| Sunday, 3rd March 2024, 4:00 pm

ഭാരതം എന്ന പേര് ചിലയാളുകളുടെ മാത്രം സ്വന്തമാണെന്ന് പറയാതെ പറയുകയാണ് സെന്‍സര്‍ ബോര്‍ഡ്: പേരുമാറ്റല്‍ വിവാദത്തില്‍ ഒരു ഭാരത സര്‍ക്കാര്‍ ഉത്പന്നത്തിന്റെ അണിയറപ്രവര്‍ത്തകര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നവാഗതനായ ടി.വി. രഞ്ജിത് സംവിധാനം ചെയ്ത ഒരു ഭാരത സര്‍ക്കാര്‍ ഉത്പന്നം എന്ന സിനിമയുടെ പേര് മാറ്റണമെന്ന് അണിയറപ്രവര്‍ത്തകരോട് കഴിഞ്ഞ ദിവസം സെന്‍സര്‍ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ പ്രതികരണവുമായി വന്നിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍. ചിത്രത്തിന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്ത്, സിനിമയിറങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇത്തരത്തില്‍ ഒരു പ്രശ്‌നം വന്നത് വലിയ തിരിച്ചടിയാണ്. കേന്ദ്ര സര്‍ക്കാരിനെതിരായിട്ടുള്ള ഒന്നും സിനിമയില്‍ ഇല്ലെന്നും എന്തുകൊണ്ടാണ് സെന്‍സര്‍ ബോര്‍ഡ് ഇത്തരത്തിലൊരു നിര്‍ദേശം തന്നതെന്ന് അറിയില്ലെന്നും അണിയറപ്രവര്‍ത്തകര്‍ പ്രതികരിച്ചു.

‘മുപ്പതിനായിരത്തോളം പോസ്റ്ററുകള്‍ ഈ സിനിമക്ക് വേണ്ടി തയാറാക്കിയിട്ടുണ്ട്. അത്രയും പോസ്റ്റര്‍ ഇനി വീണ്ടും തയാറാക്കുക എന്ന് പറഞ്ഞാല്‍ അത് ഞങ്ങളെ സംബന്ധിച്ച് വലിയ ചെലവാണ്. റിവൈസിങ് കമ്മിറ്റിയുടെ മുന്നിലേക്ക് പോയാല്‍ 20 മുതല്‍ 40 ദിവസം വരെയെടുക്കും. അത്രയും കാത്തുനില്‍ക്കാന്‍ ഞങ്ങള്‍ക്ക് പറ്റില്ല. കാരണം ഇനി അടുത്ത മാസം വമ്പന്‍ സിനിമകള്‍ റിലീസാകുന്നുണ്ട്. അതിനിടയിലേക്ക് ഈ ചെറിയ സിനിമയും കൊണ്ടുചെല്ലാന്‍ പറ്റില്ല. ഈ നിര്‍ദേശത്തിനോട് പ്രതിഷേധമുണ്ടെങ്കിലും അത് അംഗീകരിക്കേണ്ട അവസ്ഥയിലാണ് ഞങ്ങള്‍.

കോണ്‍ട്രവേഴ്‌സ്യലായ കണ്ടന്റുകള്‍ ഇവിടെ ഒരുപാട് ഉണ്ടാകാറുണ്ട്. കേരളാ സ്റ്റോറി എന്ന പ്രൊപ്പഗണ്ട സിനിമക്ക് ഇവിടെ സെന്‍സറിങ് കൊടുത്തു. ഉള്ളടക്കം പ്രശ്‌നമായിട്ടും അതിന് സെന്‍സറിങ് കൊടുത്ത സെന്‍സര്‍ ബോര്‍ഡ്, ഉള്ളടക്കത്തില്‍ യാതൊരു പ്രശ്‌നവുമില്ലാത്ത ഈ സിനിമയോട് ഇങ്ങനെയൊരു സമീപനം കൈക്കൊണ്ടത് മോശമാണ്. അതായത് ഭാരതമെന്ന പേര് ചില പ്രത്യേക ആളുകള്‍ മാത്രം ഉപയോഗിച്ചാല്‍ മതിയെന്ന് ഇവര്‍ പറയാതെ പറയുകയാണ്.

‘ഒരു ഇന്ത്യന്‍ സര്‍ക്കാര്‍ ഉത്പന്നം എന്ന് ഈ സിനിമക്ക് പേര് നല്‍കിയിരുന്നെങ്കില്‍ ഒരുപക്ഷേ ഈ സിനിമക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് കിട്ടിയേനെ. ചിലയളുകളുടെ താത്പര്യം സിസ്റ്റത്തിന്റെ താത്പര്യമാക്കിക്കൊണ്ട്, ഞങ്ങളുടെ ഈ കൊച്ചു സിനിമയെ ഉപദ്രവിക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ നടപടിക്ക് പിന്നിലുള്ളത്. രാജാവിനെക്കാള്‍ വലിയ രാജ്യഭക്തിയാണ് ഇവിടെ സെന്‍സര്‍ ബോര്‍ഡിന്. ചില പേരുകള്‍, ചില സ്ഥലങ്ങള്‍, ചില ബിംബങ്ങള്‍, ചില നിറങ്ങള്‍ ഇതൊക്കെ ഞങ്ങളുടേതാണ്. അതില്‍ മറ്റാര്‍ക്കും അവകാശമില്ല എന്നാണ് ഇത്തരം നടപടികളുടെ അര്‍ത്ഥം’ അണിയറപ്രവര്‍ത്തകര്‍ പ്രതികരിച്ചു.

Content Highlight: Oru Bharatha Sarkar Ulpannam crew members reacts to the suggestion of Censor board

We use cookies to give you the best possible experience. Learn more