കോട്ടയം: മണിപ്പൂര്‍ കലാപം നേരിടുന്നതില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ. കലാപത്തില്‍ സഭയ്ക്ക് ആശങ്കയുണ്ടെന്നും ഇത് അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആര്‍ജവം കാട്ടണമെന്നും ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ പറഞ്ഞു.
മണിപ്പൂരിലെ കലാപത്തില്‍ സര്‍ക്കാര്‍ പലതവണ ഇടപെട്ടുവെന്ന് പറയുന്നു. ആഭ്യന്തര മന്ത്രി തന്നെ പോയിട്ടും കലാപം തീര്‍ന്നില്ല. എന്തുകൊണ്ട് കലാപം നിര്‍ത്താനാകുന്നില്ല. പ്രധാനമന്ത്രി പ്രതികരിക്കേണ്ടതാണ്. പ്രധാനമന്ത്രിയുടെ മൗനം അത്ഭുതമാണ്. വിദേശത്ത് പോകും മുമ്പ് നേതാക്കള്‍ കാണാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
കൂടുതല്‍ പട്ടാള സാന്നിധ്യം അവിടെ ഉണ്ടാകണമെന്ന് കരുതുന്നു. അതിനുള്ള ആര്‍ജവം കേന്ദ്രം കാണിക്കണം. കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് വീഴ്ച വന്നിട്ടുണ്ട്. പല കലാപങ്ങളും പെട്ടെന്ന് തീര്‍ക്കാറുണ്ട്. ഇത്രയും നീണ്ടുപോകാനുള്ള കാരണം എന്താണെന്നത് ആശങ്ക ഉളവാക്കുന്നതാണ്.
മണിപ്പൂരില്‍ മതന്യൂനപക്ഷത്തിന്റെ മാത്രം പ്രശ്‌നമായി കാണുന്നില്ല. രണ്ട് വിഭാഗത്തില്‍പ്പെട്ടവരും കൊല്ലപ്പെടുന്നുണ്ട്. മണിപ്പൂര്‍ പ്രശ്‌നത്തില്‍ സഭ ഇതിനോടകം പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
ഒരു ഗോത്ര വിഭാഗത്തില്‍ ഏറെ ക്രിസ്ത്യാനികളുണ്ട്. അതേസമയം, മറുവിഭാഗവും കൊല്ലപ്പെടുന്നുണ്ട്. രണ്ട് വിഭാഗത്തോടും കലാപം നിര്‍ത്തണമെന്നാണ് പറയാനുള്ളത്. അവിടെ നഷ്ടമുണ്ടായത് ക്രിസ്ത്യാനികള്‍ക്ക് മാത്രമല്ല. അവിടെ നടന്നത് മതപീഡനം ആണെന്ന് കാണാനാകില്ല.
ഗോത്രങ്ങള്‍ തമ്മിലുള്ള കലാപത്തെ വര്‍ഗീയമായി ചിത്രീകരിക്കാമോ എന്നറിയില്ല. എങ്കിലും കൂടുതല്‍ നാശനഷ്ടം ഉണ്ടായിരിക്കുന്നത് ക്രിസ്ത്യാനികള്‍ക്ക് ആണെന്നാണ് മനസിലാക്കുന്നത്. പ്രധാനമന്ത്രി എന്തുകൊണ്ട് പ്രതികരിക്കുന്നില്ല എന്നറിയില്ല.
ഏകീകൃത സിവില്‍ കോഡ് മതേതരത്വത്തിന്റെ സ്വാതന്ത്ര്യം നഷ്ടപ്പെടുത്താന്‍ പാടില്ല. അങ്ങനെ ഉണ്ടായാല്‍ അത് ഭാരത സംസ്‌കാരത്തിന്റെ നാരായവേരിന് കത്തിവെക്കുന്നത് പോലെയാണ്.
ഏക സിവില്‍ കോഡ് പെട്ടെന്ന് ഉണ്ടാകാനുള്ളതല്ല. സര്‍ക്കാറിന്റെ ഉദ്ദേശശുദ്ധിയില്‍ സംശയം ഉണ്ടോയെന്ന് ഇപ്പോള്‍ പറയാനായിട്ടില്ല,’ കാതോലിക്ക ബാവ പറഞ്ഞു.
മണിപ്പൂര്‍ കത്തിയെരിയുമ്പോഴും പ്രധാനമന്ത്രി അമേരിക്കയില്‍ പോയി പറയുന്നത് ഇന്ത്യയില്‍ വിവേചനം ഇല്ലെന്നാണെന്നും അവിടെ നടക്കുന്നത് ഗുജറാത്ത് വംശഹത്യയുടെ മറ്റൊരു പതിപ്പാണെന്നും തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി ഇന്നലെ പറഞ്ഞിരുന്നു.
‘മറ്റിടങ്ങളിലും ന്യൂനപക്ഷ വേട്ട നടക്കുന്നുണ്ട്. മണിപ്പൂരിലേത് ഭരണകൂടം സ്പോണ്‍സര്‍ ചെയ്ത കലാപമാണ്. ഗുജറാത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന കലാപത്തിന്റെ മറ്റൊരു പതിപ്പായി മണിപ്പൂരിലെ അവസ്ഥ മാറിയിരിക്കുന്നു. വളരെ ആസൂത്രിതമായ കലാപനീക്കം നടന്നിട്ടുണ്ട്.
ഭരണഘടന തരുന്ന സ്വാതന്ത്ര്യം ഉറപ്പ് വരുത്തേണ്ടത് രാജ്യം ഭരിക്കുന്ന ആളുകളാണ്. അതില്‍ ഗുരുതര വീഴ്ച ഉണ്ടായി. പ്രധാനമന്ത്രി ഏത് കാര്യത്തില്‍ പ്രതികരിക്കണം എന്ന് അദ്ദേഹമാണ് തീരുമാനിക്കേണ്ടത്.
പ്രധാനമന്ത്രി മിണ്ടാത്തത് അല്ല പ്രശ്നം. മണിപ്പൂര്‍ കത്തിയെരിയുമ്പോള്‍ ഒന്നും ചെയ്യുന്നില്ല എന്നുള്ളതാണ്. റബ്ബര്‍ വിലയും ഇതും തമ്മില്‍ ബന്ധമില്ല. ഞങ്ങള്‍ ആരുടെയും ഔദാര്യം ചോദിച്ചതല്ല,’ ജോസഫ് പാംപ്ലാനി പറഞ്ഞു.
Content Highlights: orthodox sabha chief katholica bava criticize modi and amit over manipur inactivity