“”സിനിമ നല്ലതാണെങ്കില്‍, പുതുമ ഉള്ളതാണെങ്കില്‍ എന്ത് ഡീഗ്രേഡ് ചെയ്താലും വിജയിക്കും. ചങ്ക്‌സിനെ ഒരുപാട് ഡീഗ്രേഡ് ചെയ്തതാണ്. അത് പലരീതിയിലായിരുന്നു. എന്നാല്‍ ആ സിനിമയില്‍ പുതുമ ഉള്ളതിനാല്‍ വിജയിച്ചു. അത്തരത്തിലൊരു പുതുമ അഡാര്‍ ലൗവിലുണ്ട്””…..
അഡാര്‍ ലൗവിന്റെ പ്രെമോഷനുമായി ബന്ധപ്പെട്ട് ഒരു അഭിമുഖത്തില്‍ ഒമര്‍ ലുലു പറഞ്ഞ വാക്കുകളാണിത്. എന്ത് പുതുമയാണ് അദ്ദേഹം ഉദ്ദേശിച്ചത് എന്ന് എനിക്ക് മനസിലായിട്ടില്ല. എനിക്കും അതേ പറയാനുള്ളു പടം നല്ലതാണെങ്കില്‍ തിയേറ്ററില്‍ ജയിക്കും.
“”വളരെ പുതുമയുള്ള ഒരു സ്‌ക്കൂളില്‍ പ്ലസ് വണ്ണിന് പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ കഥ “പുതുമയുള്ള” വാട്‌സാപ്പ് ചളികളും, സ്ത്രീവിരുദ്ധതയും , ദ്വയാര്‍ത്ഥപ്രയോഗവും , കുറെ പാട്ടുകളും കുത്തിനിറച്ച പുതുമയുള്ള സിനിമയാണ് ഒരു അഡാര്‍ ലൗ””.
തന്റെ മുന്‍ ചിത്രത്തില്‍ നിന്ന് വ്യത്യസ്ഥമായി സ്ത്രീ വിരുദ്ധതയും ദ്വയാര്‍ത്ഥ പ്രയോഗവും ഒമര്‍ കുറച്ച് കുറച്ചിട്ടുണ്ട് എന്നത് തന്നെയാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പുതുമ.
മലയാളത്തില്‍ കോടികള്‍ മുടക്കി ചെയ്യുന്ന സിനിമകള്‍ക്ക് പോലും ലഭിക്കാത്ത ഹൈപ്പും പ്രെമോഷനും സിനിമാവിപണിയില്‍ തുറന്നു കിട്ടിയ ചിത്രമാണ് അഡാര്‍ ലൗ. എന്നാല്‍ അത് ഒമര്‍ ലുലുവിന് ഉപയോഗിക്കാന്‍ ഒരു തരത്തിലും കഴിഞ്ഞിട്ടില്ല. അകെയുണ്ടായ ഒരു മാറ്റം. മാണിക്യമലരായ പൂവി എന്ന ഗാനത്തിലൂടെ ഹൈപ്പ് കിട്ടിയ റോഷന്റെയും പ്രിയാ വാര്യരുടെയും കൂറെയധികം സീനുകളും പാട്ടുകളും അധികമായി ഒമറിന് കുത്തി നിറയ്ക്കാന്‍ കഴിഞ്ഞു എന്നതാണ്.
മുമ്പ് പറഞ്ഞ പോലെ പ്ലസ് വണ്‍ ക്ലാസിന്റെ ആദ്യ ദിനത്തില്‍ തുടങ്ങി പ്ലസ് ടു ക്ലാസിന്റെ അവസാന ദിവസം കഴിയുന്ന ഒരു സിനിമയാണ് അഡാര്‍ ലൗ. പുതുമുങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയ ചിത്രത്തില്‍ സോഷ്യല്‍ മീഡിയ ഐക്കണുകളായ റോഷന്‍, പ്രിയാവാര്യര്‍ എന്നിവര്‍ക്ക് പുറമേ നൂറിന്‍ ഷെറിന്‍, ബാലതാരമായിരുന്ന അരുണ്‍, സിയാദ് ഷാജഹാന്‍, സുരജ്, ഷഹിദ് കുക്കു തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നത്.
