| Wednesday, 3rd March 2021, 12:34 pm

ഓര്‍ത്തഡോക്‌സ് ബിഷപ്പുമാര്‍ ആര്‍.എസ്.എസ് കാര്യാലയത്തില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: ഓര്‍ത്തഡോക്‌സ് വിഭാഗവുമായി ആര്‍.എസ്.എസ് ചര്‍ച്ച നടത്തി. ഓര്‍ത്തഡോക്‌സ് ബിഷപ്പുമാര്‍ ആര്‍.എസ്.കാര്യാലയത്തില്‍ എത്തിയാണ് ചര്‍ച്ച നടത്തിയത്. അഹമ്മദാബാദ് ഭദ്രാസനത്തിന്റെ ചുമതലയുള്ള ഗീവര്‍ഗീസ് മാര്‍ യൂലിയോസും കൊച്ചി ഭദ്രാസനത്തിന്റെ ചുമതലയുള്ള ബിഷപ്പുമാണ് ചര്‍ച്ചയ്‌ക്കെത്തിയത്. ആര്‍.എസ്.എസിന്റെ സഹസര്‍ കാര്യവാഹക് മന്‍മോഹന്‍ വൈദ്യയുമായാണ് കൂടിക്കാഴ്ച നടത്തിയത്.

കേരളത്തിലെ രാഷ്ട്രീയം, പള്ളി തര്‍ക്കം തുടങ്ങിയ വിഷയങ്ങള്‍ സംസാരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓര്‍ത്തഡോക്‌സ്-യാക്കോബായ പള്ളി തര്‍ക്കത്തില്‍ സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതില്‍ സര്‍ക്കാരിന്റെ നിലപാട് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയായെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ദിവസം കെ.സുരേന്ദ്രന്‍ കേരള വിജയയാത്രയുടെ ഭാഗമായി വിവിധ സഭാ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നിയസഭാ തെരഞ്ഞെടുപ്പിന്റെ തീയ്യതി പ്രഖ്യാപിച്ചതിന് പിന്നാലെ ഓര്‍ത്തഡോക്‌സ് ബിഷപ്പുമാര്‍ ആര്‍.എസ്.എസ് കാര്യാലയത്തിലെത്തിയത് വരും ദിവസങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കേരളത്തിലെ ക്രൈസ്തവ വിഭാഗങ്ങള്‍ക്കിടയില്‍ വലിയ തോതിലുള്ള മുന്നേറ്റം ഉണ്ടാക്കണമെന്ന് കേരള ബി.ജെ.പിക്ക് ദേശീയ നേതൃത്വം നേരത്തെ തന്നെ നിര്‍ദേശം നല്‍കിയിരുന്നു.

സഭാ തര്‍ക്കവുമായി ബന്ധപ്പെട്ട് ബി.ജെ.പി ദേശീയ നേതൃത്വം നടത്തിയ ഇടപെടലുകള്‍ ബി.ജെ.പിക്ക് നേട്ടമുണ്ടാക്കുന്ന ഇടപെടലായി കേന്ദ്ര നേതൃത്വം വിലയിരുത്തിയിരുന്നു. നേരത്തെ യാക്കോബായ സഭാ പ്രതിനിധികളുമായി മിസോറാം ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ളയും ചര്‍ച്ച നടത്തിയിരുന്നു. ഓര്‍ത്തഡോക്‌സ് -യാക്കോബായ സഭാ തര്‍ക്കം പരിഹരിക്കുന്നതിനുള്ള ചര്‍ച്ചകളില്‍ പുരോഗതിയുണ്ടെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം പി.എസ് ശ്രീധരന്‍ പിള്ള പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Orthodox RSS Discussion

We use cookies to give you the best possible experience. Learn more