ഇന്ന ചിഹ്നത്തില്‍ വേട്ട് ചെയ്യണമെന്ന് പറയുന്നില്ല; വിശ്വാസികള്‍ ബുദ്ധിപരമായി കാര്യങ്ങള്‍ കൈകാര്യം ചെയ്യും; സര്‍ക്കാരിന് മുന്നറിയിപ്പുമായി ഓര്‍ത്തഡോക്‌സ് സഭ
Kerala News
ഇന്ന ചിഹ്നത്തില്‍ വേട്ട് ചെയ്യണമെന്ന് പറയുന്നില്ല; വിശ്വാസികള്‍ ബുദ്ധിപരമായി കാര്യങ്ങള്‍ കൈകാര്യം ചെയ്യും; സര്‍ക്കാരിന് മുന്നറിയിപ്പുമായി ഓര്‍ത്തഡോക്‌സ് സഭ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 31st March 2021, 12:01 pm

 

കോട്ടയം:സര്‍ക്കാരിന് മുന്നറിയിപ്പുമായി ഓര്‍ത്തഡോക്‌സ് സഭ. സഭയോട് അനീതി കാട്ടിയത് ആരാണെന്ന് വിശ്വാസികള്‍ക്ക് അറിയാമെന്ന് ഓര്‍ത്തഡോക്‌സ് സഭ വൈദിക ട്രസ്റ്റി ഫാ.എം.ഒ ജോണ്‍ പറഞ്ഞു.

ഓര്‍ത്തഡോക്‌സ് സഭയുടെ പ്രതികരണങ്ങളെക്കുറിച്ചെല്ലാം വിശ്വാസികള്‍ക്ക് അറിയാം. അവര്‍ അത് ബുദ്ധിപരമായി കൈകാര്യം ചെയ്യുകയും ആ രീതിയില്‍ പ്രതികരിക്കുകയും ചെയ്യും എന്നായിരുന്നു ഫാ.എം.ഒ ജോണ്‍ പറഞ്ഞത്.

തെരഞ്ഞെടുപ്പിന്റെ കാര്യത്തില്‍ ഇന്ന ചിഹ്നത്തില്‍ വോട്ട് ചെയ്യണമെന്ന് സഭ പറയുന്നില്ലെന്നും സഭയുടെ ആവശ്യം എന്താണെന്നും, പ്രതികരണം എന്താണെന്നും അറിയുന്ന വിശ്വാസികള്‍ യുക്തമായ രീതിയില്‍ പ്രതികരിക്കും എന്ന് തന്നെയാണ് ഓര്‍ത്തഡോക്‌സ് സഭ വിശ്വസിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

” അനീതിയുമായി ബന്ധപ്പെട്ട വിഷയങ്ങളിലെല്ലാം ഓര്‍ത്തഡോക്‌സ് സഭ നേരത്തെ പ്രതികരിച്ചിട്ടുണ്ട്. ആ പ്രതികരണങ്ങളെക്കുറിച്ചെല്ലാം ഓര്‍ത്തഡോക്‌സ് സഭാ വിശ്വാസികള്‍ക്ക് അറിയാം. അവര്‍ അത് ബുദ്ധിപരമായി കൈകാര്യം ചെയ്യുകയും ആ രീതിയില്‍ പ്രതികരിക്കുകയും ചെയ്യും.

ഇന്ന ചിഹ്നത്തില്‍ വോട്ട് ചെയ്യണം എന്നൊന്നും സഭ പറയുന്നില്ല. സഭയുടെ നിലപാടെന്താണെന്നും സഭയുടെ ആവശ്യമെന്താണെന്നും സഭയുടെ പ്രതികരണം എന്താണെന്നും സഭാ വിശ്വാസികള്‍ക്ക് അറിയാം. അവര്‍ യുക്തമായ രീതിയില്‍ അതിനോട് പ്രതികരിക്കും എന്ന് തന്നെയാണ് സഭയുടെ വിശ്വാസം,” ഫാ.എം.ഒ ജോണ്‍ പറഞ്ഞു.

സഭാ തര്‍ക്കത്തില്‍ പരിഹാരം കാണാന്‍ ബി.ജെ.പി നേതൃത്വമെടുക്കുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും ഫാ.എ.ഒ ജോണ്‍ പറഞ്ഞു.

” കേന്ദ്രം ഭരിക്കുന്നതായ ഗവണ്‍മെന്റിന്റെ പാര്‍ട്ടിയാണ് ബി.ജെ.പി. അതുകൊണ്ട് തന്നെ ആ പാര്‍ട്ടി ഈ പ്രശ്‌നത്തില്‍ ഇടപെട്ട് ഒരു തീരുമാനത്തില്‍ എത്തിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ അതില്‍ തെറ്റില്ല,” അദ്ദേഹം പറഞ്ഞു.
യാക്കോബായ സഭ, സഭാ തര്‍ക്കത്തില്‍ നിയമനിര്‍മ്മാണത്തിന് ആവശ്യപ്പെടുന്നുണ്ടെങ്കിലും സുപ്രീം കോടതി വിധിയ്ക്ക് എതിരായിട്ടുള്ള ഒരു നിയമ നിര്‍മ്മാണം നടക്കില്ലെന്ന് സര്‍ക്കാരിന് ബോധ്യമുണ്ട്. അതുകൊണ്ട് തെരഞ്ഞെടുപ്പ് കാലത്ത് കോടതിയില്‍ നിന്ന് തിരിച്ചടി ഭയന്നാണ് സര്‍ക്കാര്‍ അതില്‍ നിന്ന് പിന്മാറിയിട്ടുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Orthodox Sabha says Believers will take a decision accordingly in Election