[]കോഴിക്കോട്: കോഴിക്കോട് നടന്ന വിവാദ അറബി കല്യാണത്തില്‍ വിവാഹം നടത്തിയ സിയസ്‌കോ യത്തീംഖാനയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
നിയമവ്യവസ്ഥകള്‍ പാലിക്കാതെയാണ് യത്തീംഖാന വിവാഹം നടത്തിയതെന്നും മറുപടി തൃപ്തികരമല്ലെങ്കില്‍ സ്ഥാപനത്തിനെതിരെ നടപടിയെടുക്കുമെന്നും ബോര്‍ഡ് ചെയര്‍മാന്‍ അറിയിച്ചു.[]
ഏഴ് ദിവസത്തിനുള്ളില്‍ മറുപടി നല്‍കാനാണ് നിര്‍ദേശം. മലപ്പുറം മഞ്ചേരി സ്വദേശിനിയായ യുവതിയുടെ മകളെ സിയസ്‌കോ അനാഥാലയ അധികൃതരാണ് യു.എ.ഇ പൗരന് വിവാഹം ചെയ്ത് കൊടുത്തത്.
വിവാഹം നടന്നാല്‍ സ്ഥാപനത്തിന് ഗുണമുണ്ടാകുമെന്ന് പറഞ്ഞാണ് നിര്‍ബന്ധിച്ചതെന്ന്് പെണ്‍കുട്ടി പരാതിയില്‍ പറഞ്ഞിരുന്നു. യു.എ.ഇ പൗരനാണെന്ന് രേഖകളില്‍ മറച്ച് വെച്ചാണ് വിവാഹം നടത്തിയത്.
യത്തീംഖാന അധികൃതര്‍ തന്നെ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കുകയായിരുന്നെന്നും വീട്ടുകാരുമായി സംസാരിക്കാനോ ബന്ധപ്പെടാനോ അനാഥാലയ അധികൃതര്‍ അനുവദിച്ചില്ലെന്നും പെണ്‍കുട്ടി പരാതിയില്‍ പറഞ്ഞിരുന്നു.
ജാസിംമുഹമ്മദ് അബ്ദുള്‍ കരിം അബ്ദുല്ലാ അല്‍ അഹമ്മദ് എന്നായിരുന്നു യു.എ.ഇ.ക്കാരനായ അറബിയുടെ പേര്. ഫോട്ടോ കാണിച്ച് ഇയാളെ കല്യാണം കഴിക്കണമെന്നും യത്തീംഖാനയ്ക്ക് ഇതുമൂലം സാമ്പത്തിക മെച്ചമുണ്ടാകുമെന്നും പറഞ്ഞതായി പെണ്‍കുട്ടി പറയുന്നു.
എന്നാല്‍ ഇരുവീട്ടുകാരുടേയും സമ്മതത്തോടെയാണ് വിവാഹം നടന്നതെന്നും സൗകര്യം ഒരുക്കുക മാത്രമേ തങ്ങള്‍ ചെയ്തുള്ളൂവെന്നുമാണ് യത്തീംഖാന അധികൃതര്‍ വിശദീകരിച്ചത്.
പെണ്‍കുട്ടിയുടെ വിവാഹത്തിന്റെ ഉത്തരവാദിത്തം അവരുടെ കുടുംബത്തിനാണ്. വരന്റെ മാതാവ് കോഴിക്കോട്ടുകാരി ആയതിനാലാണ് വിവാഹം നടത്തിയതെന്നും സെക്രട്ടറി വിശദീകരിച്ചിരുന്നു.