| Friday, 9th November 2018, 8:22 pm

നേര്‍ക്കാഴ്ചയുടെ ഒരു 'കുപ്രസിദ്ധ' പയ്യന്‍

അശ്വിന്‍ രാജ്

നാല് അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് കോഴിക്കോടിനെ ഞെട്ടിച്ച് കൊണ്ട് ആ വാര്‍ത്ത ജനങ്ങള്‍ അറിഞ്ഞത്. ഒറ്റക്ക് താമസിക്കുകയായിരുന്ന ഇഡ്ഡലി വില്‍പ്പനക്കാരിയായ സുന്ദരിയമ്മ എന്ന സ്ത്രീയെ കഴുത്ത് അറുത്ത് ആരോ കൊന്നിരിക്കുന്നു. കോളിളക്കം സൃഷ്ടിച്ച കേസില്‍ പ്രതിയെ കിട്ടാഞ്ഞതിനാല്‍ അന്ന് ലോക്കല്‍ പൊലീസില്‍ നിന്ന് കേസ് ക്രൈംബ്രാഞ്ചിലേക്ക് മാറ്റി. അന്ന് നടന്ന ആ യഥാര്‍ത്ഥ സംഭവത്തെ മുന്‍ നിര്‍ത്തിയാണ് സംവിധായകന്‍ മധുപാല്‍ തന്റെ പുതിയ ചിത്രമായ ഒരു കുപ്രസിദ്ധ പയ്യന്‍ എന്ന ചിത്രമൊരുക്കിയിരിക്കുന്നത്.

“ആയിരം കുറ്റവാളികള്‍ രക്ഷപെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത്”. ഇന്ത്യന്‍ നീതി ന്യായ വ്യവസ്ഥയുടെ ആപ്ത വാക്യമായി കാണുന്ന വരികളാണിവ. എന്നാല്‍ ഇന്ത്യയിലെ ജയിലുകളില്‍ ചെയ്യാത്ത കുറ്റത്തിന് ശിക്ഷ അനുഭവിക്കുന്ന നിരവധിയാളുകളുണ്ടെന്നതാണ് സത്യം.

ടൊവിനോ തോമസിനെ നായകനാക്കി ഒരു യഥാര്‍ത്ഥ സംഭവം സിനിമയാക്കുന്നതിന്റെ പ്രയാസങ്ങള്‍ മുന്‍കൂട്ടി അറിഞ്ഞു തന്നെയാണ് മധുപാല്‍ കുപ്രസിദ്ധ പയ്യന്‍ ഒരുക്കിയിരിക്കുന്നത്. ആ ഉദ്യമത്തില്‍ അദ്ദേഹം തീര്‍ത്തും വിജയിച്ചിരിക്കുകയാണ്.

മലയാളത്തിലെ ഒരു മികച്ച റിയലസ്റ്റിക് ത്രില്ലര്‍ എന്ന് തന്നെ ഈ ചിത്രത്തിനെ വിളിക്കാം. ആക്രോശങ്ങളോ നെടുനീളന്‍ ഡയലോഗുകളോ ഇല്ലാതെയും ഒരു ത്രില്ലര്‍ അവതരിപ്പിക്കാം എന്ന് മധുപാല്‍ തെളിയിച്ചിരിക്കുകയാണ്. കച്ചവട സിനിമയ്ക്ക് വേണ്ട ഘടകങ്ങളും റിയലിസ്റ്റിക് ആയിട്ടുള്ള രീതിയും കൂട്ടിചേര്‍ത്ത് സിനിമയൊരുക്കുന്നതില്‍ അദ്ദേഹം വിജയിച്ചിട്ടുണ്ട്.

നായകനായ ടൊവിനോയുടെ കരിയറിലെ തന്നെ മികച്ച പ്രകടനമാണ് ഒരു കുപ്രസിദ്ധ പയ്യനിലേത്. അനാഥനായ അജയന്‍ എന്ന കഥാപാത്രത്തിലേക്ക് ടൊവിനോ പരകായ പ്രവേശനം നടത്തുകയായിരുന്നു. പതിഞ്ഞ തുടക്കമാണ് സിനിമയ്ക്ക്. സിനിമയില്‍ നായകന്റെ ഇന്‍ട്രൊ സീനില്‍ തന്നെ ടൊവിനോ എന്ന നടന്റെയും മധുപാല്‍ എന്ന സംവിധായകന്റെയും കൈയൊപ്പ് കാണാന്‍ സാധിക്കും.

