലുവിന് അവരെയാരെയും പ്രേമിക്കാന്‍ ഇഷ്ടമല്ല. നാട്ടിലെ പ്രമാണിയാണ് തന്റെ അച്ഛനെങ്കിലും നാട്ടില്‍ പെയിംന്റ് പണിക്കാണ് ലല്ലു പോകുന്നത്. ലല്ലുവിന്റെ കൂട്ടുകാരുടെ ഭാഷയില്‍ പറഞ്ഞാല്‍ നൊസ്റ്റാള്‍ജിയയുടെ അസുഖമുള്ളയാളാണ് ലല്ലു. ഒരു ചെറിയ ‘ചാര്‍ളി’ ടൈപ്പാണ് ചിത്രത്തിലെ ലല്ലുവിന്റെ ജീവിതം. കാണുന്ന പെണ്‍കുട്ടികള്‍ക്ക് ആര്‍ക്കും ലല്ലുവില്‍ സ്പാര്‍ക്ക് ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ലാത്തതിനാല്‍ ആ സ്പാര്‍ക്കിന് വേണ്ടി കാത്തിരിക്കുകയാണ് ലല്ലു. ലല്ലുവിനെ ചെറുപ്പം മുതല്‍ ഇഷ്ടപ്പെടുന്ന ഒരു പെണ്‍കുട്ടിയുണ്ട് , പക്ഷേ തന്നെ ഒരു സഹോദരനായി കാണണമെന്നാണ് ലല്ലു അവളോടും പറഞ്ഞിരിക്കുന്നത്. ലല്ലുവും ചാവേറുകളും പെണ്‍കുട്ടിയെ കണ്ടെത്താന്‍ ശ്രമിക്കുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിലെ പ്രധാന കഥ.
ദുല്‍ഖര്‍ അവതരിപ്പിക്കുന്ന ലല്ലുവിന് പുറമെ സലിം കുമാര്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, സൗബിന്‍, ധര്‍മ്മജന്‍, ഹരീഷ് കണാരന്‍, രഞ്ജി പണിക്കര്‍, അശോകന്‍, കോട്ടയം പ്രദീപ്, ബൈജു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ബി.സി നൗഫലാണ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ദുല്‍ഖര്‍- സലിം കുമാര്‍-വിഷ്ണു ഉണ്ണികൃഷ്ണന്‍ – സൗബിന്‍ കോംമ്പോയുടെ തമാശകളാണ് ആദ്യ പകുതി കൊണ്ടു പോകുന്നത്. ഇതില്‍ വിഷ്ണു ഉണ്ണികൃഷ്ണന്റെ അന്ധന്‍ കഥാപാത്രം ഏറെ കൈയ്യടി അര്‍ഹിക്കുന്നതാണ്. കോമഡിയും സെന്റിയും മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ വിഷ്ണുവിന് കഴിഞ്ഞു.
സൗബിനും ധര്‍മ്മജനും കാര്യമായി ഒന്നും ചെയ്യാനില്ലായിരുന്നു. ഇരുവരുടെയും കഥാപാത്രങ്ങള്‍ നിരാശയുണ്ടാക്കി. 2.45 മണിക്കൂറാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. ഇത്രയ്ക്ക് വലിച്ച് നീട്ടേണ്ടിയിരുന്നോ എന്നത് ചോദ്യമാണ്. ആദ്യപകുതിയില്‍ കോമഡികളും കൗണ്ടറുകളും കൊണ്ട് സമൃദ്ധമാണെങ്കിലും രണ്ടാം പകുതി ഇത്തിരി മുഷിപ്പുണ്ടാക്കി. അനാവശ്യമായി വലിച്ച് നീട്ടിയത് തന്നെയാണ് കാരണം.
ചിത്രത്തില്‍ വിഷ്ണുവിന് പുറമേ എടുത്ത് പറയേണ്ട മറ്റ് രണ്ട് കഥാപാത്രങ്ങള്‍ ബിബിന്‍ ജോര്‍ജിന്റെയും സുരാജ് വെഞ്ഞാറമൂടിന്റെയുമാണ്. സോഷ്യല്‍ മീഡിയയുടെ ഭാഷയില്‍ പറയുകയാണെങ്കില്‍ ഒരു സൈക്കോ വില്ലനായി ബിബിന്‍ ചിത്രത്തില്‍ തകര്‍ത്തു. ആകെ മൂന്ന് സീനുകളിലാണ് സുരാജിന്റെ കഥാപാത്രം ചിത്രത്തില്‍ എത്തുന്നത്. പക്ഷേ ആ സീനുകള്‍ ഒന്നും തന്നെ പ്രേക്ഷകന്‍ മറക്കില്ല.
ചിത്രത്തില്‍ രണ്ട് നായികമാരാണ് ഉള്ളത്, സംയുക്തയും നിഖിലയും. എന്നാല്‍ നായിക കഥാപാത്രങ്ങള്‍ എന്ന നിലയില്‍ ഇവര്‍ക്ക് രണ്ട് പേര്‍ക്കും ചിത്രത്തില്‍ കാര്യമായി ഒന്നും ചെയ്യാനില്ലായിരുന്നു. വിഷ്ണു-ബിബിന്‍ കോംബോയില്‍ മുമ്പ് വന്ന ചിത്രങ്ങളായ അമര്‍ അക്കബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നീ ചിത്രങ്ങളിലെ പോലെ തന്നെ നിരവധി പ്രയോഗങ്ങള്‍ ഈ ചിത്രത്തിലും ഉണ്ട്. പണ്ട് പഴംപൊരിക്ക് രതീഷ് എന്ന പ്രയോഗമായിരുന്നെങ്കില്‍ ചിത്രഗുപ്തനും, ഓമനകുട്ടിയും, അന്തസ് എന്നിങ്ങനെ നിരവധി പ്രയോഗങ്ങളാണ് ചിത്രത്തിലുള്ളത്.
പക്ഷേ തങ്ങളുടെ ആദ്യ ചിത്രത്തിന്റെ ലെവലിലേക്ക് എത്താന്‍ യമണ്ടന്‍ പ്രേമകഥയ്ക്ക് കഴിഞ്ഞിട്ടില്ല. കോമഡികളും ഗാനങ്ങളും ഫൈറ്റും എല്ലാം ചിത്രത്തില്‍ ഉണ്ടെങ്കിലും ചിത്രം ആകെ തുകയെത്തുമ്പോള്‍ കഥയിലെ അലസതയും ആവശ്യത്തില്‍ കൂടുതല്‍ ഉള്ള ദൈര്‍ഘ്യവും കല്ലുകടിയാവുന്നുണ്ട്. ഒരു യമണ്ടന്‍ പ്രേമകഥയെന്നാണ് ചിത്രത്തിന്റെ പേരെങ്കിലും അത്രയ്ക്ക് യമണ്ടന്‍ അല്ല ചിത്രത്തിലെ പ്രേമ കഥയെന്ന് പറയേണ്ടി വരും.