| Friday, 6th October 2023, 5:07 pm

'ന്യൂസ് ക്ലിക്കിനെതിരായ നടപടി ഷാജന്‍ സ്‌കറിയയുടെ അശ്ലീല ബ്ലാക്ക്‌മെയിലിനെതിരെയുള്ള നടപടികളുമായി സമീകരിക്കരുത്'

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട ന്യൂസ്ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുര്‍കായസ്തയ്‌ക്കെതിരായി ദല്‍ഹി പൊലീസിന്റെ നടപടി കേരളത്തില്‍ ഷാജന്‍ സ്‌കറിയക്കെതിരെ എടുത്ത പൊലീസ് നടപടികളുമായി സമീകരിക്കാനുള്ള ശ്രമം ബി.ജെ.പിക്കാരുടെ ന്യായീകരണം മാത്രമാണെന്ന് മുന്‍ മന്ത്രിയും സി.പി.ഐ.എം നേതാവുമായ തോമസ് ഐസക്. ഷാജന്‍ നടത്തിക്കൊണ്ടിരിക്കുന്ന അശ്ലീല ബ്ലാക്ക്‌മെയില്‍ പ്രവര്‍ത്തനങ്ങളെ മാധ്യമപ്രവര്‍ത്തനമെന്ന് പ്രകീര്‍ത്തിക്കുന്നതിന് ചെറിയ ഉളുപ്പുപോരായെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ അദ്ദേഹം പറഞ്ഞു.

ബി.ജെ.പി മാത്രമല്ല ചില കോണ്‍ഗ്രസ് ആസ്ഥാനവിദ്വാന്മാരും ഈയൊരു സമീകരണവുമായിട്ട് ഇറങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇ.ഡി പിടിച്ചെടുത്ത നാലരലക്ഷം ഇ-മെയിലുകളില്‍ ചിലതിന്റെ കോപ്പികള്‍ തെളിവായി ഹാജരാക്കി ന്യൂസ് ക്ലിക്കിനെതിരായ നടപടികളെ ന്യായീക്കാനാകില്ലെന്നും തോമസ് ഐസക് പറഞ്ഞു.

‘ഇ.ഡി പിടിച്ചെടുത്ത നാലരലക്ഷം ഇ-മെയിലുകളില്‍ ചിലതിന്റെ കോപ്പികള്‍ തെളിവായി ഹാജരാക്കിയാണ് വാദങ്ങള്‍. ഇവര്‍ ഹാജരാക്കുന്ന രേഖകളില്‍ ഏതൊക്കെ ശരി, ഏതൊക്കെ വ്യാജം എന്നുള്ളത് അന്വേഷിച്ച് ഉറപ്പിക്കേണ്ട കാര്യമാണ്. ഇതാണ് ഭീമാ കൊറേഗാവ് ഗൂഢാലോചന കേസില്‍ നിന്നും പഠിക്കേണ്ട പാഠം. പാവം ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ ലാപ്‌ടോപ്പില്‍പ്പോലും കൃത്രിമമായി രേഖകള്‍ സ്ഥാപിച്ചവരല്ലേ ബി.ജെ.പി ഏജന്‍സികള്‍,’ തോമസ് ഐസക് പറഞ്ഞു.

തോമസ് ഐസകിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ന്യൂസ് ക്ലിക്കിനെതിരെയുള്ള അടിയന്തരാവസ്ഥക്ക് സമാനമായ നടപടിയെ ന്യായീകരിക്കാന്‍ ബി.ജെ.പിക്കാര്‍ ഇറങ്ങിയിട്ടുണ്ട്. കേരളത്തില്‍ ഷാജന്‍ സ്‌കറിയക്കെതിരെ എടുത്ത പൊലീസ് നടപടികളുമായി സമീകരിക്കാനാണു ശ്രമം.

ഷാജന്‍ സ്‌കറിയ എവിടെ? ഇപ്പോള്‍ കല്‍ത്തുറങ്കില്‍ അടച്ചിരിക്കുന്ന പ്രബീര്‍ പുര്‍കായസ്ഥയും അമിത് ചക്രവര്‍ത്തിയും എവിടെ? അതല്ലെങ്കില്‍ ഷാജനും ഇന്ന് പൊലീസ് ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ഇന്ത്യയിലെ പ്രമുഖ സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തകരും പണ്ഡിതന്മാരുമായ ഗീത ഹരിഹരന്‍, ഡി. രഘുനന്ദന്‍, പരഞ്ജോയ് ഗുഹ താകുര്‍ത്ത, ഊര്‍മിളേഷ്, ടീസ്ത സെതല്‍വാദ് തുടങ്ങിവരുമായി എന്തെങ്കിലും താരതമ്യമുണ്ടോ?

