ഇസ്‌ലാം മതവിശ്വാസ പ്രകാരം യത്തീം(അനാഥര്‍) സംരക്ഷണം പുണ്യപ്രവൃത്തിയാണ്. എന്നാല്‍ പുണ്യം കിട്ടാന്‍ വേണ്ടി മാത്രമാണ് ഇവിടുത്തെ മതസംഘടനകള്‍ അനാഥാലയങ്ങള്‍ നടത്തുന്നത് എന്ന് വിശ്വസിക്കുക അല്‍പം പ്രയാസമാണ്. കാരണം അറബി കല്യാണം പോലുള്ള ഉദാഹരണങ്ങള്‍ നമുക്കു മുന്നിലുണ്ട്. ഇതൊന്നും ഒറ്റപ്പെട്ട സംഭവങ്ങളുമല്ല. നേരത്തേയും ഇപ്പോഴും ഇങ്ങനെയുള്ള പല സംഭവങ്ങളും ഇവിടെ നടക്കുന്നുണ്ട്.
ഒപ്പീനിയന്‍ / നസീബ ഹംസ
ഇന്ന് കേരളത്തില്‍ വളരെയേറെ ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന വിഷയമാണ് ഉത്തരേന്ത്യന്‍ കുട്ടികളെ കേരളത്തിലെ അനാഥാലയങ്ങളിലേക്ക് എത്തിക്കാന്‍ ശ്രമിച്ച വാര്‍ത്ത. വിഖ്യാതമായ അറബി കല്യാണത്തിന് പിന്നാലെ യത്തീംഖാനകളുമായി ബന്ധപ്പെട്ട മറ്റൊരു വിവാദം കൂടി. കോഴിക്കോട് മുക്കം മുസ്‌ലിം ഓര്‍ഫനേജ്, മലപ്പുറം വെട്ടത്തൂര്‍ ഓര്‍ഫനേജ് എന്നിവിടങ്ങളിലേക്ക് എത്തിക്കാനിരുന്ന 466 കുട്ടികളെയാണ് ഉദ്യോഗസ്ഥര്‍ പാലക്കാട് റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച് ഇറക്കിയത്.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കുട്ടികളെ അനാഥാലയങ്ങളിലേക്ക് കൊണ്ടുവരുമ്പോള്‍ ആ സംസ്ഥാനത്തെ സര്‍ക്കാറിന്റേയും കുട്ടികളുടെ രക്ഷിതാക്കളുടെയും അനുമതി പത്രവും മറ്റു രേഖകളും നിര്‍ബന്ധമാണ്.
ഏറെ ഗൗരവമേറിയ ഈ വിഷയം വിരല്‍ ചൂണ്ടുന്നത് സാമൂഹിക പ്രസക്തിയുള്ള നിരവധി കാര്യങ്ങളിലേക്കാണ്. നിയമാനുസൃതമായി ഇതര സംസ്ഥാനങ്ങളില്‍ നിന്നും കുട്ടികളെ അനാഥാലയങ്ങളിലേക്ക് കൊണ്ടുവരാമെന്നിരിക്കേ എന്തുകൊണ്ടാണ് അനാഥാലയാധികൃതര്‍ “അനധികൃതമായി” ഇക്കാര്യം ചെയ്തത് എന്നാണ് പ്രധാനപ്പെട്ട ചോദ്യം.
ഇതിന് അനാഥാലയം നല്‍കുന്ന വിശദീകരണം സ്ഥാപനത്തിലെ അന്തേവാസികള്‍ക്കൊപ്പം അവരുടെ ബന്ധുക്കള്‍ കൂടിയായ കുട്ടികള്‍ വന്നിരുന്നുവെന്നും, ഇവരുടെ പക്കലാണ് കൃത്യമായ രേഖകള്‍ ഇല്ലാത്തതെന്നുമാണ്. ഈ കുട്ടികള്‍ക്ക് വേണ്ടിയും അനാഥാലയം വേണ്ട കാര്യങ്ങള്‍ ചെയ്തു എന്നു കൂടി അവര്‍ പറഞ്ഞു.
