ഒരു ഇന്ത്യന്‍ പഴങ്കഥ
D-Review
ഒരു ഇന്ത്യന്‍ പഴങ്കഥ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 22nd December 2013, 1:10 pm

ഈ ചിത്രത്തിന് ഒരു ഇന്ത്യന്‍ പ്രണയ കഥയെന്ന് പേരിട്ടതിലെ ഔചിത്യം ഒരു നൂറു നൂറു വട്ടം ചോദ്യം ചെയ്യപ്പെടേണ്ടതാണ്. പ്രണയത്തെ ഇത്ര വാലും തുമ്പുമില്ലാതെ അവതരിപ്പിച്ച ഒരു മലയാള ചിത്രം അടുത്ത കാലത്തെങ്ങും തിയേറ്ററുകള്‍ കണ്ടു കാണില്ല. ചിത്രം പറയുന്ന പ്രണയങ്ങളില്‍ ഒന്നു പോലും പ്രേക്ഷകന്റെ മനസില്‍ കയറിപ്പറ്റാന്‍ തക്ക നിലവാരമുള്ളതുമല്ല.


മാറ്റിനി/ ഹൈറുന്നിസ

star rating 2

സിനിമ: ഒരു ഇന്ത്യന്‍ പ്രണയകഥ
സംവിധാനം: സത്യന്‍ അന്തിക്കാട്
രചന: ഇഖ്ബാല്‍ കുറ്റിപ്പുറം
അഭിനേതാക്കള്‍: ഫഹദ് ഫാസില്‍, അമല പോള്‍, ഇന്നസെന്റ്
സംഗീതം: വിദ്യാസാഗര്‍
ഛായാഗ്രഹണം: പ്രദീപ് നായര്‍

[]രാഷ്ട്രീയമെന്ന് പറഞ്ഞാല്‍ കോമാളിക്കളിയാണെന്ന് പ്രസ്താവിച്ചെടുക്കുന്ന, ലവലേശം പുതുമയില്ലാത്ത പ്രണയവുമായി ഒരു സ്ഥിരം അന്തിക്കാട് ചിത്രം തന്നെയാണ് “ഒരു ഇന്ത്യന്‍ പ്രണയ കഥ”യെന്ന് നിസ്സംശയം പറയാം.

കഥയും കഥാപാത്രങ്ങളും കഥാപരിസരവും അവതരണവും, എന്തിന് സാങ്കേതികതകളില്‍ പോലും തരി പുതുമ പുലര്‍ത്താത്ത സിനിമയെന്നും ഇന്ത്യന്‍ പ്രണയ കഥയെ വിശേഷിപ്പിക്കാം. ഇടക്ക് അറിഞ്ഞോ അറിയാതെയോ ഒരു ന്യൂജനറേഷന്‍ ടച്ച് മിന്നി മാഞ്ഞതൊഴിച്ചാല്‍ വ്യവസ്ഥാപിതമായ സിനിമാ കാഴ്ചപ്പാടുകളില്‍ ഒന്നിനെ പോലും ചിത്രം ഇളക്കുന്നില്ല.

വോട്ട് രാഷ്ട്രീയവും മരം ചുറ്റി പ്രണയവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയങ്ങള്‍. രാഷ്ട്രീയം പറയുന്നുവെന്ന് അവകാശപ്പെട്ടത് കൊണ്ട് തന്നെ വാണിജ്യ സിനിമയാണെന്ന ഔദാര്യത്തില്‍ വിചാരണക്കൂട്ടില്‍ നിന്ന് എളുപ്പത്തില്‍ രക്ഷപ്പെട്ട് പോകാനും ഇന്ത്യന്‍ പ്രണയ കഥക്ക് കഴിയില്ല.