സ്വാഭാവികമായി നമ്മുടെ കഥാനായകനായ റോഷന് തന്റെ ക്ലാസില്‍ പഠിക്കുന്ന പ്രിയയോട് പ്രണയം തോന്നി. ക്ലാസിലുള്ള പലര്‍ക്കും പലരോടും പ്രണയം തോന്നുണ്ടെങ്കിലും വിജയിക്കുന്നത് നായകന്റെ പ്രണയം തന്നെയായിരിക്കുമല്ലോ. ചിത്രത്തിലെ കഥയിലെക്കൊന്നും കടക്കുന്നില്ല.
വാട്‌സാപ്പിലും ഫേസ്ബുക്കിലും അത്യാവാശ്യം ആക്ടീവ് ആയ ഒരാള്‍ക്ക് ചിരിക്കണോ കരയണോ എന്നറിയാത്ത തരത്തിലാണ് ചിത്രത്തിലെ പല കോമഡികളും. തള്ളുകാരനായ; ഒഴിവ് സമയത്തും കയറിവരുന്ന കണക്കുമാഷും, പിള്ളാരേ സപ്പോര്‍ട്ട് ചെയ്യുന്ന പി.ടി സാറും, പാഠഭാഗം വിട്ടുകളയുന്ന ബയോളജി ടീച്ചറുമൊക്കെയായി “വളരെ പുതുമ”യുള്ള കോമഡികളാണ് ചിത്രത്തില്‍. അതിലേക്ക് ഇടയ്ക്ക് ഇടയ്ക്ക് കുറച്ച് ദ്വയാര്‍ത്ഥവും വര്‍ണ വിവേചനവും റേപ്പ് ജോക്കും കൂടി കൊണ്ട് വരുന്നതോടെ “പുതുമ” ഒന്നുകൂടെ വര്‍ധിച്ചു.
സ്‌പോയിലര്‍ എന്ന് പറയാന്‍ പോലും കഥയില്ലായ്മയാണ് ചിത്രത്തിന്റെ ആദ്യ പകുതി. ഒരു ഷോര്‍ട്ട് ഫിലിം ആക്കാവുന്ന കഥ ഒരു ആറ് ഏഴ് പാട്ട് കുത്തി നിറച്ച് രണ്ടര മണിക്കൂര്‍ ആക്കാന്‍ സംവിധായകന്‍ നന്നായി ബുദ്ധിമുട്ടിയിട്ടുണ്ടാകും.
സോഷ്യല്‍ മീഡിയയില്‍ വളരെയധികം ആക്ടീവായ ഒരാളാണ് ചിത്രത്തിലെ സംവിധായകനും തിരക്കഥാകൃത്തുക്കളുമെന്ന് നിസംശ്ശയം പറയാം. അത് കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ ഹിറ്റായ “മോഹന്‍ലാല്‍” മുതല്‍ “കലാഭവന്‍ മണി”വരെയും കണക്ക് മാഷിന്റെ തള്ളല്‍ മുതല്‍ ടീച്ചറെ ലൈനടിക്കുന്നതും “റേസിസം” മുതല്‍ “റേപ്പ് ജോക്ക്” വരെയും നിങ്ങളുടെ ചിത്രത്തില്‍ വരുന്നത്. സാരംഗ് ജയപ്രകാശും, ലിജോ പനഡാനുമാണ് സംവിധായകന്റെ കഥയ്ക്ക് തിരക്കഥ രചിച്ചിരിക്കുന്നത്.
ആദ്യ ചിത്രം എന്ന പോരായ്മകള്‍ മാറ്റി നിര്‍ത്തിയാല്‍ അഭിനേതാക്കള്‍ എല്ലാം തന്നെ തങ്ങളുടെ റോളുകള്‍ നന്നാക്കിയിട്ടുണ്ട്. നൂറിന്‍ ഷെറിന്റെ അഭിനയം കൈയ്യടി അര്‍ഹിക്കുന്നതാണ്. ചിത്രത്തില്‍ സിദ്ധിഖിന്റെയും ശ്രീജിത് രവിയുടെയും കോമഡിയും കൈയ്യടി അര്‍ഹിക്കുന്നതാണ്. ഹരീഷ് കണാരന്‍ താങ്കള്‍ മാറിയില്ലെങ്കില്‍ അത് നിങ്ങളെ തന്നെയാണ് കൂടുതല്‍ ബാധിക്കുക, അത്രമാത്രം പറയുന്നു.