അവധിക്ക് നാട്ടില്‍ പോയി തിരിച്ചെത്തുമ്പോള്‍ വീട്ടിലെ മറ്റ് കുട്ടികളെ കൂടി വിദ്യാര്‍ത്ഥി ഒപ്പം കൂട്ടിയാല്‍ സാധാരണഗതിയില്‍ ബന്ധപ്പെട്ട അധികൃതര്‍ ചെയ്യുക അവരെ രക്ഷിതാക്കളെ വിളിച്ചുവരുത്തി തിരിച്ചയക്കുകയാണ്. കാരണം അത്തരം കുട്ടികള്‍ സ്ഥാപനത്തിന്റെ ഉത്തരവാദിത്തത്തില്‍ പെട്ടതല്ല എന്നത് തന്നെ.
ഇവിടെ പക്ഷെ ആ കുട്ടികളെ കൂടി അനാഥാലയ അധികൃതര്‍ ഏറ്റെടുക്കുകയാണുണ്ടായത്. അതായത് അനാഥാലയത്തിന്റെ അറിവോടെ തന്നെയാണ് ഈ കുട്ടികളേയും കേരളത്തിലേക്ക് എത്തിച്ചത് എന്ന്.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കുട്ടികളെ അനാഥാലയങ്ങളിലേക്ക് കൊണ്ടുവരുമ്പോള്‍ ആ സംസ്ഥാനത്തെ സര്‍ക്കാറിന്റേയും കുട്ടികളുടെ രക്ഷിതാക്കളുടെയും അനുമതി പത്രവും മറ്റു രേഖകളും നിര്‍ബന്ധമാണ്. ഇപ്പോള്‍ പാലക്കാട് നടന്ന സംഭവത്തില്‍ നിന്നും വ്യക്തമായത് ഈ രേഖകളില്‍ പലതും വ്യാജമാണ് എന്നാണ്.
ബീഹാര്‍, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ നിന്നുമാണ് കുട്ടികളെ എത്തിച്ചത്. ഝാര്‍ഖണ്ഡിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുമെത്തിയ കുട്ടികളുടെ രേഖകളില്‍ പലതും ഒരേ ഓഫീസറുടെ കൈപ്പടയിലുള്ളതാണെന്നതാണ് വസ്തുത. നിയമലംഘനം നടന്നു എന്നതിന്റെ വ്യക്തമായ തെളിവാണിത്.
എന്തുകൊണ്ട് യത്തീംഖാനകള്‍ പലപ്പോഴും വിവാദ വിഷയമാകുന്നു? അറബി കല്യാണമുണ്ടാക്കിയ കോളിളക്കം അടങ്ങിയപ്പോഴേക്കും മറ്റൊരു വിഷയം. ഇത്തവണ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാണ്. സെക്ഷന്‍ 370(5) പ്രകാരമാണ് കേസ്. മനുഷ്യക്കടത്ത്. ഭയപ്പെടുത്തിയോ, പ്രലോഭിപ്പിച്ചോ ബലപ്രയോഗത്തിലൂടെയോ മനുഷ്യരെ കടത്തുക. 14 വര്‍ഷം വരെ തടവും ഒപ്പം പിഴയും ലഭിക്കാവുന്ന ശിക്ഷ.
ഇതാണ് സംഭവത്തില്‍ മുസ്‌ലീം ലീഗിനെയും അനാഥാലയ അധികൃതരേയും പ്രകോപിപ്പിച്ചത്. മുസ്‌ലിം സമുദായത്തെ ഒറ്റപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും മുന്‍വിധി പ്രകാരമാണ് കേസ് അന്വേഷിക്കുന്നതെന്നുമൊക്കെ ഇവര്‍ പറയുന്നു. ഇവരുടെ ഈ വാദത്തെ മുഖവിലക്കെടുത്തു കൊണ്ട് തന്നെ പറയട്ടേ, ഇവിടെയുള്ള യത്തീംഖാനകളുടെയടക്കമുള്ള പല സ്ഥാപനങ്ങളുടേയും പ്രവര്‍ത്തനം പലപ്പോഴും നിഗൂഢമായി തോന്നാറുണ്ട്.
അതിനുള്ള വകയുണ്ടാക്കുന്നത് ബന്ധപ്പെട്ട അധികൃതരും നേതാക്കളും തന്നെയാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള കുട്ടികളുടെ വിഷയവുമായി ബന്ധപ്പെട്ട് മുസ്‌ലീം ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീര്‍ കഴിഞ്ഞ ദിവസം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ആവര്‍ത്തിച്ച് ധാര്‍ഷ്ഠ്യത്തോടെ പറഞ്ഞ ഒരു കാര്യമുണ്ട്, അനാഥാലയങ്ങളെ കുറിച്ച് അന്വേഷണം നടത്തേണ്ടതില്ലെന്ന്.
മനുഷ്യാവകാശ ലംഘനങ്ങളോ സാമ്പത്തിക ക്രമക്കേടോ നിയമലംഘനങ്ങളോ ഈ സ്ഥാപനങ്ങളില്‍ നടക്കില്ലെന്ന ഇ.ടി മുഹമ്മദ് ബഷീറിന്റെ ഉറച്ച ബോധ്യത്തില്‍ നിന്നാണ് അദ്ദേഹം അങ്ങനെ പറഞ്ഞതെങ്കില്‍ അക്കാര്യം ജനങ്ങളെ കൂടി ബോധ്യപ്പെടുത്തേണ്ടതല്ലേ. അതിനാവശ്യം സ്വതന്ത്രവും സമഗ്രവുമായ ഒരു അന്വേഷണമല്ലേ.
അടുത്ത പേജില്‍ തുടരുന്നു
വിദ്യാഭ്യാസം നേടുക എന്നതിനേക്കാളപ്പുറം ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം തുടങ്ങിയ പ്രാഥമിക കാര്യങ്ങളാവും ഇവരെ ഈ ദൂരമൊക്കെ താണ്ടാന്‍ പ്രേരിപ്പിച്ചിരിക്കുക. ഇതേ കാരണങ്ങള്‍ പറഞ്ഞു തന്നെയാവും കുട്ടികളെ ഇവിടെങ്ങളിലെ അനാഥാലയങ്ങളിലേക്ക് കൊണ്ടുവന്നിട്ടുണ്ടാവുക. ഇതിനായി കേരളത്തിലെ മിക്ക അനാഥാലയങ്ങള്‍ക്കും ഏജന്റുമാരുമുണ്ട്.
ഇവിടെ സാമൂഹിക പ്രാധാന്യമുള്ള വിഷയത്തെ മതപരമാക്കാനാണ് ശ്രമിക്കുന്നത്. അതില്‍ ഈ മതസമുദായ നേതാക്കള്‍ക്കും പങ്കുണ്ട് എന്നതാണ് സത്യം. നിയമലംഘനം നടന്നിട്ടുണ്ടെങ്കില്‍ അത് അന്വേഷിച്ച് സത്യാവസ്ഥ പുറത്ത് കൊണ്ട് വരണം. ആരുടെയൊക്കെയോ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി മതവികാരം ഇളക്കി വിട്ട് വിഷയത്തെ പ്രതിരോധിക്കുകയല്ല വേണ്ടത്.
അറബി കല്യാണ വിഷയത്തിലും ഇതേ പ്രതിരോധമാണുണ്ടായത്. ഒരു സമുദായത്തെ മൊത്തം സംശയിക്കുന്നതിനേക്കാള്‍ നല്ലതല്ലേ നെല്ലും പതിരും വേര്‍തിരിച്ചെടുക്കുന്നത്. നല്ലരീതിയില്‍ നടത്തുന്ന സ്ഥാപനങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എന്തിന് കൊണ്ടെത്തിക്കണം.