തന്നെ ബാധിക്കാത്ത യാതൊരു കാര്യത്തിലും ഇടപെടാതെ ഒഴിഞ്ഞുമാറി നടക്കണമെന്ന മിഡില്‍ ക്ലാസ് പോളിസിക്കാരെ സുഖിപ്പിക്കലും, രാഷ്ട്രീയത്തോട് പൊതുവേ ഉള്ള അലര്‍ജിയെ ആക്കപ്പെടുത്തി കുടുംബ പ്രേക്ഷകരുടെ ഉള്ളം കവരലുമാണ് ചിത്രം പ്രധാനമായും ലക്ഷ്യമിട്ടിരിക്കുന്നതെന്ന് വ്യക്തം.

എന്നാല്‍ സത്യന്‍ അന്തിക്കാടിന്റെ തന്നെ “സന്ദേശ”വും “വരവേല്‍പും” മുന്നോട്ടു വെക്കുന്നത് പോലെ അരാഷ്ട്രീയ ചിന്തകളിലല്ല പകരം വിഡ്ഢിത്തമെങ്കിലും ഒരു രാഷ്ട്രീയ കല്‍പനയില്‍ തന്നെയാണ് ചിത്രം ചെന്നവസാനിക്കുന്നത് എന്നത് മാത്രമാണ് ഇന്ത്യന്‍ പ്രണയ കഥയുടെ ഒരു ഗുണം.

fahad-indian-pranayakadhaഈ ചിത്രത്തിന് ഒരു ഇന്ത്യന്‍ പ്രണയ കഥയെന്ന് പേരിട്ടതിലെ ഔചിത്യം ഒരു നൂറു നൂറു വട്ടം ചോദ്യം ചെയ്യപ്പെടേണ്ടതാണ്. പ്രണയത്തെ ഇത്ര വാലും തുമ്പുമില്ലാതെ അവതരിപ്പിച്ച ഒരു മലയാള ചിത്രം അടുത്ത കാലത്തെങ്ങും തിയേറ്ററുകള്‍ കണ്ടു കാണില്ല. ചിത്രം പറയുന്ന പ്രണയങ്ങളില്‍ ഒന്നു പോലും പ്രേക്ഷകന്റെ മനസില്‍ കയറിപ്പറ്റാന്‍ തക്ക നിലവാരമുള്ളതുമല്ല.

നായകനായ അയ്മനം സിദ്ധാര്‍ത്ഥനെന്ന (ഫഹദ് ഫാസില്‍) യുവനേതാവ് സര്‍വ കപടതയുടേയും ഒറ്റ മുഖമാണ്. അല്‍പം പോലും ആത്മാര്‍ത്ഥതയില്ലാത്ത, പച്ചച്ചിരി എന്നൊക്കെ പറയാവുന്ന തരത്തില്‍ ഒരു ചിരിയുമായാണ് നായകന്‍ മുഴുവന്‍ സമയവും മറ്റുള്ളവരോട് ഇടപഴകുന്നത്.

അയാള്‍ക്ക് മാതൃകയാവേണ്ട മുതിര്‍ന്ന നേതാവായ ഉതുപ്പ് വള്ളിക്കാടനും (ഇന്നസെന്റ്) ഒന്നാന്തരം കള്ളനാണ്. അങ്ങനെ രാഷ്ട്രീയ പ്രവര്‍ത്തകരൊക്കെ കള്ളന്മാരും കപടന്മാരുമാണെന്നും രാഷ്ട്രീയം തന്നെ ആളെപ്പറ്റിക്കലാണെന്നും സിനിമ പറയുന്നു.

നാഴികക്ക് നാല്‍പതു വട്ടം ആദര്‍ശവാദിയെന്ന് സ്വയം പ്രഖ്യാപിക്കുമ്പോഴും കൈക്കൂലി വാങ്ങാനും അഴിമതി നടത്താനും നായകന്‍ ഒട്ടും മടി കാണിക്കുന്നില്ല.

നായകന് കൈക്കൂലി കൊടുത്ത് കാര്യം സാധിക്കുന്ന മിടുക്കിയായ ഒരു വീട്ടമ്മയെ ചിത്രത്തില്‍ കാണിക്കുന്നുണ്ട്. വേണമെങ്കില്‍ നിങ്ങള്‍ക്കും മാതൃകയാക്കാമെന്ന രീതിയിലാണ് അവരെ അവതരിപ്പിച്ചിരിക്കുന്നത്.