ചിത്രത്തിലെ ഗാനങ്ങള്‍ മുമ്പ് തന്നെ ചര്‍ച്ചയായതാണ്. സോഷ്യല്‍ മീഡിയയില്‍ വന്ന ഡിസ്‌ലൈക്ക് ക്യാംപെയ്‌നുകള്‍ താണ്ടിയാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. എന്നത് ശരിയാണ്. എന്നാല്‍ ആ ഡിസ്‌ലൈക്ക് നടത്തിയത് ദിലീഷ് പോത്തന്റെയും ആഷിഖ് അബുവിന്റെയും ലിജോ ജോസ് പല്ലിശ്ശേരിയുടെയും സിനിമകള്‍ കണ്ടവരാണെന്ന തരത്തിലുള്ള ഒരു കോമഡി രംഗമുണ്ട് ചിത്രത്തില്‍ അതിനെ കുറിച്ചൊക്കെ എന്ത് പറയാന്‍.
എന്നാലും ഒന്ന് ചോദിക്കട്ടെ സ്ത്രീവിരുദ്ധത ആഘോഷമാക്കുന്ന ഒരു സമൂഹത്തില്‍ സ്ത്രീകളെ വീണ്ടും വീണ്ടും അപമാനിക്കുന്ന ഒരിടത്ത് നിങ്ങളുടെ സിനിമ തരുന്നത് എന്താണ് ?
ഡിസ്‌ലൈക്കിനോടും ഹേറ്റ് ക്യാംപെയ്‌നോടുമുള്ള എല്ലാ എതിര്‍പ്പും വെച്ചു കൊണ്ട് തന്നെ പറയട്ടെ പ്രിയാവാര്യര്‍ എന്ന പുതുമുഖത്തിനായിരുന്നില്ല ആ ഡിസ്‌ലൈക്കുകള്‍ കിട്ടിയത് നിങ്ങള്‍ക്ക് തന്നെയാണ്. “ടി.ജി രവിയുടെ കൈയ്യില്‍ കിട്ടിയ ഉണ്ണിമേരിയെ പോലെ” എന്നുള്ള നിങ്ങളുടെ ചിത്രത്തിലെ പ്രയോഗങ്ങളുണ്ടല്ലോ… നിങ്ങള്‍ക്ക് അത് മനസിലാകാന്‍ ഒരു സാധ്യതയുമില്ല.
റേസിസം പോലും നിങ്ങള്‍ക്ക് തമാശയാണ്. അത് കൊണ്ടാണ്ട് കറുത്ത നിറമുള്ള നടനെ നോക്കി നിനക്ക് ശ്രീശാന്ത് എന്നല്ലായിരുന്നു പേരിടേണ്ടത് ഒലോങ്കയാണെന്ന് നിങ്ങള്‍ പറയുന്നത്. അല്ലെങ്കിലും ഇതൊക്കെ ആരോട് പറയാന്‍…..
ചിത്രത്തിലെ മറ്റ് ഘടകങ്ങളിലേക്ക് പോവുകയാണെങ്കില്‍ സിനു സിദ്ധാര്‍ത്ഥിന്റെ ക്യാമറയും അച്ചു വിജയന്റെ എഡിറ്റിംഗും മികച്ചതായിരുന്നു. ഫ്രീക്ക് പെണ്ണും മാണിക്യമലരായ പൂവിയും പേര്‍ളി മാണി എഴുതിയ തമിഴ് ഗാനവും ചിത്രത്തിന് മുമ്പ് തന്നെ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരുന്നു. ഷാന്‍ റഹ്മാനാണ് ചിത്രത്തിന്റെ സംഗീതം.
NB: അഡാര്‍ ലൗ എന്ന സിനിമയെ വളരെ സിംപിളായി ഇങ്ങനെ പറയാം സ്ത്രീവിരുദ്ധത + റേസിസം + റേപ്പ് ജോക്ക് + സോഷ്യല്‍ മീഡിയ ട്രോള്‍ + കുത്തിനിറച്ച് പാട്ട് = ഒരു അഡാര്‍ ലൗ