ഓര്‍ത്തഡോക്‌സ് യാക്കോബായ തര്‍ക്കം; പള്ളികള്‍ ഏറ്റെടുക്കാന്‍ കളക്ടര്‍മാരോട് കോടതി
Kerala News
ഓര്‍ത്തഡോക്‌സ് യാക്കോബായ തര്‍ക്കം; പള്ളികള്‍ ഏറ്റെടുക്കാന്‍ കളക്ടര്‍മാരോട് കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 30th August 2024, 5:56 pm

കൊച്ചി: ഓര്‍ത്തഡോക്‌സ് യാക്കോബായ സഭാ തര്‍ക്കം നിലനില്‍ക്കുന്ന പള്ളികള്‍ കളക്ടര്‍മാര്‍ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി. തര്‍ക്കം നിലനില്‍ക്കുന്ന അഞ്ച് പള്ളികളുടെ ചുമതല ജില്ലാ കളക്ടര്‍മാര്‍ ഏറ്റെടുക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. പള്ളികളുടെ താക്കോല്‍ ജില്ലാ കളക്ടര്‍മാര്‍ സൂക്ഷിക്കണമെന്നും പള്ളികള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്നുമാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.

പോത്താനിക്കാട്, മഴുവന്നൂര്‍, മംഗലം ഡാം, ചെറുകുന്നം, എരിക്കഞ്ചിറ എന്നീ അഞ്ച് പള്ളികളുടെ സംരക്ഷണം ഏറ്റെടുക്കാനാണ് ഹൈക്കോടതിയുടെ നിര്‍ദേശം. പാലക്കാട്, എറണാകുളം ജില്ലകളിലെ പള്ളികളാണ് ഏറ്റെടുക്കേണ്ടത്.

പള്ളികള്‍ക്കെതിരെ ആക്രമണം ഉണ്ടാവാനുള്ള സാധ്യത ഉണ്ടെന്നും അതിനാല്‍ അഞ്ച് പള്ളികള്‍ക്കും പൊലീസ് സംരക്ഷണം ഉണ്ടായിരിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. ജില്ലാകളക്ടര്‍മാര്‍ കൃത്യനിര്‍വഹണം നടത്തണമെന്നും ഹൈക്കോടതി പറഞ്ഞു.

ഓര്‍ത്തഡോക്‌സ്-യാക്കോബായ തര്‍ക്കം നിലനില്‍ക്കുന്ന പള്ളികള്‍ അതാത് സഭകള്‍ക്ക് വിട്ടുകൊടുക്കാന്‍ സുപ്രീം കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശ്വാസികളുടെ തര്‍ക്കത്തെ തുടര്‍ന്ന് ഉത്തരവ് നടപ്പിലാക്കാന്‍ സര്‍ക്കാരിന് സാധിച്ചിരുന്നില്ല.

എന്നാല്‍ സുപ്രീം കോടതി വിധി നടപ്പാക്കാത്തതിനെ ചൊല്ലി സഭാംഗങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സര്‍ക്കാരിനെതിരെ കോടതി അലക്ഷ്യം ആരോപിച്ചാണ് സഭ അധികൃതര്‍ കോടതിയെ സമീപിച്ചത്. ഇതിനെ തുടര്‍ന്ന് ഹൈക്കോടതി കൃത്യ നിര്‍വഹണം നടത്തുന്നതിന്റെ ആദ്യ പടിയായി ജില്ലാ കളക്ടര്‍മാര്‍ക്ക് പള്ളികളുടെ ചുമതല നല്‍കുകയായിരുന്നു.

Content Highlight: orthodox jacobite controvery; court said that collectors to take over churches