പത്തനംതിട്ട: കോന്നിയിലെ ബി.ജെ.പി സ്ഥാനാര്‍ഥി കെ. സുരേന്ദ്രന് വോട്ടഭ്യര്‍ഥിച്ച് ഓര്‍ത്തഡോക്‌സ് സഭാ ഭാരവാഹികള്‍. ഇടത്-വലത് മുന്നണികള്‍ സഭയെ വഞ്ചിച്ചതായും എന്നും നീതി നിഷേധിക്കുകയാണെന്നും ആരോപിച്ചായിരുന്നു ഇത്. പിറവം പള്ളി മാനേജിങ് കമ്മിറ്റിയംഗം ജോയ് തെന്നശേരില്‍, മലങ്കര ഓര്‍ത്തഡോക്‌സ് അസോസിയേഷന്‍ മെമ്പര്‍ പ്രകാശ് വര്‍ഗീസ് എന്നിവരാണു നേതൃത്വം നല്‍കിയത്.
ഇടത്-വലത് മുന്നണികളോടു കലഹിച്ചുനില്‍ക്കുന്ന ഓര്‍ത്തഡോക്‌സ് സഭാ വോട്ടുകള്‍ സ്വന്തമാക്കാന്‍ ഊര്‍ജിത ശ്രമമാണ് എന്‍.ഡി.എയില്‍ നടക്കുന്നത്. ഇതിനിടെയാണു സഭാ ഭാരവാഹികള്‍ തന്നെ സുരേന്ദ്രനും പിന്തുണയുമായി രംഗത്തെത്തിയത്.
കാലാകാലങ്ങളായി എല്‍.ഡി.എഫ്-യു.ഡി.എഫ് മുന്നണികള്‍ സഭയെ വഞ്ചിക്കുകയാണ്. പിറവം പള്ളി പ്രശ്‌നത്തില്‍ സര്‍ക്കാരെടുത്ത നിലപാടില്‍ കടുത്ത പ്രതിഷേധമുണ്ട്. പള്ളി പ്രശ്‌നത്തില്‍ സഭയോടു സഹായം അഭ്യര്‍ഥിച്ചെത്തിയത് ബി.ജെ.പിക്കാര്‍ മാത്രമാണ്.
ഇരുകൂട്ടരും സഭയെ അവഗണിക്കുന്ന പശ്ചാത്തലത്തില്‍ കോന്നിയില്‍ സുരേന്ദ്രന്റെ വിജയത്തിനായി പ്രചാരണം തുടരുമെന്നും അവര്‍ പറഞ്ഞു. കോന്നിയില്‍ റോബിന്‍ പീറ്ററിന് സീറ്റ് നിഷേധിച്ചത് ബെന്നി ബെഹ്നാനാണെന്നും അവര്‍ ആരോപിച്ചു.
മഞ്ചേശ്വരത്തും ന്യൂനപക്ഷ വോട്ടുകളില്‍ കണ്ണുവെച്ചാണ് ബി.ജെ.പിയുടെ പ്രവര്‍ത്തനം. 50 ശതമാനത്തിലധികം ന്യൂനപക്ഷ വോട്ടുള്ള മണ്ഡലത്തില്‍ പ്രധാനമായും രണ്ടു വിഷയങ്ങള്‍ക്കു പ്രാധാന്യം നല്‍കിയാണ് ബി.ജെ.പി പ്രചാരണം മുന്നോട്ടുനയിക്കുന്നത്.
ചെമ്പരിക്ക ഖാസിയുടെ ദുരൂഹമരണത്തില്‍ പ്രതികളെ കണ്ടെത്താത്തതും മഞ്ചേശ്വരം ക്രിസ്ത്യന്‍ പള്ളിക്കു നേരെയുണ്ടായ ആക്രമണവുമാണ് ബി.ജെ.പി പ്രചരണായുധമാക്കുന്നത്. ഇ.കെ സമസ്ത വൈസ് പ്രസിഡന്റും ചെമ്പരിക്ക ഖാസിയുമായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ ദുരൂഹമരണമാണ് മുസ്ലിം വോട്ടര്‍മാരെ ലക്ഷ്യമാക്കി ബി.ജെ.പി പ്രചാരണത്തില്‍ ഉയര്‍ത്തുന്നത്.