അനാഥനായ ഒരു വ്യക്തി ജീവിതത്തില്‍ പലപ്പോഴായി നേരിടേണ്ടി വരുന്ന സാഹചര്യങ്ങളുണ്ട്. തന്റെ വ്യക്തിത്വം എന്താണെന്ന് അറിയാത്ത വയസോ സ്വന്തം നാടോ വീടോ സ്വന്തക്കാരയോ അറിയാതെ ജീവിക്കുന്നവര്‍ എപ്പോഴും അഭിമുഖികരിക്കുന്ന ഒരു പേടിയുണ്ട്. അജയന്റെയും സ്ഥായി ഭാവം ഈ പേടിയാണ്.

അതിനുള്ള കാരണവും അജയന്‍ തന്നെ പറയുന്നുണ്ട്. ഒരു പ്രശ്‌നം വരുമ്പോള്‍ ഒറ്റയ്ക്ക് വേണം നേരിടാന്‍ ആരും കൂട്ടിന് ഉണ്ടാവില്ല. എന്നാല്‍ ജീവിതം കെട്ടിപടുക്കാന്‍ നോക്കുന്ന ചോദിക്കാനും പറയാനും ആരുമില്ലാത്ത ഇത്തരം ആളുകളെയാണ് “സമൂഹം” എളുപ്പത്തില്‍ കുറ്റവാളിയാക്കുന്നത്.

Also Read ഒരു വിരലില്‍ വിപ്ലവം കുറിക്കുന്ന “സര്‍ക്കാര്‍”

ഇഡലി കച്ചവടക്കാരിയായ ചെമ്പകമ്മാള്‍ അജയന് സ്വന്തം അമ്മയെ പോലെയായിരുന്നു. ജീവിതത്തില്‍ അവനെ സ്‌നേഹിച്ചിരുന്നവരില്‍ അപൂര്‍വ്വം കുറച്ച് ആളുകളില്‍ ഒരാള്‍ എന്നാല്‍ അതേ ചെമ്പകമ്മാളിന്റെ കൊലപാതകത്തിന് അജയന്‍ ജയിലിലാവുകയാണ്. ആ കൊലപാതകം ഏറ്റെടുക്കാന്‍ അവനെക്കാള്‍ “യോഗ്യതയുള്ളയാള്‍” ഭരണകൂടത്തിന് മുമ്പില്‍ ഉണ്ടായിരുന്നില്ല. കൂടാതെ അവന്‍ പോലും അറിയാതെ അജ്മല്‍ എന്ന പേരും കൂടി അവന് ചാര്‍ത്തികിട്ടി. അവന്റെ കുറ്റവാളി സ്വതത്തിന് നിയമം കയ്യാളുന്നവന്റെ മുന്നില്‍ മറ്റെന്ത് വേണം.

ഒരു ത്രില്ലര്‍ സിനിമയായത് കൊണ്ട് തന്നെ ചിത്രത്തിലെ കഥാസന്ദര്‍ഭത്തെ കുറിച്ച് കൂടുതല്‍ ഒന്നും പറയുന്നില്ല. പക്ഷേ സിനിമയില്‍ കാണുന്ന അജയന്റെ ജീവിതത്തിലെ 90 ശതമാനം കാര്യങ്ങളും യഥാര്‍ത്ഥ ജീവിതത്തില്‍ നടന്നിട്ടുണ്ട് എന്നറിയുമ്പോഴാണ് അതിന്റെ ഒരു ഭീകരത മനസിലാവുക.

ടൊവിനോ എന്ന നടന്റെ ഡെഡിക്കേഷന്‍ സമ്മതിച്ചേ പറ്റു. ആക്ഷന്‍ രംഗങ്ങളിലും പൊലിസ് സ്റ്റേഷനിലെ ചോദ്യം ചെയ്യല്‍ സീനുകളും ഒരു രക്ഷയുമില്ല. ആദ്യ പകുതിയില്‍ അജയന്റെ ജീവിതവും കേസ് അന്വേഷണവുമെല്ലാം ആണെങ്കില്‍ രണ്ടാം പകുതിയില്‍ കൂടുതല്‍ ഭാഗങ്ങളും കോടതിയാണ് പശ്ചാത്തലമാകുന്നത്.

