ഡൂള്‍ തിയറ്റര്‍ റേറ്റിങ്: ★★☆☆☆
സംവിധാനം: ടോം ഇമ്മട്ടി
തിരക്കഥ: ടോം ഇമ്മട്ടി
നിര്‍മാണം: അനൂപ് കണ്ണന്‍
ഛായാഗ്രഹണം: പ്രകാശ് വേലായുധന്‍
ഒരു മെക്‌സിക്കന്‍ അപാരത, ഒരു പക്ഷെ ഈയ്യിടെ പ്രേക്ഷകര്‍ ഇത്രയും അധികം കാത്തിരുന്ന മറ്റൊരു മലയാള ചിത്രമുണ്ടാകില്ല (പുലിമുരുകന്‍ ഒഴിച്ചു നിര്‍ത്തിയാല്‍) . ഇടതുപക്ഷ പ്രസ്ഥാനത്തിന് കേരള സമൂഹത്തിലും കേരളത്തിന്റെ കലാലയങ്ങളിലും ഉള്ള സ്ഥാനമാണ് ചിത്രത്തിന്റെ മുതല്‍ മുടക്ക്.
കെ.എസ്.ക്യൂവിന്റെ നീലാകാശത്ത് വിപ്ലവത്തിന്റെ ചെങ്കൊടി ഉയര്‍ത്തുന്ന നായകനായി ടോവിനൊ തോമസ് ആരാധകരെ ആവേശം കൊള്ളിക്കുന്നതില്‍ ഒട്ടും മോശമാക്കിയില്ലെന്ന് വേണം ആദ്യ പ്രതികരണങ്ങളില്‍ നിന്നും മനസ്സിലാക്കാന്‍. നായകന്റെ ഓരോ ഡയലോഗിനുമുള്ള കാണികളുടെ കയ്യടികളും ആര്‍പ്പുവിളികളും അതു തന്നെയാണ് അടിവരയിടുന്നത്. ടോവിനോയുടെ താരോദയമായിരിക്കും മെക്‌സിക്കന്‍ അപാരത.
പാര്‍ട്ടി സമ്മേളനത്തില്‍ മാത്രം കണ്ടുവരുന്ന ആവേശവും മുദ്രാവാക്യം വിളികളുമാണ് തിയ്യറ്ററുകളില്‍ അലയടിക്കുന്നത്. നായകന്റെ ഇന്റ്രോ മുതല്‍ ക്ലൈമാക്‌സ് വരെ നിലയ്ക്കാത്ത മുദ്രാവാക്യങ്ങളാണ്. ഓരോ ഇടതുപക്ഷ വിദ്യാര്‍ത്ഥി സഹയാത്രികന്റേയും ആവേശത്തെ ഉത്തേജിപ്പിക്കുന്നുണ്ട് ചിത്രം. ചെങ്കടല്‍ തിയ്യറ്ററുകളിലേക്ക് ഒഴുകിയെത്തുമെന്നതില്‍ സംശയമില്ല. വിപ്ലാഗ്നി ആളിക്കത്തുന്നുണ്ട് ഓരോ സീനിലും.
എന്നാല്‍ ഒരു സിനിമ എന്ന നിലയില്‍ എന്തായിരുന്നു ഒരു മെക്‌സിക്കന്‍ അപാരത? ഈ ചോദ്യത്തിന്റെ ഉത്തരത്തെ തേടിയിറങ്ങിയാല്‍ ചെന്നെത്തുക വിപ്ലവാഗ്നി ഊതി ഊതി കത്തിക്കാനുള്ള കുട്ടി സഖാക്കന്മാരുടെ അപാര ശ്രമം എന്നതിലേക്കായിരിക്കും.
മഹാരാജാസ് കോളേജില്‍ എസ്.എഫ്.വൈയുടെ ചെങ്കൊടി ആദ്യമായി ഉയര്‍ത്തിയ കൊച്ചനിയനില്‍ നിന്നുമാണ് ചിത്രം ആരംഭിക്കുന്നത്. കൊച്ചനിയനില്‍ നിന്നും കഥ നടക്കുന്ന പശ്ചാത്തലമായ 2000 ന്റെ തുടക്കത്തിലേക്ക് എത്തുമ്പോള്‍ നായകന്‍ പോള്‍ വര്‍ഗ്ഗീസാണ്. കൊച്ചനിയനെ പോലെ വിപ്ലവ നായകനൊന്നുമല്ല പോള്‍. ക്യാമ്പസ് പ്രണയവും സൗഹൃദങ്ങളുമൊക്കെയുള്ള ഒട്ടും അസാധാരണക്കാരനല്ലാത്ത വിദ്യാര്‍ത്ഥി മാത്രമാണ് പോള്‍. രണ്ട് കഥാപാത്രങ്ങളേയും അവതരിപ്പിക്കുന്നതില്‍ ടോവിനൊ തോമസ് വിജയിച്ചിച്ചുണ്ട്.
