കണ്ടിരിക്കേണ്ട ഒരു സർക്കാർ ഉത്പന്നം
Entertainment
കണ്ടിരിക്കേണ്ട ഒരു സർക്കാർ ഉത്പന്നം
നവ്‌നീത് എസ്.
Friday, 8th March 2024, 5:47 pm

ടി.വി. രഞ്ജിത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് ഒരു സർക്കാർ ഉത്പന്നം.

റിലീസിന് മുമ്പ് തന്നെ ചർച്ചകളിൽ ഇടം നേടിയ സിനിമയായിരുന്നു ഇത്. ഒരു ഭാരത സർക്കാർ ഉത്പന്നം എന്നായിരുന്നു ചിത്രത്തിന് ആദ്യം തീരുമാനിച്ചിരുന്ന പേര്. ചിത്രത്തിന്റെ പേരിലെ ഭാരതം സെൻസർ ബോർഡ് വെട്ടി മാറ്റാൻ ആവശ്യപ്പെട്ടതായിരുന്നു സിനിമ വലിയ രീതിയിൽ ശ്രദ്ധ നേടാൻ കാരണമായത്. പേരിൽ മാറ്റം വരുത്തിയില്ലെങ്കിൽ പ്രദർശനാനുമതി നൽകില്ല എന്നായിരുന്നു സെൻസർ ബോർഡിന്റെ വാദം. എന്തായാലും ചിത്രം ഇന്ന് തിയേറ്ററിൽ എത്തിയിരിക്കുകയാണ്.

സന്താനഭാഗ്യമില്ലാത്ത ഒരുപാട് ദമ്പതികൾ മനമുരുകി പ്രാർത്ഥിക്കുന്ന, മീനൂട്ടിക്കാവിലമ്മ ക്ഷേത്രം സ്ഥിതിചെയ്യുന്ന അച്ചാംതുരുത്തിലാണ് കഥ നടക്കുന്നത്. എന്നാൽ അതേ നാട്ടിൽ തന്നെ നാലുമക്കളും ഭാര്യയുമായി സകുടുംബം സന്തോഷത്തോടെ കഴിയുന്ന പ്രദീപനാണ് കഥയിലെ നായകൻ. രാജ്യത്തെ ജനസംഖ്യ ക്രമാതീതമായി വർധിച്ചുവരുന്ന സാഹചര്യമാണ്. ജനസംഖ്യ നിയന്ത്രണത്തിനായി വിവിധതരത്തിലുള്ള മാർഗ്ഗങ്ങളാണ് പല രാജ്യങ്ങളും കൈക്കൊള്ളുന്നത്. അത്തരത്തിൽ ഒരു പദ്ധതി നടപ്പാക്കാൻ ഒരുങ്ങുകയാണ് അച്ചാംതുരുത്ത് പഞ്ചായത്ത്.

വിവാഹം കഴിഞ്ഞ് വർഷങ്ങളായെങ്കിലും ഭാര്യയോടുള്ള പ്രണയം എന്നും അതുപോലെ സൂക്ഷിക്കുന്ന അഞ്ചാമതായി ഒരു പെൺകുഞ്ഞിനായി തയ്യാറെടുക്കുന്നവരാണ് പ്രദീപും ഭാര്യ ശ്യാമയും. എന്നാൽ പ്രശ്നങ്ങളില്ലാതെ മുന്നോട്ടുപോകുന്നതിനിടയിലാണ് പഞ്ചായത്ത് പുരുഷവന്ധ്യകരണ പദ്ധതി നടപ്പിലാക്കുന്നത്. തുടർന്ന് പ്രദീപും കുടുംബവും നേരിടുന്ന പ്രശ്നങ്ങളാണ് സിനിമ ചർച്ച ചെയ്യുന്നത്.

തീർച്ചയായും സംസാരിക്കേണ്ട ഒരു വിഷയത്തെ അതിന്റെ തീവ്രത ഒട്ടും നഷ്ടമാവാതെ ഹാസ്യത്തിന്റെ മേമ്പൊടി യോടെ അവതരിപ്പിക്കുകയാണ് ചിത്രം.