കൈക്കൂലി കൊടുക്കലും വാങ്ങലും സ്വാധീനം ചെലുത്തലുമൊക്കെ സാധാരണക്കാരുടെ ജീവിതത്തില്‍ നിന്ന് ഒഴിച്ച് കൂടാനാ വാത്തതാണെന്നാണ് ചിത്രം പലപ്പോഴായി പറഞ്ഞുവെക്കുന്നത്.

കൈക്കൂലി കൊടുക്കലും വാങ്ങലും സ്വാധീനം ചെലുത്തലുമൊക്കെ സാധാരണക്കാരുടെ ജീവിതത്തില്‍ നിന്ന് ഒഴിച്ച് കൂടാനാവാത്തതാണെന്നാണ് ചിത്രം പലപ്പോഴായി പറഞ്ഞുവെക്കുന്നത്.

തിരഞ്ഞെടുപ്പിന് മത്സരിക്കലും എം.എല്‍.എ ആകലുമാണ് നായകന്റെ ലക്ഷ്യം. എന്നാല്‍ അത് നടക്കാതിരിക്കുന്നതോടെ അയാള്‍ക്ക് പാര്‍ട്ടി പ്രവര്‍ത്തനത്തോടുള്ള ആത്മാര്‍ത്ഥത നഷ്ടപ്പെടുന്നു. “പാര്‍ട്ടിക്ക്” വേണ്ടി രാപ്പകലില്ലാതെ കഷ്ടപ്പെടുന്ന അണികള്‍ക്ക് ഒരിക്കലും ഭരണ നിരയിലേക്ക് എത്തിപ്പെടാന്‍ കഴിയില്ലെന്ന “ഭയങ്കര” സത്യത്തേയും അത് “പൊളിച്ചു” കാണിക്കുന്നു.

തനിക്ക് വേണ്ടി മാത്രം നില നില്‍ക്കുമ്പോഴും മറ്റുള്ളവരുടെ പൊള്ളത്തരങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതില്‍ നായകന്‍ അതിവ ശ്രദ്ധാലുവാണ്. തനിക്ക് പകരം മത്സരിക്കാനെത്തുന്ന വനിതാ സ്ഥാനാര്‍ത്ഥിയുടെ കപടതകളെയെല്ലാം നായകന്‍ ധീരമായി പരിഹസിക്കുന്നുണ്ട്. എന്നാല്‍ താന്‍ തിരുത്തപ്പെടേണ്ടയാളാണെന്ന് അയാള്‍ തിരിച്ചറിയുന്നതേയില്ല. രാഷ്ട്രീയക്കാര്‍ ഉന്നത വിദ്യാഭ്യാസം നേടിയ ആളുകള്‍ ആയിരിക്കണമെന്ന നായികയുടെ അപ്പര്‍ ക്ലാസ് നിര്‍ദേശമനുസരിച്ച് പഠനം തുടരുന്നുവെന്നതല്ലാതെ മറ്റൊരു മാറ്റവും ഇയാള്‍ തന്റെ ജീവിതത്തില്‍ വരുത്തുന്നില്ല.

ഈ ദൃശ്യങ്ങള്‍ നിങ്ങളെ വഴിതെറ്റിക്കും…
അടുത്ത പേജില്‍ തുടരുന്നു

 


മലയാള സിനിമയില്‍ നായികമാര്‍ക്ക് ഇപ്പോഴും “കാരക്ടര്‍ റോളുകള്‍” ലഭിക്കുന്നില്ലെന്ന് ഇന്ത്യന്‍ പ്രണയ കഥയും ഓര്‍മ്മപ്പെടുത്തുന്നു. നായികയായ അമല പോള്‍ ഈ ചിത്രത്തില്‍ ഉപയോഗിക്കുന്ന ഒരൊറ്റ വേഷം പോലും സെക്‌സിയല്ലാത്തതായിട്ടില്ല. വസ്ത്രധാരണം വ്യക്തി സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ പെടുത്തുമ്പോഴും അത് സ്ത്രീ വിരുദ്ധമാകുന്നുവെന്ന അപകടം ഒട്ടു മിക്ക സിനിമകളിലേയും പോലെ ഇവിടെയും ആവര്‍ത്തിക്കപ്പെട്ടിരിക്കുന്നു.


