| Saturday, 10th November 2018, 10:16 pm

ഒരു കുപ്രസിദ്ധ പയ്യന്‍- നിഷ്‌കളങ്കഥയിലെ നിസ്സഹായത

ശംഭു ദേവ്

മധുപാലിന്റെ ചിത്രങ്ങള്‍ എന്നും ശക്തമായ രാഷ്ട്രീയ വിളിച്ചു പറയുന്നതില്‍ മുന്‍പിട്ടു നില്‍ക്കുന്ന ചിത്രങ്ങളാണ്. തലപ്പാവും ഒഴുമുറിയെല്ലാം ഇന്നത്തെ കാലത്തും ചര്‍ച്ച ചെയ്യ പെടുന്നത് കാലികമായ വിഷയങ്ങള്‍ സാമൂഹ്യ ബോധവല്‍ക്കരണം മാത്രമാക്കാതെ ചരിത്രങ്ങള്‍ കഥകളില്‍ കോര്‍ത്തിണക്കി മധുപാല്‍ എന്ന സംവിധായകന്‍ കൈയ്യടക്കത്തോടെ പറഞ്ഞത് കൊണ്ടാണ്.

ടോവിനോ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി മധുപാല്‍ സംവിധാനം ചെയ്ത ചിത്രമാണ് “ഒരു കുപ്രസിദ്ധ പയ്യന്‍”, തന്റെ ചോദ്യങ്ങളാണ് തന്റെ സിനിമയെന്ന് മധുപാല്‍ അദ്ദേഹം നല്‍കിയ ഒരഭിമുഖത്തില്‍ പറയുകയുണ്ടായി, തന്റെ പുതിയ ചിത്രമായ കുപ്രസിദ്ധ പയ്യനിലും അടി പതറാതെ തന്റെ ചോദ്യങ്ങള്‍ മുന്‍പോട്ട് ഉന്നയിക്കുകയാണ് സംവിധായകന്‍. കോഴിക്കോട് മുന്‍പേ നടന്ന സുന്ദരിയമ്മ എന്ന ഇഡ്ഡലി വില്പനക്കാരിയുടെ കൊലപാതകത്തെ ആസ്പദത്തമാക്കിയാണ് ചിത്രം വികസിക്കുന്നത്.

നടന്ന സംഭവത്തെ തന്റേതായ ശൈലിയില്‍ മാറ്റം വരുത്തി സംവിധായകന്‍ ചോദ്യം ചെയ്യുന്നത് ഇവിടുത്തെ നിലവിലുള്ള ഭരണകൂട വ്യവസ്ഥകളെയും, കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ പിടിക്കുന്ന പോലിസ് നയങ്ങളെയും തന്നെയാണ്. ടോവിനോ തോമസ് അവതരിപ്പിക്കുന്ന കഥാപാത്രമായ അജയന്‍ അനാഥനാണ്, അയാള്‍ ചെയ്ത നല്ല കാര്യങ്ങളെക്കാള്‍ നാട്ടുകാര്‍ക്കിഷ്ടം അയാള്‍ക്ക് പറ്റിയ തെറ്റുകള്‍ പാടി നടക്കുവാനാണ്.

അനാഥനായ അജയനെ സ്വന്തം മകനെ പോലെ സ്‌നേഹിക്കുന്ന ചെമ്പകമ്മാള്‍ എന്ന സ്ത്രീയുടെ കൊലപാതകം തന്റെ തലയിലേക്ക് ചാര്‍ത്തപ്പെടുന്നനിടത്താണ് അയാളിലെ മനുഷ്യന്‍ തനിക്ക് ചുറ്റും മാറുന്ന മനുഷ്യരെ തിരിച്ചറിയുന്നത്, നിയമ വ്യവസ്ഥികളെ ഭയന്ന് തനിക്കെതിരെ തിരിഞ്ഞ മുഖങ്ങള്‍ അയാളുടെ ജീവിതത്തെ ഇരുട്ടിലാഴ്ത്തുന്നു.