ഇസ്‌ലാം മതവിശ്വാസ പ്രകാരം യത്തീം(അനാഥര്‍) സംരക്ഷണം പുണ്യപ്രവൃത്തിയാണ്. എന്നാല്‍ പുണ്യം കിട്ടാന്‍ വേണ്ടി മാത്രമാണ് ഇവിടുത്തെ മതസംഘടനകള്‍ അനാഥാലയങ്ങള്‍ നടത്തുന്നത് എന്ന് വിശ്വസിക്കുക അല്‍പം പ്രയാസമാണ്. കാരണം അറബി കല്യാണം പോലുള്ള ഉദാഹരണങ്ങള്‍ നമുക്കു മുന്നിലുണ്ട്. ഇതൊന്നും ഒറ്റപ്പെട്ട സംഭവങ്ങളുമല്ല. നേരത്തേയും ഇപ്പോഴും ഇങ്ങനെയുള്ള പല സംഭവങ്ങളും ഇവിടെ നടക്കുന്നുണ്ട്.
പ്രാഥമിക വിദ്യാഭ്യാസത്തിനായി ഭാഷയും സംസ്‌കാരവുമറിയാത്ത മറ്റൊരിടത്തേക്ക് ചെറുപ്രായത്തില്‍ തങ്ങളുടെ കുഞ്ഞുങ്ങളെ അയക്കേണ്ടി വരുന്ന രക്ഷിതാക്കളുടെ സാമൂഹിക സാമ്പത്തിക സാഹചര്യമാണ് ഇവിടെ ചര്‍ച്ച ചെയ്യപ്പെടേണ്ടത്.
വന്‍തുകയാണ് യത്തീംഖാനകള്‍ക്ക് സംഭാവനയായി ലഭിക്കുന്നത്. കേരളത്തിലെ മുസ്‌ലീം വീടുകളില്‍ നടത്തുന്ന പിരിവുകളല്ലാതെ വിദേശത്തു നിന്നും വലിയ തുകകള്‍ യത്തീംഖാനകള്‍ക്ക് ഫണ്ടായി ലഭിക്കുന്നുണ്ട്. കൂടാതെ സര്‍ക്കാരില്‍ നിന്നും അനാഥാലയങ്ങള്‍ക്ക് ധനസഹായം ലഭിക്കുന്നു. ഈ പണമെല്ലാം അനാഥാലയത്തിലെ അന്തേവാസികളുടെ പഠനത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുമായാണ് ഉപയോഗിക്കുന്നത് എന്നാണ് പറയപ്പെടുന്നത്.
ഇങ്ങനെ ഫണ്ട് ലഭിക്കാന്‍ ചില നിബന്ധനകളുമുണ്ട്. അനാഥാലയങ്ങളില്‍ നിശ്ചിത അന്തേവാസികള്‍ വേണമെന്നതടക്കമുള്ള കാര്യങ്ങള്‍. കേരളത്തിലെ നിലവിലെ മുസ്ലീങ്ങളുടെ സാമ്പത്തിക സാഹചര്യമനുസരിച്ച് യത്തീംഖാനകള്‍ക്ക് “ആവശ്യമുള്ളത്ര” കുട്ടികളെ ഇവിടെ നിന്ന് ലഭിക്കില്ല. അതിനാലാണ് ഇതര സംസ്ഥാനങ്ങളിലേക്ക് അനാഥാലയങ്ങളുടെ കൈകള്‍ നീളുന്നത്.
നേരത്തേ പറഞ്ഞത് പോലെ നിയപ്രകാരം തന്നെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കുട്ടികളെ കൊണ്ടുവരാമെന്നിരിക്കേ എന്തുകൊണ്ടായിരിക്കും രേഖകളില്ലാതെയും കുട്ടികളെ കൊണ്ടുവന്നത്. എന്ന ചോദ്യം പ്രസക്തമാകുന്നത് ഇവിടെയാണ്.
അനാഥാലയങ്ങള്‍(യത്തീംഖാന) അനാഥരായവര്‍ക്ക് വേണ്ടിയുള്ളതാണ്. എന്നാല്‍ ഇന്ന് കേരളത്തിലെ മിക്ക യത്തീംഖാനകളിലേയും അന്തേവാസികളില്‍ പലരും അനാഥരല്ല. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ മുസ്ലീങ്ങളുടെ സാമൂഹിക സാമ്പത്തികാവസ്ഥയാണ് കേരളത്തിലേക്കെത്തപ്പെടുന്ന ഈ സനാഥരായ അനാഥ ബാല്യങ്ങള്‍ക്കുള്ള മറുപടി.
ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന കുട്ടികളെല്ലാം തന്നെ പിന്നോക്ക മുസ്‌ലിം കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. പ്രാഥമിക വിദ്യാഭ്യാസത്തിനായി ഭാഷയും സംസ്‌കാരവുമറിയാത്ത മറ്റൊരിടത്തേക്ക് ചെറുപ്രായത്തില്‍ തങ്ങളുടെ കുഞ്ഞുങ്ങളെ അയക്കേണ്ടി വരുന്ന രക്ഷിതാക്കളുടെ സാമൂഹിക സാമ്പത്തിക സാഹചര്യമാണ് ഇവിടെ ചര്‍ച്ച ചെയ്യപ്പെടേണ്ടത്.
വിദ്യാഭ്യാസം നേടുക എന്നതിനേക്കാളപ്പുറം ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം തുടങ്ങിയ പ്രാഥമിക കാര്യങ്ങളാവും ഇവരെ ഈ ദൂരമൊക്കെ താണ്ടാന്‍ പ്രേരിപ്പിച്ചിരിക്കുക. ഇതേ കാരണങ്ങള്‍ പറഞ്ഞു തന്നെയാവും കുട്ടികളെ ഇവിടെങ്ങളിലെ അനാഥാലയങ്ങളിലേക്ക് കൊണ്ടുവന്നിട്ടുണ്ടാവുക. ഇതിനായി കേരളത്തിലെ മിക്ക അനാഥാലയങ്ങള്‍ക്കും ഏജന്റുമാരുമുണ്ട്. കേരളത്തില്‍ നിന്നും പിഞ്ചു കുഞ്ഞുങ്ങളെ ഊട്ടിയിലേയും മറ്റും ഇന്റര്‍നാഷണല്‍ സ്‌കൂളുകളിലേക്ക് പാക്ക് ചെയ്യുന്നത് പോലെ ലളിതമല്ല ഇവിടെ കാര്യങ്ങള്‍. നിസ്സഹായരായ രക്ഷിതാക്കളുടെ ദൗര്‍ബല്യമാണ് ഇവിടെ ചൂഷണം ചെയ്യപ്പെടുന്നത്.
അടുത്ത പേജില്‍ തുടരുന്നു
ഇതിനൊപ്പം തന്നെ എടുത്തുപറയേണ്ട കാര്യമാണ് വിഷയത്തെ ചില മാധ്യമങ്ങള്‍ കൈകാര്യം ചെയ്ത രീതി. എന്തൊക്കെയോ ചില മുന്‍വിധികളുടേയും അജണ്ടകളുടേയും പുറത്താണ് ഈ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ പടച്ചു വിടുന്നത് എന്നു തോന്നിപ്പോകുന്നു.
മുസ്ലീങ്ങള്‍ക്ക് നേരെ ഉയരുന്ന സംശയക്കണ്ണുകള്‍ ഒരു യാഥാര്‍ത്ഥ്യമാണ്. പല വിഷയങ്ങളിലും മുസ്‌ലിം സമുദായം മുഴുവനായും ഇതിന് ഇരയാകുന്നുമുണ്ട്. ഇവിടെയും സമാനമായ സാഹചര്യമാണ് എന്നതാണ് ഏറെ ദയനീയം. കുട്ടികളെ മതപരിവര്‍ത്തനത്തിനും തീവ്രവാദത്തിനുമൊക്കെയായി ഉപയോഗിക്കപ്പെടുന്നു എന്നൊക്കെയുള്ള ആരൊക്കെയോ എവിടെ നിന്നൊക്കെയോ നടത്തുന്ന പരാമര്‍ശങ്ങളുടെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടിവരുന്നത് ഒരു കൂട്ടം നിരപരാധികളായ മനുഷ്യര്‍ കൂടിയാണ്.
ഇതിന്റെയെല്ലാം ഗുണഭോക്താക്കള്‍ വീണ്ടും കൂടുതല്‍ ശക്തമായി സമൂഹത്തില്‍ നില്‍ക്കുകയും ചെയ്യും. സാമൂഹ്യ സേവനം ചെയ്യേണ്ടവര്‍ അതാവശ്യമുള്ളിടത്ത് പോയി ചെയ്യട്ടേയെന്ന ആഭ്യന്തര മന്ത്രിയുടെ വാക്കും സമുദായത്തിന് നേരെയുള്ള മനപൂര്‍വമായ ആക്രമണമാണിതെന്ന സമുദായ നേതാവിന്റെ വാക്കും ഒരേ സമയം പലവിധത്തില്‍ ഒരു സമുദായത്തെയാകെ വേട്ടയാടും.
ഇതിനൊപ്പം തന്നെ എടുത്തുപറയേണ്ട കാര്യമാണ് വിഷയത്തെ ചില മാധ്യമങ്ങള്‍ കൈകാര്യം ചെയ്ത രീതി. എന്തൊക്കെയോ ചില മുന്‍വിധികളുടേയും അജണ്ടകളുടേയും പുറത്താണ് ഈ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ പടച്ചു വിടുന്നത് എന്നു തോന്നിപ്പോകുന്നു. ഇവിടെ വിഷയത്തെ ലഘൂകരിക്കാന്‍ ശ്രമിക്കുകയല്ല, മറിച്ച് സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങളില്‍ രണ്ട് നിലപാട് സ്വീകരിക്കുന്ന മാധ്യമധര്‍മത്തെ കുറിച്ചാണ് പറയുന്നത്.
അടുത്തിടെ ഏറെ വിവാദമായ മറ്റൊരു വിഷയമായിരുന്നു അമൃതാനന്ദമയി മഠവുമായി ബന്ധപ്പെട്ടുണ്ടായത്. മഠത്തിലെ അന്തേവാസിയായിരുന്ന സ്ത്രീ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങള്‍ കേരളത്തില്‍ മാത്രമല്ല അന്താരാഷ്ട്ര തലത്തില്‍ തന്നെ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന കാര്യങ്ങളായിരുന്നു.
ലൈംഗിക ആരോപണം, സാമ്പത്തിക ക്രമക്കേട് തുടങ്ങിയ ഗുരുതരമായ നിരവധി കാര്യങ്ങള്‍ അന്ന് മഠത്തിന് നേരെ ഉന്നയിക്കപ്പെട്ടിരുന്നു. അന്ന് കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളില്‍ പലതും പുല്‍കിയ മൗനം എന്തിന് വേണ്ടിയായിരുന്നു?
ഇന്ന് മനുഷ്യക്കടത്ത് പോലെ ഗുരുതരമായ കുറ്റം ചുമത്തുന്നവര്‍ എന്തുകൊണ്ട് മഠത്തിന്റെ വിഷയത്തില്‍ മൗനികളായി?
തന്നെ ലൈംഗികമായി ചൂഷണം ചെയ്തു എന്ന് ഒരു ഇര തന്നെ വെളിപ്പെടുത്തുകയാണുണ്ടായത്. പീഡനക്കേസുകളില്‍ ഇരയുടെ മൊഴി മാത്രം മതി ശിക്ഷിക്കാന്‍ എന്ന നിയമം നിലനില്‍ക്കേയാണ് സര്‍ക്കാരും മാധ്യമങ്ങളും ഈ വെളിപ്പെടുത്തലിനെ തമസ്‌കരിച്ചത്. കൂടാതെ ഒരു വിദേശ വനിത കൂടിയാണ് മഠത്തിനും അമൃതാനന്ദമയിക്കുമെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചത്.