oru-indian-pranayakadha

വിദ്യാഭ്യാസം നേടുന്നതിലൂടെ രാഷ്ട്രീയക്കാര്‍ക്ക് എളുപ്പത്തില്‍ നാട് നന്നാക്കാമെന്ന വികലമായ ചിന്തയെ വളരെ പുരോഗമനപരമായ ഒരു കണ്ടെത്തലെന്ന മട്ടിലാണ് സിനിമ സമീപിക്കുന്നത്. രാഷ്ട്രീയക്കാര്‍ ഇടക്കെങ്കിലും ഗാന്ധിജിയെ സ്മരിക്കുന്നത് നന്നാവുമെന്നാണ് ഒടുക്കം സിനിമ നല്‍കുന്ന ഗുണപാഠം.

സത്യന്‍ അന്തിക്കാട് ചിത്രങ്ങളുടെ സ്ഥിരം പ്രത്യേകതകളായ ഗ്രാമീണ സൗന്ദര്യം നിറഞ്ഞു നില്‍ക്കുന്ന സീനുകളും തനിമയുള്ള തമാശകളും ഏറെയൊന്നും ഇന്ത്യന്‍ പ്രണയ കഥയിലില്ല. എങ്കിലും ആദ്യ പകുതിയില്‍ ചിത്രം പ്രേക്ഷകരെ അല്‍പമൊന്ന് ചിരിപ്പിക്കുന്നുണ്ട്. രണ്ടാം പകുതിയില്‍ കഥ അതിന്റെ ഗൗരവമേറിയ ഭാഗങ്ങളിലേക്ക് നീങ്ങുന്നു.

ഫഹദ് ഫാസില്‍ മികച്ച പ്രകടനമാണ് ചിത്രത്തില്‍ കാഴ്ച വച്ചിരിക്കുന്നത്. ഫഹദിനൊഴികെ മറ്റാര്‍ക്കും ചിത്രത്തില്‍ അഭിനയ സാധ്യതയുമില്ലാതെ പോയി എന്നതാണ് ചിത്രത്തിന്റെ മറ്റൊരു കുറവ്.

ക്ലൈമാക്‌സ് ആയപ്പോഴേക്കും ഇന്ത്യന്‍ പ്രണയ കഥയുടെ തിരക്കഥ പാറിപ്പോയെന്നും പിന്നീട് സെറ്റിലിരുന്ന് എല്ലാവരും കൂടി അപ്പോള്‍ തീരുമാനിച്ച് ഷൂട്ട് ചെയ്തതാണെന്നും തോന്നിക്കുന്ന രീതിയിലാണ് സിനിമ കൊണ്ടു പോയി അവസാനിപ്പിച്ചിരിക്കുന്നതും.

ചിത്രത്തിലെ പല കൂട്ടുകളും വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഔട്ട് ഡേറ്റഡ് ആയവയാണ്. ഉദാഹരണത്തിന് പാര്‍ട്ടിയിലെ മുതിര്‍ന്ന തോവിന്റെ മരണത്തിന് വേണ്ടി കാത്തു നില്‍ക്കുന്നതും അദ്ദേഹത്തിന്റെ മരണാനന്തരം ഗദ്ഗദത്തോടെ അനുശോചനം രേഖപ്പെടുത്തുന്നതുമെല്ലാം വളരെ പഴകിയ നമ്പറുകളാണെന്ന് സംവിധായകന്‍ ഓര്‍ക്കേണ്ടിയിരുന്നു.