കുടുംബബന്ധങ്ങളെയും സൗഹൃദത്തെയും പ്രണയത്തെക്കുറിച്ചും എല്ലാം പറയുന്ന ചിത്രം അഭിനേതാക്കളാലും സമ്പന്നമാണ്. വർഷങ്ങളായി മലയാള സിനിമയിൽ ഭാഗമായിട്ടുള്ള സുബീഷ് സുധിയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രമായ പ്രദീപിനെ അവതരിപ്പിക്കുന്നത്. മിന്നൽ മുരളിയിലെ ഉഷ എന്ന കഥാപാത്രത്തിന് ശേഷം വളരെ മികച്ച ഒരു കഥാപാത്രമാണ് ഷെല്ലിയുടെ ശ്യാമയെന്ന വേഷം.

ആശാവർക്കർ ആയെത്തിയ ഗൗരി. ജി. കിഷൻ, വിനീത് വാസുദേവൻ, അജു വർഗീസ്, ലാൽ ജോസ് തുടങ്ങി നിരവധി കഥാപാത്രങ്ങൾ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. മലയാള സിനിമയിൽ അധികം സംസാരിച്ചിട്ടില്ലാത്ത ആശാവർക്കർമാരുടെ നിത്യ ജീവിതത്തെക്കുറിച്ചും അവരുടെ ആരോഗ്യ പ്രവർത്തനത്തെക്കുറിച്ച് സിനിമ ശക്തമായി സംസാരിക്കുന്നുണ്ട്.

സിനിമ ആവശ്യപ്പെടുന്ന രീതിയിലുള്ള ടെക്നിക്കൽ വശങ്ങൾ അണിയറ പ്രവർത്തകർ ഒരുക്കിയിട്ടുണ്ട്. അജ്മൽ ഹസ്ബുള്ളയുടെ സംഗീതവും അൻസാർ ഷായുടെ ക്യാമറ കണ്ണുകളും വേണ്ട രീതിയിൽ തന്നെ ജിതിൻ എഡിറ്റിംങ്ങിലൂടെ ബ്ലെൻഡ് ചെയ്തിട്ടുണ്ട്.
ഏൽക്കാതെ പോയ ചില തമാശകളും ചില അഭിനേതാക്കളുടെ പ്രകടനവുമാണ് സിനിമയിൽ ചെറിയ നെഗറ്റീവായി തോന്നിയത്. രണ്ടാംപകുതിയിലെ ചെറിയ ഇഴച്ചിലും മാറ്റി നിർത്തിയാൽ പ്രേക്ഷകർക്ക് മുതലാവുന്ന ഒരു ഉത്പന്നം തന്നെയാണ് ചിത്രം.

ചിത്രത്തിന്റെ തിരക്കഥാകൃത്ത് നിസാം റാവുത്തർ കഴിഞ്ഞ ദിവസം അന്തരിച്ചിരുന്നു. തീർച്ചയായും പ്രശംസയർഹിക്കുന്ന അവതരണമാണ് അദ്ദേഹം ചിത്രത്തിനായി തെരഞ്ഞെടുത്തത്. ഐക്യരാഷ്ട്രസഭയുടെ പുതിയ കണക്കുകൾ പ്രകാരം ജനസംഖ്യയിൽ കഴിഞ്ഞവർഷം ഇന്ത്യ ചൈനയെ മറികട ന്നിരുന്നു. ഏറ്റവുമധികം ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറുന്ന സാഹചര്യത്തിൽ തീർച്ചയായും കാലികപ്രസക്തിയുള്ള ചലച്ചിത്രാവിഷ്കാരമായി മാറുന്നുണ്ട് ഒരു സർക്കാർ ഉത്പന്നം.

Content Highlight: Oru Sarkar Uthpanam Movie Review

നവ്‌നീത് എസ്.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം