ഓര്‍ത്തോഡോക്‌സ്‌-യാക്കോബായ സഭകള്‍ ചേര്‍ന്ന് ഒറ്റ സഭയാവണം: ഓര്‍ത്തോഡോക്‌സ് സഭ അധ്യക്ഷന്‍ കത്തോലിക്ക ബാവ
Kerala News
ഓര്‍ത്തോഡോക്‌സ്‌-യാക്കോബായ സഭകള്‍ ചേര്‍ന്ന് ഒറ്റ സഭയാവണം: ഓര്‍ത്തോഡോക്‌സ് സഭ അധ്യക്ഷന്‍ കത്തോലിക്ക ബാവ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 5th December 2024, 4:10 pm

കൊച്ചി: ഓര്‍ത്തോഡോക്‌സ്-യാക്കോബായ പള്ളി തര്‍ക്കത്തില്‍ സഭാ ഐക്യത്തിന് ആഹ്വാനം ചെയ്ത് ഓര്‍ത്തോഡോക്‌സ് സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് തൃദീയന്‍ കത്തോലിക്ക ബാവ.

1934ലെ സഭാ ഭരണഘടന അംഗീകരിച്ച് നിലവിലുള്ള ഇരുസഭകളും ഒരൊറ്റ സഭയായി മാറണമെന്നും എങ്കിലെ മലങ്കര സഭയില്‍ ശാശ്വതമായ സമാധാനം ഉണ്ടാകുവെന്നും കത്തോലിക്ക് ബാവ പറഞ്ഞു. ഒരുമിച്ച് നിന്നാല്‍ മലങ്കര സഭ വലിയൊരു ശക്തിയായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘സഭയ്‌ക്കൊരു സത്യമുണ്ട്. മാര്‍ത്തോമ ശ്ലീഹയുടെ ഈ സഭ സത്യത്തിലാണ് നിലനില്‍ക്കുന്നത്. അതില്‍ ഒരു നീതിയുണ്ട്. ഒരു സ്വാതന്ത്ര്യമുണ്ട്. ആ സത്യവും നീതിയും നിഷേധിക്കാന്‍ ആരെല്ലാം ശ്രമിച്ചാലും അവസാനം സത്യവും നീതിയും മലങ്കര സഭയുടേതാണ് എന്ന് പ്രഖ്യാപിക്കാന്‍ രാജ്യത്ത് നീതിന്യായ കോതികള്‍ ഉണ്ട്.

അതിനാല്‍ അവ എപ്പോഴും അത് പ്രഖ്യാപിച്ചുകൊണ്ടിരിക്കും. അത് ഉള്‍ക്കൊള്ളന്‍ സാധ്യമല്ലാത്ത ഇരുണ്ട മനസുകളായി മാറുന്നത് സഭയുടെ മക്കള്‍ക്ക് ഭൂഷണമല്ല.

അങ്ങനെയുള്ളവര്‍ കുറവുകളും കുറ്റങ്ങളും ആര്‍ക്കും വരാമെന്ന് തിരിച്ചറിയണം. അപ്രകാരം മാത്രമെ സഭയ്ക്ക് വളരാന്‍ സാധിക്കുകയുള്ളു. അങ്ങനെ മാര്‍ത്തോമ ശ്ലീഹ നമ്മളെ ഏല്‍പ്പിച്ച ദൗത്യങ്ങള്‍ ഈ ഭാരതത്തില്‍ നിര്‍വഹിക്കാന്‍ നമുക്ക് സാധിക്കും,’ കത്തോലിക്ക ബാവ പറഞ്ഞു.

പെരുമ്പാവൂരിലെ ബഥേല്‍ ഫൂലോക്കോ പള്ളിയില്‍ ഇന്ന് രാവിലെ നടന്ന മലങ്കര വര്‍ഗീസ് അനുസ്മരണ യോഗത്തിലാണ് ഓര്‍ത്തഡോക്‌സ് സഭ അധ്യക്ഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

രണ്ട് വിഭാഗവും ഒരുമിച്ച് പോകണമെന്നും ഓര്‍ത്തോഡോക്‌സ് സഭ അധ്യക്ഷന്‍ പറഞ്ഞു. കഴിഞ്ഞ കുറേ നാളുകളായി സ്വീകരിച്ചിരുന്ന എതിര്‍പ്പില്‍ നിന്ന് വിഭിന്നമായി ഒരുമിച്ച് പോകണം എന്ന നിലപാടാണ് കത്തോലിക്ക ബാവ ഇത്തവണ സ്വീകരിച്ചത്.

കഴിഞ്ഞ ദിവസം പള്ളിത്തര്‍ക്കം അടക്കമുള്ള കാര്യങ്ങളില്‍ രണ്ട് സഭകളും രമ്യതയില്‍ മുന്നോട്ട് പോകണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന് പിന്നാലെ ഏഷ്യാനെറ്റ് ന്യൂസിന്റെ പ്രതിനിധിയുമായി സംസാരിക്കവെയാണ് ഇരുസഭകളും ഒന്നിച്ച് നില്‍ക്കേണ്ടതിന്റെ ആവശ്യം സഭ അധ്യക്ഷന്‍ ആവര്‍ത്തിച്ചത്. ഐക്യത്തോടെ നിന്നാല്‍ മാത്രമെ സഭയുടെ ശക്തി എല്ലാവര്‍ക്കും ബോധ്യപ്പെടുകയുള്ളുവെന്നും ബാവ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഈ വിഷയത്തില്‍ യാക്കോബായ സഭയില്‍ ആശയക്കുഴപ്പം ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇരുസഭകളും ഒന്നായാല്‍ ആരാണ് നേതൃത്വം വഹിക്കുക തുടങ്ങിയ ആശങ്കകള്‍ സഭക്കുള്ളില്‍ നിലനില്‍ക്കുന്നതായും സൂചനയുണ്ട്.

Content Highlight: Orthodox-Jacobite Churches should unite as one  says Orthodox Church President Katholic Bava