മലയാളി വേരുകളുള്ള, എന്നാല്‍ മലയാളിയല്ലാത്ത നായികയും അവളുടെ അനാഥത്വവും നായകന്റെ സാന്ത്വനവും അച്ഛനമ്മമാരെ അന്വേഷിച്ചുള്ള നടപ്പും തൊണ്ണൂറുകളില്‍ എത്രയോ സിനിമകളില്‍ വന്നു പോയ ഉണ്ടാക്കിക്കഥകളാണ്.

മലയാള സിനിമയില്‍ നായികമാര്‍ക്ക് ഇപ്പോഴും “കാരക്ടര്‍ റോളുകള്‍” ലഭിക്കുന്നില്ലെന്ന് ഇന്ത്യന്‍ പ്രണയ കഥയും ഓര്‍മ്മപ്പെടുത്തുന്നു. നായികയായ അമല പോള്‍ ഈ ചിത്രത്തില്‍ ഉപയോഗിക്കുന്ന ഒരൊറ്റ വേഷം പോലും സെക്‌സിയല്ലാത്തതായിട്ടില്ല. വസ്ത്രധാരണം വ്യക്തി സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ പെടുത്തുമ്പോഴും അത് സ്ത്രീ വിരുദ്ധമാകുന്നുവെന്ന അപകടം ഒട്ടു മിക്ക സിനിമകളിലേയും പോലെ ഇവിടെയും ആവര്‍ത്തിക്കപ്പെട്ടിരിക്കുന്നു.

ഇന്ത്യക്ക് പുറത്ത് ജനിച്ച് വളര്‍ന്നവര്‍ “ആത്മാവിനെ കയറൂരി വിട്ട പോലെ” ജീവിക്കുന്നവരാണെന്നാണ് നായകന്റെ സങ്കല്‍പം. അങ്ങനെയാണെങ്കില്‍ താന്‍ ഏതു “സഹായത്തിനും” സന്നദ്ധനാണെന്ന് അയാള്‍ പറയുമ്പോള്‍ ഒരു പൊട്ടിച്ചിരിയിലധികം മറ്റൊന്നും പ്രേക്ഷകനും ചിന്തിക്കുന്നില്ല. എന്നാല്‍ വേഷത്തില്‍ മോഡേണ്‍ ആയാലും “സദാചാരത്തിന്റെ” കാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറാവാത്ത തനി മലയാളി നായികയാണ് ഇന്ത്യന്‍ പ്രണയ കഥയിലുമുള്ളത്.

ഡേറ്റിങ്ങും മദ്യപാനവുമെല്ലാം മനുഷ്യരാശിയെ ഒന്നടങ്കം വിഴുങ്ങിക്കളയുമെന്നാണ് നായിക കഥാപാത്രത്തിന്റെ ഇത്തരം സാംസ്‌കാരിക അസ്വസ്ഥതകള്‍ കണ്ടാല്‍ തോന്നുക. എന്നാല്‍ ഇടക്ക് ഒന്ന് ന്യൂജനറേഷനാവാനും സത്യന്‍ അന്തിക്കാട് ഒരു ശ്രമം നടത്തിയെന്ന് പറയാം.

ബസില്‍ ഒരേ സീറ്റിലിരുന്ന യാത്ര ചെയ്യവേ നായിക അടുത്ത് പെരുമാറുമ്പോള്‍ ശാരീരിക നിയന്ത്രണം വിട്ട നായകന്‍ കാണിച്ചു കൂട്ടുന്ന പരിഭ്രമങ്ങള്‍ സാധാരണ ഗതിയില്‍ ഇത്തരം കുടുംബ ടിക്കറ്റുകള്‍ക്ക് വേണ്ടി പടമെടുക്കുന്നവര്‍ ചെയ്യുന്ന ചെയ്ത്തല്ല.

amala-paulനായികയുടെ അന്വേഷണം  പോകുന്ന ഫഌഷ്ബാക്ക് കഥകളും അതിലെ കഥാപാത്രങ്ങളുമെല്ലാം അല്‍പം നാടകീയത പുലര്‍ത്തുന്നു. അനാഥത്വത്തെ ഇത്ര മേല്‍ സഹതാപമര്‍ഹിക്കുന്ന ഒന്നാക്കി മാറ്റുന്നതിനോടും പലപ്പോഴും യോജിക്കാനാവില്ല.