പ്രതികളെ കണ്ടെതതാനാകാത്തത് യു.ഡി.എഫും എല്‍.ഡി.എഫും ഒത്തുകളിച്ചിട്ടാണെന്നാണ് അവര്‍ ആരോപിക്കുന്നത്. കൂടാതെ സമരപ്പന്തലിലെത്തി പരസ്യ പിന്തുണയും നല്‍കി. ഖാസിക്കു നീതി കിട്ടാന്‍ പരിശ്രമിക്കുന്നതെന്നാണു പ്രചാരണവേദികളിലെ വാഗ്ദാനം.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഖാസിയുടെ മരണത്തിന് ഉത്തരവാദികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ നടത്തിവരുന്ന സമരം ഒരുവര്‍ഷം പിന്നിടുകയാണ്. 2010 ഫെബ്രുവരി 15-നാണ് ഖാസിയെ ചെമ്പരിക്ക കടപ്പുറത്തെ കടുക്കക്കല്ല് പാറക്കെട്ടിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്.
മരണത്തില്‍ ശാസ്ത്രീയ അന്വേഷണം നടത്തി കുറ്റവാളികളെ പിടികൂടണമെന്നാവശ്യപ്പെട്ടാണ് അനിശ്ചിതകാല സമരം. സമരസമിതി നേതാക്കളെ കേന്ദ്രമന്ത്രിമാരുടെയും ബി.ജെ.പി നേതാക്കളുടെയും അടുത്തെത്തിച്ചും ബന്ധം ശക്തമാക്കാന്‍ ബി.ജെ.പി കിണഞ്ഞുശ്രമിക്കുന്നുണ്ട്.
മഞ്ചേശ്വരം ക്രിസ്ത്യന്‍ പള്ളിക്കു നേരെയുണ്ടായ ആക്രമണമാണു മറ്റൊരു വിഷയം. ആക്രമണത്തിനു പിന്നില്‍ മണല്‍ മാഫിയയാണെന്നും യു.ഡി.എഫും എല്‍.ഡി.എഫും അക്രമികളെ പിന്തുണയ്ക്കുന്നതാണ് കേസില്‍ ആരും പിടിയിലാകാതിരിക്കാന്‍ കാരണമെന്നാണ് പ്രചാരണം.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
കുറ്റവാളികളെ കൈയാമം വെച്ച് മഞ്ചേശ്വരത്തു കൂടി നടത്താന്‍ ബി.ജെ.പി പ്രതിജ്ഞാബദ്ധമാണെന്ന് പ്രചാരണവേദികളില്‍ ബി.ജെ.പി സംസ്ഥാനാധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള പറയുന്നുണ്ട്. ഓഗസ്റ്റ് 19-നാണ് മഞ്ചേശ്വരത്ത് മംഗളൂരു രൂപതയുടെ കീഴിലുള്ള കാരുണ്യ പള്ളിക്കു നേരെ ബൈക്കിലെത്തിയ രണ്ടുപേര്‍ ആക്രമണം നടത്തിയത്.
ഈ രണ്ടു പ്രചാരണ ആയുധങ്ങള്‍ക്കൊപ്പം ന്യൂനപക്ഷ വോട്ടര്‍മാരെ ഉന്നംവെച്ച് നേതാക്കളെ ഇറക്കുകയും ചെയ്യുന്നുണ്ട്. ന്യൂനപക്ഷ വോട്ടര്‍മാര്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ എ.പി അബ്ദുള്ളക്കുട്ടി അടക്കമുള്ള നേതാക്കളെ രംഗത്തിറക്കി അവര്‍ പ്രചാരണം നടത്തുന്നുണ്ട്.