ഷാജന്‍ നടത്തിക്കൊണ്ടിരിക്കുന്ന അശ്ലീല ബ്ലാക്ക്‌മെയില്‍ പ്രവര്‍ത്തനങ്ങളെ മാധ്യമപ്രവര്‍ത്തനമെന്ന് പ്രകീര്‍ത്തിക്കുന്നതിനു ചെറിയ ഉളുപ്പു പോരാ. അയാളുടെ ഇരകളായിട്ടുള്ള പൗരന്മാര്‍ക്ക് പ്രത്യേകിച്ചും സ്ത്രീകള്‍ക്കു നിയമപരമായ പരിരക്ഷ നേടുന്നതിനുള്ള അവകാശം ഇല്ലേ? അവരുടെ പരാതികളുടെ അടിസ്ഥാനത്തിലല്ലേ സര്‍ക്കാര്‍ നടപടി.

പക്ഷേ, അപ്പോള്‍ പറയുക ഷാജന്‍ സ്‌കറിയക്കെതിരെ ആസൂത്രിതവും സംഘടിതവുമായ ആക്രമണമാണെന്നാണ്. ഇത്രയും നാള്‍ അയാള്‍ നടത്തിക്കൊണ്ടിരുന്ന വൃത്തികേടുകള്‍ എത്ര ആസൂത്രിതവും അഴിമതിപൂര്‍ണവുമാണ്. ഇതിനെതിരെ ഇരകള്‍ ആവശ്യപ്പെട്ടാല്‍ അവരെ സര്‍ക്കാര്‍ കൈവെടിയണമെന്നാണോ? ഇത്തരമൊരു സാഹചര്യമാണോ ന്യൂസ് ക്ലിക്കിന്റേത്?

എന്നെ അത്ഭുതപ്പെടുത്തിയതു ചില കോണ്‍ഗ്രസ് ആസ്ഥാനവിദ്വാന്മാരും ഈയൊരു സമീകരണവുമായിട്ട് ഇറങ്ങിയപ്പോഴാണ്. ഇന്ത്യാ ബ്ലോക്ക് ഒക്കെ ശരി. പക്ഷേ, കേരളത്തിലെ സി.പി.ഐ.എം, ബി.ജെപിയുമായിട്ട് ഒത്തുകളിക്കുകയാണെന്നല്ലേ പ്രതിപക്ഷനേതാവുതന്നെ പറയുന്നത്.

ഇന്നിപ്പോള്‍ ചില ബി.ജെ.പിക്കാര്‍ അവര്‍ക്കുകിട്ടുന്ന ചില രഹസ്യരേഖകളുമായി രംഗപ്രവേശനം ചെയ്തു തുടങ്ങിയിട്ടുണ്ട്. ഇ.ഡി പിടിച്ചെടുത്ത നാലരലക്ഷം ഇ-മെയിലുകളില്‍ ചിലതിന്റെ കോപ്പികള്‍ തെളിവായി ഹാജരാക്കിയാണ് വാദങ്ങള്‍. ഇവര്‍ ഹാജരാക്കുന്ന രേഖകളില്‍ ഏതൊക്കെ ശരി, ഏതൊക്കെ വ്യാജം എന്നുള്ളത് അന്വേഷിച്ച് ഉറപ്പിക്കേണ്ട കാര്യമാണ്. ഇതാണ് ഭീമാ കൊറേഗാവ് ഗൂഢാലോചന കേസില്‍ നിന്നും പഠിക്കേണ്ട പാഠം. പാവം ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ ലാപ്‌ടോപ്പില്‍പ്പോലും കൃത്രിമമായി രേഖകള്‍ സ്ഥാപിച്ചവരല്ലേ ബി.ജെ.പി ഏജന്‍സികള്‍.

വെളുപ്പാന്‍ കാലത്ത് ചോദ്യം ചെയ്യാന്‍ പിടിച്ചുകൊണ്ടുപോയ മാധ്യമപ്രവര്‍ത്തകരോടുള്ള പൊതുചോദ്യങ്ങളിലൊന്ന് കര്‍ഷകസമരവും സി.എ.എ വിരുദ്ധ സമരവും റിപ്പോര്‍ട്ട് ചെയ്യാന്‍ പോയിരുന്നോ എന്നതാണ്. കടുത്ത ദേശവിരുദ്ധ പ്രവര്‍ത്തനത്തിന്റെ കുറ്റസമ്മതം വാങ്ങുന്നതുപോലെ അവ രേഖപ്പെടുത്തിയെടുക്കുകയും ചെയ്തു. കര്‍ഷകസമരത്തെ നീട്ടിക്കൊണ്ടുപോയി ഇന്ത്യയുടെ ഭക്ഷ്യസുരക്ഷയെ തകര്‍ക്കാനുള്ള ആസൂത്രിതമായ ശ്രമമായിരുന്നത്രേ ന്യൂസ് ക്ലിക്കിന്റേത്.