അവസാനം  കാഴ്ചയുടെ വൈവിദ്ധ്യത്തിന് വേണ്ടി മനപ്പൂര്‍വ്വം സിനിമ കാഴ്ചക്കാരനെ കഴുത്തിന് പിടിച്ച് വലിച്ച് രാജസ്ഥാന്‍ വരെ കൊണ്ടു പോകുന്നുണ്ട്. ഇന്ത്യന്‍ പ്രണയ കഥയിലെ കാണാന്‍ കൊള്ളാവുന്ന ഷോട്ടുകള്‍ മുഴുവന്‍ ആ രാജസ്ഥാന്‍ പാലായനത്തിലാണെന്ന് പറയാം.

ചിത്രത്തില്‍ കാണിച്ചിരിക്കുന്ന ആയുര്‍വേദ ആശുപത്രിയാണ് വിമര്‍ശിക്കപ്പെടേണ്ട മറ്റൊരു പോയിന്റ്. പഥ്യം തെറ്റാതെ പാലിച്ചു പോന്നാല്‍ ആയുര്‍വേദത്തില്‍ ഫല പ്രാപ്തിയുണ്ടാവുമെന്നത് പണ്ടു മുതല്‍ക്ക് തന്നെ ഉള്ള അറിവാണ്. എന്നാല്‍ റിസോര്‍ട്ടുകളുടെ രൂപത്തില്‍ അവയെ മാറ്റി ബിസിനസാക്കുന്ന പുതിയ ആയുര്‍വേദ വൈദ്യ രീതിയെ സിനിമ വളരെ പോസിറ്റീവായാണ് കാണിച്ചിരിക്കുന്നത്.

ചിട്ടവട്ടം എന്ന് പറഞ്ഞാല്‍ അനാവശ്യമായി ദേഷ്യപ്പെട്ട് നടക്കലും, യൂണിഫോം ധരിപ്പിച്ച തൊഴിലാളികളെ കൊണ്ട് രോഗികളെ ശുശ്രൂഷിപ്പിക്കലുമൊക്കെയാണെന്നാണ് ഇന്ത്യന്‍ പ്രണയകഥയിലെ ആയുര്‍വേദ ഡോക്ടര്‍ പറയുന്നത്.

അത്ര ബോറടിപ്പിക്കാതെ തുടങ്ങി പതിയെ നിലവാരത്തകര്‍ച്ചയിലേക്ക് നീങ്ങി പിന്നെ ഒരു പഴങ്കഥയുടെ വിരസതയിലേക്ക് പ്രേക്ഷകനെ കൊണ്ടെത്തിക്കുകയാണ് ചിത്രം. ക്ലൈമാക്‌സ് ആയപ്പോഴേക്കും ഇന്ത്യന്‍ പ്രണയ കഥയുടെ തിരക്കഥ പാറിപ്പോയെന്നും പിന്നീട് സെറ്റിലിരുന്ന് എല്ലാവരും കൂടി അപ്പോള്‍ തീരുമാനിച്ച് ഷൂട്ട് ചെയ്തതാണെന്നും തോന്നിക്കുന്ന രീതിയിലാണ് സിനിമ കൊണ്ടു പോയി അവസാനിപ്പിച്ചിരിക്കുന്നതും.

എന്തായാലും ഇങ്ങനെയൊരു ഇന്ത്യന്‍ പഴങ്കഥ ചെറു പരീക്ഷണങ്ങളുടെ ഈ കാലത്ത് കൊണ്ടുവരാന്‍ സംവിധായകന്‍ കാണിച്ച ചങ്കൂറ്റത്തിനും ധൈര്യത്തിനും മാത്രം കണ്ണടച്ച് നൂറില്‍ നൂറ് മാര്‍ക്ക് കൊടുക്കാം.