കെ.എസ്.ക്യൂവിന്റെ എകാധിപത്യം നടമാടുന്ന മഹാരാജാസ് കോളേജിലാണ് കഥ നടക്കുന്നത്. നായകന്റേയും നായകന്റെ സുഹൃത്തുകളുടേയും വസ്തധാരണത്തിലും മറ്റും 2000 ന്റെ തുടക്ക കാലഘട്ടമാണ്. എന്നാല്‍ മറ്റ് കഥാപാത്രങ്ങളും ക്യാമ്പസ് അന്തരീക്ഷവുമെല്ലാം ഓര്‍മ്മപ്പെടുത്തുന്നത് അത്ര പഴയ മഹാരാജാസിനേയല്ല.
ചിത്രത്തിന്റെ കാലഘട്ടത്തെ അടയാളപ്പെടുത്തുന്നതില്‍ തിരക്കഥാകൃത്തിന് സൂക്ഷ്മത നഷ്ടമായിട്ടുണ്ട്. സമകാലീന മഹാരാജാസിലേക്ക് ഇടയ്ക്കിടെ ചിത്രം കയറി വരുന്നു.
ക്യാമ്പസ് രാഷ്ട്രീയം പറയുന്ന ചിത്രത്തിലെ വിദ്യാര്‍ത്ഥി നേതാക്കന്മാര്‍ക്ക് ആര്‍ക്കും വ്യക്തിത്വം
തൊട്ടു തീണ്ടിയിട്ടില്ല. ടോവിനോയുടെ പോളും നീരജ് മാധവിന്റെ സഖാവ് സുഭാഷുമെല്ലാം ഈ വ്യക്തിത്വരാഹിത്വത്തില്‍ അകപ്പെട്ടു കിടക്കുന്നു.
ചെങ്കൊടികീഴിലെ സഖാക്കന്മാരെ ആവേശം കൊള്ളിക്കുക എന്നതാണ് ചിത്രത്തിന്റെ പ്രധാന ലക്ഷ്യം. അല്ലെങ്കില്‍ അതുമാത്രമാണ്. ഇതിനായി ഓരോ തൊട്ടടുത്ത സീനുകളിലും ഒരു തീപ്പൊരി ഡയലോഗുകള്‍ നിര്‍ബ്ബന്ധ ബുദ്ധിയോടെ തിരക്കഥാകൃത്ത് എഴുതി ചേര്‍ത്തിരിക്കുന്നു. എന്നാല്‍ വാസ്തവത്തില്‍ സാഹചര്യവുമായി യാതൊരു നീതിയും ഈ ഡയലോഗുകള്‍ പുലര്‍ത്തുന്നില്ല. ” കൊല്ലാം, പക്ഷെ തോല്‍പ്പിക്കാനാകില്ല” എന്ന് ടോവിനോയുടെ കഥാപാത്രം പറയുന്ന രംഗം ഉദാഹരണം.
അടിക്കാന്‍ വരുന്നവന്റൈ തലയടിച്ചു പൊട്ടിക്കുമെന്ന് പറയുന്ന വിപ്ലവകാരികള്‍ തൊട്ടടുത്ത നിമിഷം തന്നെ ഓടി രക്ഷപ്പെടുന്നതും ഭയന്നൊളിക്കുന്നത് ആവേശമല്ല ചിരിയാണ് പടര്‍ത്തുന്നത്. ക്യാമ്പസുകളില്‍ വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യമില്ലായ്മയെ കാണിക്കാനായി ചില ശ്രമങ്ങള്‍ നടത്തുന്നുണ്ടെങ്കിലും അതൊന്നും രജിസ്റ്ററാകുന്നില്ല. ഉദാഹരണത്തിന് ആണും പെണ്ണും ഒരുമിച്ച് ഇരിക്കുന്നതിനെതിരെ അധ്യാപകന്റെ പരാമര്‍ശത്തെ അതിനെന്ത് എന്ന ചോദ്യത്തോടെ കൃഷ്ണന്‍ നേരിടുന്ന സീന്‍. ശക്തമായ രാഷ്ട്രീയം പറയേണ്ട ഈ രംഗം കേവലം തമാശയായി പോലും അടയാളപ്പെടുന്നില്ല.