എന്തുകൊണ്ട് ബി.ജെ.പി സര്‍ക്കാരിന് ഈ ശ്രമത്തിന് മുന്നില്‍ കീഴടങ്ങേണ്ടി വന്നു? ചൂടപ്പംപോലെ പാര്‍ലമെന്റില്‍ പാസാക്കിയെടുത്ത കര്‍ഷക നിയമങ്ങള്‍ ഇപ്പോഴും അട്ടത്തുവച്ചിരിക്കുകയല്ലേ. ഈയൊരു വിജയം നേടുന്നതിന് ഇന്ത്യയിലെ കൃഷിക്കാരെ സഹായിച്ചതിനു ജയിലില്‍ കിടക്കുമ്പോഴും പ്രബീറിനും മറ്റും അഭിമാനമേ ഉണ്ടാകൂ.
മറ്റൊന്ന്, ചൈനീസ് പ്രൊപ്പഗണ്ടയെക്കുറിച്ചാണ്.

ഇപ്പോള്‍ അത് കുറച്ചുകൂടി മൂര്‍ത്തമായിട്ടുണ്ട്. കശ്മീരിന്റെയും അരുണാചലിന്റെയും വെട്ടിമുറിച്ച ഭൂപടങ്ങള്‍ പ്രചരിപ്പിക്കുന്നതിനു ന്യൂസ്ക്ലിക്ക് ശ്രമിച്ചത്രേ. ആ ശ്രമങ്ങളുടെ തെളിവു പുറത്തുവിടാമല്ലോ. ഈ വെട്ടിമുറിച്ച ഭൂപടങ്ങള്‍ ഇന്നേവരെ ന്യൂസ് ക്ലിക്കിന്റെ ഏതെങ്കിലും വാര്‍ത്തകളിലോ ലേഖനങ്ങളിലോ വന്നതായി ഞങ്ങള്‍ കണ്ടിട്ടില്ല. ഒരുപക്ഷേ, പരമരഹസ്യമായിട്ടായിരിക്കാം ന്യൂസ് ക്ലിക്ക് ഇതു ചെയ്തത്.

ഈ ഭൂപടം വഴിയായിട്ടാണത്രേ സി.പി.ഐ.എം നേതാക്കളിലേക്ക് എത്താന്‍ പോകുന്നത്. സി.പി.ഐ.എമ്മിന് എത്രയോ പ്രസിദ്ധീകരണങ്ങളുണ്ട്. അവിടെയെവിടെയെങ്കിലും ഇത്തരം ഭൂപടങ്ങള്‍ പ്രസിദ്ധീകരിച്ചു കണ്ടിട്ടുണ്ടോ? സോവിയേറ്റ് യൂണിയന്റെയും ചൈനയുടെയും നിലപാടുകളെ വിമര്‍ശിച്ച് സ്വതന്ത്രമായി വളര്‍ന്നുവന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ് സി.പി.ഐ.എം. അതോടൊപ്പം ചൈനയോടു മാത്രമല്ല, ഇന്നും നിലനില്‍ക്കുന്ന മറ്റ് സോഷ്യലിസ്റ്റ് രാജ്യങ്ങളുടെ വളര്‍ച്ചയോടു ഞങ്ങള്‍ക്ക് ഐക്യദാര്‍ഢ്യമുണ്ട്. അതൊന്നും മറച്ചുവച്ചിട്ടുള്ള കാര്യങ്ങളല്ല.
ന്യൂസ് ക്ലിക്കിലെ പ്രവര്‍ത്തകര്‍ക്ക് സി.പി.ഐ.എമ്മുമായി നല്ല ബന്ധമുണ്ടാകാം. എന്താ അതില്‍ തെറ്റ്? അവരില്‍ ചിലര്‍ സ്ഥിരമായി പാര്‍ട്ടി പ്രസിദ്ധീകരണങ്ങളില്‍ എഴുതാറുമുണ്ട്. അതെല്ലാം സി.പി.ഐ.എമ്മിന്റെ രാഷ്ട്രീയ കാഴ്ചപ്പാടിന് അനുസൃതമായിട്ടുള്ള ലേഖനങ്ങളാണ്.

സി.പി.ഐ.എമ്മിനെ സംബന്ധിച്ചിടത്തോളം വിദേശ ഫണ്ട് മാത്രമല്ല, ഇന്ത്യയിലെ കോര്‍പ്പറേറ്റ് ഫണ്ടും സ്വീകരിക്കാത്ത പാര്‍ട്ടിയാണ്. അതുകൊണ്ട് ഇത്തരം ഉമ്മാക്കി കാട്ടിയൊന്നും ഭയപ്പെടുത്തണ്ട. റസ്റ്റു ചെയ്തുകൊണ്ടുപോകുന്ന പ്രബീര്‍ പുര്‍കായസ്ഥയുടെ മുഖം നോക്കൂ. ഭയത്തിന്റെ ലാഞ്ചന ആ മുഖത്തുണ്ടോ?

Content Highlight: Former  Minister Thomas Isaac said  Action against NewsClick should not be equated with action against Shajan Skaria’s obscene blackmail.

We use cookies to give you the best possible experience. Learn more