കവിത | ലി പോ
മൊഴിമാറ്റം | സ്വാതി ജോര്‍ജ്
വര | മജ്‌നി
സ്വര്‍ഗ്ഗം വീഞ്ഞിനെ സ്‌നേഹിച്ചിരുന്നില്ലെങ്കില്‍
അവിടൊരു വീഞ്ഞ് നക്ഷത്രമുണ്ടാകുമായിരുന്നില്ല;
ഭൂമി വീഞ്ഞിനെ സ്‌നേഹിച്ചിരുന്നില്ലെങ്കില്‍
അവിടെ ഒരു വീഞ്ഞരുവിയും.
സ്വര്‍ഗ്ഗവും ഭൂമിയും വീഞ്ഞിനെ സ്‌നേഹിക്കുന്നു,
നശ്വരനായ ഒരു കുടിയന്‍ പിന്നെ നാണിക്കണോ?
തെളിഞ്ഞ വീഞ്ഞ്
ഒരു മുനിയുടെ സാന്ത്വനം പോലെയെന്ന് ഞാന്‍ കേള്‍ക്കുന്നു
ആഡംബരവീഞ്ഞ്
ജ്ഞാനികളുടെ വളക്കൂറുള്ള മനസ്സുപോലെയെന്നും.
മുനികളും ജ്ഞാനികളും കുടിയന്മാരായിരുന്നു,
ദേവകള്‍ക്കും അസുരന്മാര്‍ക്കുമിടയില്‍ തുല്യരെ തേടണോ?
മൂന്ന് കപ്പ് പരമാനന്ദത്തിന്റെ ഗംഭീരമായ വാതിലുകള്‍ തുറക്കും
ഒരു കൂജ ഈ പ്രപഞ്ചം നിങ്ങളുടേതാക്കും.
അത്രയ്ക്കാണു വീഞ്ഞിന്റെ അനുഭൂതി,
ബോധമുള്ളവനു ഒരിക്കലും അനുഭവിക്കാന്‍ കഴിയാത്തത്ര.
ലി പോ
ലീ പോ അല്ലെങ്കില്‍ ലീ ബായ് (701 – 762) ചൈനയിലെ ഒരു കവിയായിരുന്നു. അദ്ദേഹത്തിന്റെ സുഹൃത്തായിരുന്ന കവി ഡുഫൂവിന്റെ ഒരു കവിതയില്‍ വീഞ്ഞുകോപ്പയുടെ എട്ട് അമര്‍ത്ത്യന്മാര്‍ (Eight Immortals of the Wine Cup) എന്നു വിശേഷിപ്പിച്ച പണ്ഡിതന്മാരുടെ ഗണത്തില്‍ ഒരാളായിരുന്നു ലീ പോ. ലീ പോ, ഡൂഫൂ എന്നിവരെ ചീനസാഹിത്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും മഹാന്മാരായ രണ്ടു കവികളായി കണക്കാക്കാറുണ്ട്. ലീ പോവിന്റെ 1100ഓളം കവിതകള്‍ ഇന്ന് ലഭ്യമാണ്. പാശ്ചാത്യ ഭാഷകളിലൊന്നിലേക്കുള്ള അവയുടെ ആദ്യത്തെ പരിഭാഷ സാമൂഹ്യശാസ്ത്രജ്ഞന്‍ മാര്‍ക്വിസ് ഡി. ഹെര്‍വി ഡി. സെന്റ് ഡെനിസ് 1862ല്‍ ഫ്രഞ്ചുഭാഷയിലേക്കു നടത്തിയതാണ്. ഹെര്‍ബര്‍ബര്‍ട്ട് അല്ലെന്‍ ഗൈല്‍സ് 1901ല്‍ ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ച “ചൈനീസ് സാഹിത്യചരിത്രം”, ലീ പോയുടെ കവിതകളുടെ ജപ്പാന്‍ ഭാഷാ പരിഭാഷയെ ആശ്രയിച്ച് അമേരിക്കന്‍ സാഹിത്യചിന്തകന്‍ എസ്രാ പൗണ്ട് 1915ല്‍ നടത്തിയ ഇംഗ്ലീഷ് പരിഭാഷ തുടങ്ങിയവും ലീ പോയുടെ കവിതകളെ ബാഹ്യലോകത്തിന് പരിചയപ്പെടുത്താന്‍ ഉപകരിച്ചു.
സ്വാതി ജോര്‍ജ്
ആലപ്പുഴ ജില്ലയിലെ മാവേലിക്കര സ്വദേശി. Bahrain panorama contracting and engineering services പദ്ധതി ആസൂത്രണ സാങ്കേതിക വിദഗ്ദ്ധന്‍. സോഷ്യല്‍ മീഡിയ രംഗത്ത് സജീവം. നിരവധി കവിതകള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
മജ്‌നി തിരുവങ്ങൂര്‍
കോഴിക്കോട് ജില്ലയിലെ തിരുവങ്ങൂര്‍ സ്വദേശി. ജെ.ഡി.ടി ഇസ്‌ലാം സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്ലസ് ടു വിഭാഗം ചരിത്രാധ്യാപിക. ഡൂള്‍ ന്യൂസില്‍ ചിത്രകാരി. നിരവധി ആനുകാലികങ്ങളില്‍ വരക്കുന്നു.