| Saturday, 30th January 2021, 12:01 pm

ഇത് ക്രിസ്ത്യന്‍ മുസ്‌ലിം സമുദായങ്ങളെ തമ്മിലകറ്റാനുള്ള രാഷ്ട്രീയശ്രമങ്ങള്‍ക്ക് എതിരായ സന്ദേശം; പാണക്കാട് സന്ദര്‍ശനത്തിന് പിന്നാലെ ഓര്‍ത്തഡോക്‌സ് സഭ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: ക്രിസ്ത്യന്‍ മുസ്‌ലിം സമുദായങ്ങളെ തമ്മിലകറ്റാനുള്ള രാഷ്ട്രീയശ്രമങ്ങള്‍ക്കെതിരായ സന്ദേശമാണ് പാണക്കാട് സന്ദര്‍ശനത്തിലൂടെ തങ്ങള്‍ നല്‍കുന്നതെന്ന് ഓര്‍ത്തഡോക്‌സ് സഭ. കഴിഞ്ഞ ദിവസം ഓര്‍ത്തഡോക്‌സ് സഭാ മാധ്യമ വിഭാഗം അധ്യക്ഷനും അഹമ്മദാബാദ് ഭദ്രാസനാധിപനുമായ ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് പാണക്കാട്ടെത്തി ഹൈദരലി ശിബാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യത്തെ കുറിച്ച് അദ്ദേഹം പ്രതികരിച്ചത്.

ഓര്‍ത്തഡോക്‌സ് സഭാ പരമാധിക്ഷ്യന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ നിര്‍ദേശപ്രകാരമായിരുന്നു സഭാ പ്രതിനിധികളെത്തി കൂടിക്കാഴ്ച നടത്തിയത്. കൊച്ചി ഭദ്രാസനാധിപന്‍ ഡോ.യാക്കോബ് മാര്‍ ഐറേനിയോസും സന്ദര്‍ശനസംഘത്തിലുണ്ടായിരുന്നു.

മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, ഉന്നതാധികാര സമിതിയംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ എ്ന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കേരളത്തില്‍ ക്രിസ്ത്യന്‍-മുസ് ലിം ചേരിത്തിരിവുണ്ടാക്കാന്‍ രാഷ്ട്രീയശ്രമം നടക്കുന്നുണ്ടെന്നും ഡോ.ഗീവര്‍ഗീസ് മാര്‍ യൂലിയോസ് പറഞ്ഞു. പാണക്കാട് കുടുംബവുമായി സഭക്ക് നേരത്തെയുള്ള ബന്ധത്തിന്റെ ഭാഗമായാണ് സന്ദര്‍ശനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മെത്രാപ്പൊലീത്തമാര്‍ പാണക്കാട് എത്തി മുസ്‌ലിം ലീഗ് നേതാക്കളെ കണ്ടതില്‍ അസ്വാഭാവികതയില്ലെന്ന് സൂനഹദോസ് സെക്രട്ടറി ഡോ.യൂഹാനോന്‍ മാര്‍ ദിയസ്‌കോറസ് പ്രതികരിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Orthodox priests visit Muslim league leaders Panakkadu family

We use cookies to give you the best possible experience. Learn more