ന്യൂദല്‍ഹി: രാജ്യത്തെ ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് സംരക്ഷണമൊരുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് ഓര്‍ത്തഡോക്‌സ് സഭാ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍. ക്രൈസ്തവര്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ക്ക് ബി.ജെ.പിയുടെ നിശ്ബ്ദ പിന്തുണയുണ്ടെന്ന് സഭകള്‍ സംശയിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദല്‍ഹിയില്‍ ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികണം. ഭരണഘടനക്ക് വിരുദ്ധമായതും നിയമാനുസൃതമല്ലാത്ത നിയമനിര്‍മാണം നടത്തുന്നതിലും സഭയ്ക്ക് ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്തീയ സഭയുടെ രാഷ്ട്രനിര്‍മാണത്തിലുള്ള പങ്കിനെ മനസിലാക്കാതെയുള്ള വിപരീത സമീപനം സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവരുതെന്നും ശരിക്കും ക്രിസ്ത്യാനികളോടുള്ള ബി.ജെ.പി നയമെന്തെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ബി.ജെ.പിയുടെ നയങ്ങളും സമീപനങ്ങളും എന്താണ് എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഒരു ഭാഗത്ത് ക്രീസ്തീയ സഭകളുടെ പള്ളികള്‍ അക്രമിക്കുന്നതായിട്ടും നശിപ്പിക്കുന്നതായിട്ടും റിപ്പോര്‍ട്ടുകളുണ്ട്. ഓര്‍ത്തഡോക്‌സ് സഭയുടെ പള്ളികള്‍ ഇങ്ങനെ നശിപ്പിക്കപ്പെട്ടതായി അറിഞ്ഞിട്ടില്ല. എങ്കിലും പൊതുവെ ക്രിസ്ത്യാനികളോട് മോശം സമീപനം അവര്‍ക്കുണ്ടായിട്ടുണ്ട്.
അത് തീവ്രവാദ സംഘങ്ങളാണ് നടത്തുന്നതെങ്കിലും ബി.ജെ.പി സര്‍ക്കാര്‍ അതിനെ അപലപിച്ചതായി കാണുന്നില്ല. ഇതിനൊക്കെ ബി.ജെ.പിയുടെ നിശ്ബ്ദ പിന്തുണയുണ്ടോ എന്ന് ക്രിസ്തീയ സഭകള്‍ സംശയിക്കേണ്ടിയിരിക്കുന്നു.