ഒരു സാധാരണ കോളേജ് വിദ്യാര്‍ത്ഥിയില്‍ നിന്നും വിപ്ലവ നായകനിലേക്കുള്ള പോളിന്റെ മാറ്റമാണ് ചിത്രത്തിന്റെ മുഖ്യ കഥാതന്തു. പോളിന്റെ വളര്‍ച്ചയോ മാറ്റമോ വേണ്ടത്ര ആഴത്തിലുള്ളതാകുന്നില്ല. തീപ്പൊരി ഡയലോഗില്‍ മാത്രം ഒതുങ്ങി പോവുകയാണ് അത്. നടനെന്ന നിലയില്‍ ടൊവിനൊ മികവ് പുലര്‍ത്തിയെങ്കിലും ഒരുപടി മുന്നില്‍ നില്‍ക്കുന്നത് നീരജ് മാധവ് ആണ്. സ്ഥിരം സൈഡ് കിക്ക് റോളുകളില്‍ നിന്നും നീരജിന്റെ സുഭാഷ് വേറിട്ടു നില്‍ക്കുന്നു.
അവസാന രംഗങ്ങളിലേക്ക് എത്തുമ്പോള്‍ നായകന് മാത്രം പ്രാധാന്യം നല്‍കുന്ന സ്ഥിരം മലയാളസിനിമാ തന്ത്രം മെക്‌സിക്കന്‍ അപാരതയിലും കാണാം. പോളിനേക്കാള്‍ കെട്ടിലും മട്ടിലും സഖാവ് ആയ സുഭാഷിനെ മനപ്പൂര്‍വ്വം മാറ്റി നിര്‍ത്തുന്നത് കല്ലുകടിയാകുന്നുണ്ട്.
ഇടതുപക്ഷത്തും പാളിച്ചകളുണ്ടെന്ന് കാണിക്കുവാനായി ക്ലൈമാക്‌സിന് തൊട്ട് മുമ്പായി സുഭാഷ് പാര്‍ട്ടി ഓഫീസില്‍ നടത്തുന്ന കേട്ടുമടുത്ത മണ്ണിന്റെ മണമുള്ള നേതാവിനെ കുറിച്ചുള്ള പ്രസംഗം ക്ലീഷേയേക്കാള്‍ അരോചകമാകുന്നു എന്നുവേണം പറയാന്‍.
നവാഗത സംവിധായകനെന്ന നിലയില്‍ ടോം ഇമ്മട്ടി വലിയ പ്രതീക്ഷയൊന്നും നല്‍കുന്നില്ലെന്ന് വേണം പറയാന്‍. തിരക്കഥയിലും മേക്കിംഗിലും ഷോട്ടുകളിലും പലയിടത്തും അല്‍ഫോണ്‍സ് പുത്രന്റെ പ്രേമത്തോട് സാമ്യം തോന്നിയാലും തെറ്റുപറയാന്‍ പറ്റില്ല. പലരംഗങ്ങളും അനാവശ്യമായോ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തെ മുതലെടുക്കാനോ വേണ്ടി കുത്തികേറ്റിയതായും തോന്നുന്നുണ്ട്.
പ്രതിനായകനായ കെ.എസ്.ക്യൂ നേതാവ് രൂപേഷായി രൂപേഷ് പിതാംബരന്‍ ഭേദപ്പെട്ട പ്രകടനാണ് നടത്തിയിരിക്കുന്നത്. കലാഭവന്‍ ഷാജോണ്‍, ജാഫര്‍ ഇടുക്കി, സുധി കോപ്പ തുടങ്ങിയ സഹതാരങ്ങളും മോശമാക്കിയിട്ടില്ല. എന്നാല്‍ ഹരീഷ് പേരടിയുടെ രാഘവന് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലെ കൈതേരി സഹദേവന്റെ ബാധ പിടികൂടിയിട്ടുണ്ട്.
Final verdict
അവസരങ്ങളിലും അനവസരങ്ങളിലും വിപ്ലവാഗ്നി തിളച്ചു മറയുന്ന ഡയലോഗുകള്‍ കുത്തി കയറ്റി കൃത്യമായ രാഷ്ട്രീയ ബോധ്യമില്ലാതെയും കലാലയത്തെ അറിയാതെയും തയ്യാറാക്കിയ ചിത്രം. ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ചെങ്കൊടിയുടെ അരികുപറ്റി ഒരു വിജയ ചിത്രമൊരുക്കാനുള്ള സംവിധായകന്റെ ശ്രമം മാത്രമാണ് ഒരു മെക്‌സിക്കന്‍ അപാരത. മൂന്ന് മണിക്കൂര്‍ തിയ്യറ്ററിനകത്തിരുന്ന പടം കണ്ടിറങ്ങുന്ന പ്രേക്ഷന്റെ ഉള്ളില്‍ ഒരു ചോദ്യം ഇനിയും ഉത്തരം കിട്ടാതെ ബാക്കിയാകുന്നു, എന്താണ് ഈ മെക്‌സിക്കന്‍ അപാരത?