ഖത്തര്‍ ലോകകപ്പില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയ വിഷയമായിരുന്നു റഫറിമാരുടെ പെരുമാറ്റം. റഫറിമാരില്‍ പലരും ഏകപക്ഷീയ തീരുമാനങ്ങളെടുത്തത് ടീമുകള്‍ക്ക് തിരിച്ചടിയായി എന്നാരോപിച്ച് ഫിഫക്കെതിരെ പരാതികള്‍ ഉയര്‍ന്നിരുന്നു.
അര്‍ജന്റീന-നെതര്‍ലന്‍ഡ്‌സ് മത്സര ശേഷമാണ് വിമര്‍ശനങ്ങള്‍ ശക്തമായത്. റഫറി മതേഹു ലാഹോസ് 18 മഞ്ഞ കാര്‍ഡുകളാണ് മത്സരത്തിനിടെ പുറത്തെടുത്തത്.
ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിനിടെ ലയണല്‍ മെസിക്ക് ഉള്‍പ്പെടെ ഇരു ടീമിലെയും 15 താരങ്ങള്‍ക്ക് നേരെയാണ് ലാഹോസ് മഞ്ഞ കാര്‍ഡുയര്‍ത്തിയത്. മത്സരശേഷം റഫറിക്കെതിരെ അര്‍ജന്റീന-നെതര്‍ലന്‍ഡ്‌സ് ടീമുകളിലെ താരങ്ങള്‍ രംഗത്തെത്തിയിരുന്നു.
ഇപ്പോള്‍ പരാതികള്‍ക്ക് പരിഹാരവുമായി എത്തിയിരിക്കുകയാണ് ഫിഫ. ലാഹോസിനെ ഫിഫ നാട്ടിലേക്ക് തിരിച്ചയച്ചുവെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
മാത്രമല്ല ഈ ലോകകപ്പിലെ തന്നെ ഏറ്റവും മികച്ച റഫറിമാരില്‍ ഒരാളായ ഡാനിയേല ഓര്‍സാറ്റ് ആകും അര്‍ജന്റീന-ക്രൊയേഷ്യ സെമി നിയന്ത്രിക്കാനെത്തുക. ഇറ്റാലിയന്‍ ലീഗിലെ ഏറ്റവും മികച്ച റഫറിമാറില്‍ ഒരാളാണ് ഓര്‍സാറ്റ്.
2018ലാണ് ഓര്‍സാറ്റ് ആദ്യമായി ലോകകപ്പ് മത്സരം നിയന്ത്രിക്കാനിറങ്ങുന്നത്. ഡെന്‍മാര്‍ക്ക്-ക്രൊയേഷ്യ പോരാട്ടത്തില്‍ വീഡിയോ റഫറിയായിട്ടായിരുന്നു അരങ്ങേറ്റം.
ഈ ലോകകപ്പിലെ ഖത്തര്‍-ഇക്വഡോര്‍ ഉദ്ഘാടന മത്സരം നിയന്ത്രിച്ചത് ഇദ്ദേഹമായിരുന്നു. ഫൈനല്‍ മത്സരം നിയന്ത്രിക്കാനുള്ള റഫറിമാരുടെ പാനലിലും ഒര്‍സാറ്റിന്റെ പേരിനാണ് മുന്‍തൂക്കം.
യൂറോ കപ്പ് ഫൈനല്‍, ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ തുടങ്ങിയ പ്രധാന ടൂര്‍ണമെന്റുകള്‍ നിയന്ത്രിച്ച പരിചയവും 46 കാരനായ ഒര്‍സാറ്റിനുണ്ട്.
Content Highlights: Orsato to officiate Argentina v Croatia World Cup semi-final