ടി-20 ലോകകപ്പിനുള്ള തങ്ങളുടെ 15 അംഗ സ്‌ക്വാഡ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുകയാണ്. രോഹിത് ശര്‍മയെ ക്യാപ്റ്റനാക്കിയും ഹര്‍ദിക് പാണ്ഡ്യയെ വൈസ് ക്യാപ്റ്റനാക്കിയുമാണ് സ്‌ക്വാഡ് പ്രഖ്യാപിച്ചിരിക്കുന്നത്.
വിക്കറ്റ് കീപ്പറുടെ റോളില്‍ സഞ്ജു സാംസണും റിഷബ് പന്തുമാണ് ഇടം നേടിയിരിക്കുന്നത്. കെ.എല്‍. രാഹുല്‍, ഇഷാന്‍ കിഷന്‍, ജിതേഷ് ശര്‍മ തുടങ്ങി എണ്ണമറ്റ ഓപ്ഷനുകളില്‍ നിന്നാണ് സെലക്ടര്‍മാര്‍ സഞ്ജുവിനെയും പന്തിനെയും സ്‌ക്വാഡിന്റെ ഭാഗമാക്കിയിരിക്കുന്നത്.
ഇപ്പോള്‍ ഇന്ത്യന്‍ ടീമിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും വിക്കറ്റ് കീപ്പര്‍ ബാറ്ററുമായ ദീപ് ദാസ് ഗുപ്ത. സ്‌ക്വാഡ് പ്രഖ്യാപനത്തിന് മുമ്പ് സ്‌പോര്‍ട്‌സ് കീഡക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘റിഷബ് പന്താണ് എന്റെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍. കഴിഞ്ഞ ഒന്നര വര്‍ഷം മുമ്പ് നടന്ന സംഭവത്തിന് ശേഷം ഫിറ്റ്‌നെസ്സില്‍ അവന്‍ എവിടെയെത്തി നില്‍ക്കുന്നു എന്നത് മാത്രമാണ് എനിക്കുള്ള ചോദ്യം. ആദ്യ രണ്ട് മത്സരങ്ങളില്‍ റണ്‍സ് നേടിയില്ലെങ്കിലും, അവന്‍ വിക്കറ്റുകള്‍ സംരക്ഷിക്കുന്നതോടെ അവന്‍ ഫിസിക്കലി ഫിറ്റാണെന്ന് എനിക്ക് മനസിലായി.
അവന്‍ ഭാരം കൂടിയിട്ടുണ്ടെന്ന് നിങ്ങള്‍ക്ക് എല്ലായ്‌പ്പോഴും വാദിക്കാം. എന്നാല്‍ നിങ്ങള്‍ ഇപ്പോള്‍ അവനെ നോക്കുമ്പോള്‍, അവന്‍ മെലിഞ്ഞവനാണ്, അവന്‍ ഫിറ്റാണ്, അവന്‍ ശക്തനാണ്. ആദ്യ ഗെയിമിന് ശേഷം, ‘അതെ, ആ പഴയ റിഷബ് അവിടെ തന്നെയുണ്ട്’ എന്നായിരുന്നു ഞാന്‍ പറഞ്ഞത്,’ ഐ.പി.എല്‍ 2024ന്റെ കമന്ററി പാനലിന്റെ ഭാഗമായ ദാസ്ഗുപ്ത പറഞ്ഞു.
ബാറ്റിങ്ങിന് പുറമെ വിക്കറ്റിന് പിന്നിലും മോശമല്ലാത്ത പ്രകടനമാണ് റിഷബ് പന്ത് കാഴ്ചവെക്കുന്നത്.
ഈ സീസണില്‍ ബാറ്റിങ്ങിലും വിക്കറ്റ് കീപ്പിങ്ങിലും ക്യാപ്റ്റന്‍സിയിലും മികച്ച പ്രകടനം കാഴ്ചവെച്ചാണ് സഞ്ജു സാംസണ്‍ ലോകകപ്പ് സ്‌ക്വാഡില്‍ നിന്നും തന്നെ ഒഴിവാക്കാന്‍ സാധിക്കില്ല എന്ന് സെലക്ടര്‍മാരോട് വിളിച്ചുപറഞ്ഞത്.
റിഷബ് പന്തിനേക്കാള്‍ രണ്ട് മത്സരം കുറച്ച് കളിക്കുകയും താരത്തെക്കാള്‍ മികച്ച സ്‌ട്രൈക്ക് റേറ്റും ശരാശരിയും സ്വന്തമാക്കിയാണ് സഞ്ജു ഐ.പി.എല്ലില്‍ തിളങ്ങുന്നത്.
എന്നാല്‍ കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും റിഷബ് പന്തിനെയാണ് ദീപ് ദാസ് ഗുപ്ത തന്റെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ ബാറ്ററായി തെരഞ്ഞെടുത്തിരിക്കുന്നത്.
‘ഞാന്‍ സഞ്ജു സാംസണെ ബാക്കപ്പ് വിക്കറ്റ് കീപ്പറായി തിരഞ്ഞെടുക്കും. ആര്‍ക്കാണ് കൂടുതല്‍ റണ്‍സ് എന്നതില്‍ എനിക്ക് പ്രശ്നമില്ല. ആരെയാണ് ടീമിന് ആവശ്യമുള്ളത് എന്നതിനെ കുറിച്ചാണ് ഇത്.
അഞ്ചാം നമ്പറില്‍ എങ്ങനെ ബാറ്റ് ചെയ്യണമെന്ന് അറിയാവുന്ന ഒരാളെയാണ് എനിക്ക് വേണ്ടത്. ഐ.പി.എല്‍ ആരംഭിക്കുന്നതിന് മുമ്പുതന്നെ റിഷബ് തന്നെയായിരുന്നു എന്റെ നമ്പര്‍ വണ്‍. ഇക്കാര്യത്തില്‍ എനിക്ക് നല്ല വ്യക്തതയുണ്ടായിരുന്നു.
കഴിഞ്ഞ മാസത്തില്‍ എന്റെ 15 അംഗ സ്‌ക്വാഡ് മാറ്റിയതായി ഞാന്‍ കരുതുന്നില്ല. ചില പേരുകള്‍ ഞാന്‍ ഉള്‍പ്പെടുത്തിയിരുന്നു, പക്ഷേ ഏതെങ്കിലും താരത്തിന് മികച്ച ഒരു ഐ.പി.എല്‍ സീസണ്‍ ഉള്ളതുകൊണ്ട് ഞാന്‍ അതില്‍ വലിയ മാറ്റം വരുത്തിയില്ല.
ഇനി പറയുന്നത് കുറച്ച് അന്യായമായേക്കാം. നിലവിലെ ഫോമിനെ ആളുകള്‍ സംസാരിക്കുമ്പോള്‍ എനിക്ക് മനസ്സിലാകുന്നുണ്ടെങ്കിലും, ഈ ഫോര്‍മാറ്റില്‍ ഫോം ഓവര്‍റേറ്റഡ് ആണെന്ന് ഞാന്‍ കരുതുന്നു, ”അദ്ദേഹം അഭിപ്രായപ്പെട്ടു.
Content Highlight: Former Indian wicket keeper Deep Das Gupta says form is overrated in T20 format