ഏതു നിമിഷവും ആരെ വേണമെങ്കിലും പ്രതി ചേര്‍ക്കപ്പെടാവുന്ന കാലത്തിന്റെ കഥയാണ് 'ഒരു കുപ്രസിദ്ധ പയ്യന്‍' : മധുപാല്‍
Movie Day
ഏതു നിമിഷവും ആരെ വേണമെങ്കിലും പ്രതി ചേര്‍ക്കപ്പെടാവുന്ന കാലത്തിന്റെ കഥയാണ് 'ഒരു കുപ്രസിദ്ധ പയ്യന്‍' : മധുപാല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 6th November 2018, 6:42 pm

“ഏതു നിമിഷവും ആരെ വേണമെങ്കിലും പ്രതി ചേര്‍ക്കപ്പെടാം എന്ന സാഹചര്യത്തിലാണ് നാം ജീവിക്കുന്നത്. ഈ നിമിഷത്തിന്റെ ജീവിതകഥയാണ് ഞാന്‍ മതിലുകളില്ലാതെ തുറന്നു പറയാന്‍ ആഗ്രഹിക്കുന്നത്…”” ഒരു കുപ്രസിദ്ധ പയ്യന്‍ എന്ന പുതിയ സിനിമയെ കുറിച്ച് മധുപാല്‍ പറഞ്ഞു.

തലപ്പാവ്, ഒഴിമുറി എന്നീ ചിത്രങ്ങള്‍ക്കു  ശേഷം മധുപാല്‍ ഒരുക്കുന്ന സിനിമയാണ് ഒരു കുപ്രസിദ്ധ പയ്യന്‍. ടൊവിനോ തോമസ്, നിമിഷ സജയന്‍, അനു സിത്താര എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Also Read ഒരു വിരലില്‍ വിപ്ലവം കുറിക്കുന്ന “സര്‍ക്കാര്‍”

ചോദിക്കാനും പറയാനും ആരുമില്ലാത്തവര്‍ക്ക് അവര്‍ തെറ്റ് ചെയ്തില്ലെങ്കില്‍പോലും അവരെ തെറ്റുകാരനാണെന്ന് വിധിക്കാന്‍ ഒരുപാട് പേരുണ്ടാകും. അവന്‍ തെറ്റ് ചെയ്യുമെന്ന് മുന്‍വിധിയോടെ മുദ്രകുത്താനാണ് എല്ലാവര്‍ക്കും ഇഷ്ടം. എല്ലാവരും കള്ളനും പോലീസും കളിക്കുന്ന സമകാലീന ലോകത്തിന്റെ കഥയാണ് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നത്. ആര്‍ക്കും ആരെയും വിശ്വാസമില്ലാത്ത സമകാലീന ലോകത്തിന്റെ പശ്ചാത്തലത്തിലാണ് ഈ കഥ പറയുന്നത്. അത് പ്രേക്ഷകര്‍ സ്വീകരിക്കുമെന്ന് തന്നെയാണ് വിശ്വാസമെന്നും മധുപാല്‍ ഒരു പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

എന്നാല്‍ കുപ്രസിദ്ധ പയ്യന്‍ ഈ നിമിഷത്തിന്റെ കഥയാണ്. നമുക്ക് മുന്നിലുള്ള ഈ നിമിഷത്തില്‍ സത്യവും കള്ളവുമുണ്ട്. നമുക്ക് അറിയാത്ത ഒരുപാട് കാര്യങ്ങള്‍ നമുക്ക് മുന്നിലൂടെ കടന്നുപോകുന്നുണ്ട്. കഴിഞ്ഞ രണ്ട് സിനിമകളെക്കാള്‍ ഏറെ ജനകീയമായ ഒരു വിഷയമാണ് ഇത്തവണ പറയാന്‍ ശ്രമിക്കുന്നതെന്നും മധുപാല്‍ പറഞ്ഞു