| Monday, 17th February 2020, 8:54 am

മരിച്ചവരുടെ ഓര്‍മദിനത്തില്‍ കട്ടച്ചിറ പള്ളിയില്‍ ഓര്‍ത്തഡോക്‌സ്-യാക്കോബായ സംഘര്‍ഷം; നിരവധിപേര്‍ക്ക് പരുക്ക്; പൊലീസ് ലാത്തിവീശി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കായംകുളം: മരിച്ചവരുടെ ഓര്‍മദിനത്തില്‍ കട്ടച്ചിറ പള്ളിയില്‍ സംഘര്‍ഷം. ഓര്‍ത്തഡോക്‌സ് വിഭാഗവും യാക്കോബായ വിഭാഗവും തമ്മിലാണ് സംഘര്‍ഷമുണ്ടായത്.

മരിച്ചവരുടെ ഓര്‍മ ദിവസം സെമിത്തേരിയില്‍ പ്രാര്‍ത്ഥിക്കാനെത്തിയ യാക്കോബായ വിശ്വാസികളെ ഓര്‍ത്തഡോക്‌സുകാര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം.

യാക്കോബായ വിഭാഗക്കാരായ സുജിന്‍ ജോസ്, പറമ്പില്‍ പീടികയില്‍ അനിയന്‍ ഫിലിപ്പോസ്, കുട്ടേമ്പടത്ത് വടക്കതില്‍ കുട്ടിയമ്മ തമ്പാന്‍, കന്നിമേല്‍ രാജുമാത്യു, പറമ്പില്‍ പീടിയകയില്‍ ഷിനു എന്നിവര്‍ക്കാണ് പരുക്കേറ്റത്. പരുക്കേറ്റ സുജിന്‍ ജോസ് ഊമയും ബധിരനുമാണ്.

തര്‍ക്കത്തെ തുടര്‍ന്ന് പൊലീസ് സംഭവസ്ഥലത്തെത്തി ലാത്തിവീശി. സംഭവത്തില്‍ എ.ആര്‍ ക്യാമ്പിലെ സിവില്‍ ഓഫീസറായ ശിവകുമാറിനടക്കം നിരവധിപേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സര്‍ക്കാര്‍ ഓര്‍ഡിനന്‍സിന്റെ ബലത്തില്‍ പ്രാര്‍ത്ഥിക്കാനായി പള്ളിയില്‍ കയറിയതാണ് യാക്കോബായ സംഘം. എന്നാല്‍ പ്രാര്‍ത്ഥനയ്ക്ക് ശേഷവും ഓര്‍ത്തഡോക്‌സ് സംഘം പള്ളിയില്‍ നിന്ന് പുറത്തു പോവാതെ ഇരിക്കുകയായിരുന്നെന്നും യാക്കോബായക്കാര്‍ പറഞ്ഞു.

സെമിത്തേരി പ്രവേശനം സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരിവിന്റെ ഭാഗമായാണ് പ്രാര്‍ത്ഥനയ്‌ക്കെത്തിയതെന്ന് ട്രസ്റ്റി അലക്‌സ് എം. ജോര്‍ജ് പറഞ്ഞു. ഓര്‍ഡിനന്‍സ് അട്ടിമറിക്കാന്‍ പൊലീസില്‍ നിന്നു തന്നെ ചില ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

യാക്കോബായ സഭാ വിശ്വാസികളെ അകാരണമായി പൊലീസും ഓര്‍ത്തഡോക്‌സ് വിഭാഗക്കാരും മര്‍ദ്ദിച്ചതില്‍ കൊല്ലം ഭദ്രാസന വിശ്വാസ സംരക്ഷണ സമിതി പ്രതിഷേധിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിവേണമെന്നും ബധിരയുവാവിനെ മര്‍ദിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷനും ഡിജിപിക്കും മുഖ്യമന്ത്രിക്കും കത്തയക്കുമെന്നും കട്ടച്ചിറ പള്ളി മനേജിങ് കമ്മിറ്റി അറിയിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അതേ സമയം പള്ളിയിലെത്തിയ യാക്കോബായ സഭാംഗങ്ങള്‍ പ്രാര്‍ത്ഥനയ്ക്ക് നല്‍കിയ അവസരം ദുരുപയോഗം ചെയ്‌തെന്നാണ് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ പ്രതികരണം.

പള്ളികളില്‍ മൃതദേഹം സംസ്‌കരിക്കുന്നതിലെ ഓര്‍ത്തഡോക്സ്-യാക്കോബായ തര്‍ക്കം പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയമം കൊണ്ടുവന്നിരുന്നു.

കുടുംബ കല്ലറ ഏതു പള്ളിയിലാണോ അവിടെ മൃതദേഹം സംസ്‌കരിക്കാന്‍ അനുവാദമുണ്ടാകുന്നതാണ് ഉത്തരവ്.

We use cookies to give you the best possible experience. Learn more