അനാഥനായ അയാള്‍ക്ക് വേണ്ടി വാദിക്കുവാനോ വക്കാലത്ത് പറയുവാനോ മുന്തിയ വക്കിലന്മാരോ എത്തിയില്ല. അനാഥരായ ജന്മങ്ങളെ ജയിലില്‍ അടച്ചാല്‍ അവരുടെ നീതിക്ക് വേണ്ടി രംഗത്തിറങ്ങാന്‍ ആരുമുണ്ടാവില്ല, കേസുകള്‍ പെട്ടന്നു തന്നെ തീര്‍ക്കപ്പെടും, ഇത്തരം വ്യവസ്ഥികളെ അജയന്‍ എന്ന കഥാപാത്രത്തിലൂടെയും നിമിഷ സജയന്‍ അവതരിപ്പിക്കുന്ന വക്കീല്‍ വേഷമായ ഹെന്ന എലിസബത്തിലൂടെയും പ്രതിനിധീകരിക്കുന്നുണ്ട് സംവിധായകന്‍.

പതിഞ്ഞ താളത്തില്‍ പോകുന്ന ചിത്രം ഒരു മുഴു നീളം ത്രില്ലര്‍ അല്ല മറിച്ച് മെല്ലെ കത്തി പടരുന്ന ഒരു കുറ്റാന്വേഷണ ചിത്രമാണ്. കോടതിയില്‍ ജഡ്ജിയെ വിറപ്പിക്കുന്ന മുഴു നീളന്‍ സംഭാഷണങ്ങളിലല്ല മറിച്ച് യാഥാര്‍ഥ്യ കേന്ദ്രിതമായാണ് കോടതിയിലെ സീനുകള്‍ ചിത്രീകരിച്ചിരിക്കുന്നതെന്ന് അനുഭവപെട്ടു. തെളിവുകളാണ് പ്രധാനം കോടതിയില്‍, തര്‍ക്കിക്കുവാന്‍ തന്റെ പക്കലില്‍ എന്തുണ്ടെന്ന കണ്ടെത്തലുകളാണ് ചിത്രത്തിലെ രസച്ചരട്.

പ്രകടനത്തില്‍ ടോവിനോ തോമസ് എന്ന നടന്റെ പ്രകടനം തന്നെയാണ് എടുത്തു പറയേണ്ടതായി തോന്നിയത്, നിഷ്‌കളങ്കതയും നിസ്സഹായതയും നിറഞ്ഞ അജയനെ അദ്ദേഹത്തിനെ കരിയറിലെ മറ്റൊരു മികച്ച കഥാപാത്രമാണ്. നിമിഷ സജയന്റെ വക്കീല്‍ വേഷവും തൊണ്ടിമുതലിന് ശേഷം മറ്റൊരു വേറിട്ട കഥാപാത്രമാണ് കൈയ്യടക്കത്തോടെ നിമിഷ അത് കൈകാര്യം ചെയ്തിരിക്കുന്നു. അനു സിത്താര,നെടുമുടി വേണു, ശരണ്യ പൊന്‍വണ്ണന്‍(തമിഴ് നടി) , സിദ്ദിഖ്, അലന്‍സിയര്‍ ലോപ്പസ്, സുജിത്ത്(മഹേഷിന്റെ പ്രതികാരം),ദിലീഷ് പോത്തന്‍, മാള പാര്‍വതി, ശ്വേത മേനോന്‍ എന്നിവരെല്ലാം അവരുടെ വേഷങ്ങള്‍ മികച്ചതാക്കി.

ഈ കഥ പറയേണ്ട ശൈലിയില്‍ തന്നെ നൗഷാസ് ഷരീഫ് എന്ന ഛായഗ്രഹകന്‍ പറഞ്ഞിട്ടുണ്ട്.വൈക്കത്തേ നന്നായി തന്നെ അദ്ദേഹം ദൃശ്യവത്കരിച്ചിട്ടുണ്ട് ഔസേപ്പച്ചന്റെ സംഗീതവും സിനിമയുടെ സാഹഹര്യ സന്ദര്ഭങ്ങള്‍ക്കൊപ്പം ഒത്തുനിന്നു.

ചെയ്യാത്ത തെറ്റിന് ശിക്ഷിക്ക പെട്ട നായകന്‍ ശിക്ഷക്ക് ശേഷം തിരിച്ചു വന്നു പ്രതികാരം ചെയ്യുന്ന കഥയല്ല ഒരു കുപ്രസിദ്ധ പയ്യന്‍, മറിച്ച് ഒരു യുവാവിന്റെ നിസ്സഹായതയുടെ അതിജീവനമാണ്…

ശംഭു ദേവ്

Latest Stories

We use cookies to give you the best possible experience. Learn more