Also Read ഏതു നിമിഷവും ആരെ വേണമെങ്കിലും പ്രതി ചേര്‍ക്കപ്പെടാവുന്ന കാലത്തിന്റെ കഥയാണ് “ഒരു കുപ്രസിദ്ധ പയ്യന്‍” : മധുപാല്‍

എടുത്ത് പറയേണ്ട മറ്റൊരാള്‍ നിമിഷ സജയനാണ്. അഡ്വക്കേറ്റ് ഹന്ന എലിസബത്ത് എന്ന കഥാപാത്രത്തിനെ പ്രേക്ഷകര്‍ കൈയ്യടികളോടെയാണ് സ്വീകരിച്ചത്. അജയന്റെ കേസിന് ലീഗല്‍ എയിഡ് ആയി കോടതി നിര്‍ദ്ദേശിക്കുന്ന ഹന്നയുടെ ആദ്യ കേസ് കൂടിയാണിത്. അതിന്റെ ഭയവും പ്രശ്‌നങ്ങളും ഹന്നക്ക് ഉണ്ട്. അവസാന വാദത്തിന്റെ തലേദിവസം ഹന്നയുടെ മനസികാവസ്ഥ പ്രേക്ഷകന് എളുപ്പം മനസിലാവും അവള്‍ക്ക് എന്താണ് ചെയ്യേണ്ടത് എന്ന് പോലും മനസിലാവുന്നില്ല. ഒരു നിരപരാധിയുടെ ജീവന്‍ തന്റെ കൈയിലൂടെയാണ് പോകുന്നത് എന്ന് പേടിപ്പെടുത്തുന്ന ഉത്തരവാദിത്വം. തന്നെ മനസികമായി തളര്‍ത്താന്‍ ശ്രമിക്കുന്ന തന്റെ സത്യസന്ധതയെ പോലും ചോദ്യം ചെയ്യുന്ന സീനിയര്‍ വക്കീലിന്റെ മുന്നില്‍ തോറ്റു പോകുമോ എന്ന ഭയം ഇതെല്ലാം കൂടി അവളെ തളര്‍ത്തുന്നുണ്ട്.

ചുരുക്കി പറഞ്ഞാല്‍ ചിത്രത്തിന്റെ ആദ്യപകുതി ടൊവിനോയുടെതാണെങ്കില്‍ രണ്ടാം പകുതി നിമിഷ സജയന്റെതാണ്ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച ശരണ്യ അനു സിത്താര, ബാലു, സുജിത്ത് ശങ്കര്‍, സിദ്ദീഖ്, ദിലീഷ് പോത്തന്‍, അലന്‍സിയര്‍, നെടുമുടി വേണു, തുടങ്ങിയവരും തങ്ങളുടെ വേഷങ്ങള്‍ മികച്ചതാക്കി.

ആദ്യ ചിത്രമാണെങ്കിലും ജീവന്‍ ജോബ് തോമസിന്റെ തിരക്കഥ എടുത്ത് പറയേണ്ടതാണ്. നൗഷാദ് ഷെരീഫ് എന്ന ഛായാഗ്രാഹണവും സാജന്റെ എഡിറ്റിങ്ങും മികച്ചു നിന്നു. ആദ്യ പകുതിയിലെ ഇഴച്ചിലാണ് ചിത്രത്തിലെ പോരായ്മയായി പറയേണ്ടത്. ചിത്രത്തിലെ ശ്രീകുമാരന്‍ തമ്പി എഴുതി ഔസേപ്പച്ചന്‍ സംഗീതം നല്‍കിയ ഗാനങ്ങള്‍ മികച്ച അനുഭവമായി. അതില്‍ തന്നെ “വിരല്‍ തുമ്പും വിരല്‍ തുമ്പും ചുംബിക്കും നേരം” എന്ന ഗാനം തിയേറ്ററില്‍ നിന്ന് ഇറങ്ങിയപ്പോഴും മനസ്സില്‍ തങ്ങി നിന്നു.

ജാതിയെയും മതത്തിനെയുമടക്കം കൂട്ട് പിടിച്ച് നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ ദുരവസ്ഥ മധുപാല്‍ ചിത്രത്തില്‍ കാണിച്ചുതരുന്നുണ്ട്. കോടതി രംഗങ്ങളായാലും പൊലീസ് രംഗങ്ങളായാലും തികച്ചും യാഥാര്‍ത്ഥ്യ ബോധ്യത്തോടെയാണ് അദ്ദേഹം ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ചുരുക്കി പറഞ്ഞാല്‍ ഏറെ വെല്ലുവിളിയുള്ള ഒരു യഥാര്‍ത്ഥ കഥയുടെ നേര്‍ക്കാഴ്ചയാണ് ഒരു കുപ്രസിദ്ധ പയ്യന്‍ എന്ന സിനിമ.

അശ്വിന്‍ രാജ്

ഡൂള്‍ന്യൂസ് സീനിയര്‍ സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദവും ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more