യത്തീംഖാന വിഷയത്തില്‍- ബംഗ്ലാദേശ് കുടിയേറ്റം, തീവ്രവാദം, മനുഷ്യക്കടത്ത് എന്നിങ്ങനെ നിഗമനങ്ങള്‍ നീളുമ്പോള്‍ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്ന മഠത്തിന് നേരെ നിഷ്പക്ഷമായ അന്വേഷണങ്ങള്‍ പോലുമുണ്ടായില്ല. ഇതാദ്യമായിട്ടായിരുന്നില്ല അമൃതാനന്ദമയി മഠത്തിന് നേരെ ആരോപണമുയര്‍ന്നത്. സത്‌നംസിങ്ങിന്റെ കൊലപാതകം ഇന്നും ഒരു കടങ്കഥയായി നമുക്ക് മുന്നിലുണ്ട്.
പുറംലോകമറിഞ്ഞതും അറിയാത്തതുയമായി ഇനിയും എത്രയോ കൊലപാതകങ്ങളും ലൈംഗിക ചൂഷണങ്ങളും സാമ്പത്തിക ക്രമക്കേടുകളും ഇത്തരം മഠങ്ങളിലും അനാഥാലയങ്ങളിലും നടക്കുന്നുണ്ടാകും. ഇതിനെയെല്ലാം ഒന്നടങ്കം ഉന്മൂലനം ചെയ്യുന്നതിന് പകരം അവനവന് താത്പര്യവും ഗുണവുമുള്ള വിഷയങ്ങളില്‍ മൗനവും അല്ലാത്തവയില്‍ “ആത്മാര്‍ത്ഥമായി പണിയെടുക്കുന്ന” ഭരണകൂടവും ഉദ്യോഗസ്ഥവൃന്ദവും മാധ്യമങ്ങളുമാണ് കേരളത്തിന്റെ ശാപം.
ഇന്ന് മനുഷ്യക്കടത്ത് പോലെ ഗുരുതരമായ കുറ്റം ചുമത്തുന്നവര്‍ എന്തുകൊണ്ട് മഠത്തിന്റെ വിഷയത്തില്‍ മൗനികളായി? വിദേശികളെയടക്കം ആത്മീയതയുടെ പേരില്‍ പലവിധ ചൂഷണങ്ങള്‍ക്ക് ഇരയാക്കിയവരെ ഏത് വകുപ്പ് ചുമത്തിയാണ് അന്വേഷണത്തിന് വിധേയരാക്കേണ്ടത്? ഇതിനെല്ലാം മറുപടി ലഭിക്കേണ്ടതാണ്. മറുപടി പറയേണ്ടത് ഇവിടുത്തെ മാധ്യമങ്ങളും അന്വേഷണ ഉദ്യോഗസ്ഥരുമടക്കമുള്ളവരാണ്.
രണ്ട് ന്യായം രണ്ട് നീതി എന്നതല്ല ഒരു ജനാധിപത്യ സംസ്‌കാരത്തില്‍ വേണ്ടത്. സ്വതന്ത്രവും സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം വേണ്ടത് ചില പ്രത്യേക വിഷയങ്ങളില്‍ മാത്രമല്ല. സമുദായ നേതാക്കളും അന്വേഷണ ഉദ്യോഗസ്ഥരും മാധ്യമങ്ങളും വിധേയത്വവും വിവേചനവും മാറ്റിവെച്ച് മതങ്ങളുടേയും സമുദായങ്ങളുടേയും ഭരണകൂടത്തിന്റേയും ഇടയില്‍പെട്ട് ഞെങ്ങിയമരുന്ന മനുഷ്യര്‍ക്കൊപ്പമാണ് നില്‍ക്കേണ്ടത്.