| Sunday, 24th October 2021, 6:48 pm

വെടിക്കെട്ടിന്റെ ആശാനാണവന്‍; ഈ ലോകകപ്പിലെ ഇന്ത്യയുടെ ഹീറോ ഹാര്‍ദിക് പാണ്ഡ്യ ആയിരിക്കുമെന്ന് ഐ.എം. വിജയന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ട്വന്റി- 20 ലോകകപ്പില്‍ ഇന്ത്യയുടെ താരം ഹാര്‍ദിക് പാണ്ഡ്യ ആയിരിക്കുമെന്ന് മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം ഐ.എം. വിജയന്‍. ഇന്ത്യാ-പാക് മത്സരം കായിക പ്രേമികള്‍ക്ക് എന്നും അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ഇന്ത്യ-പാകിസ്ഥാന്‍ മത്സരം വലിയൊരു വാറാണ്. പാകിസ്ഥാനെതിരെ കളിക്കുക എന്നത് പ്രത്യേക വികാരമാണ്. 2007ലെ ഫൈനലില്‍ അവസാന നിമിഷത്തെ ശ്രീശാന്തിന്റെ ക്യാച്ച് ഒരു മലയാളികള്‍ക്കും മറക്കാനാകില്ല. തീര്‍ച്ചയായും ഇന്ത്യന്‍ ടീം പൊളിക്കുമെന്ന ഉറച്ചവിശ്വാസമുണ്ട്.

വെടിക്കെട്ടിന്റെ ആശാനാണ് ഹാര്‍ദിക്ക് പാണ്ഡ്യ. തീര്‍ച്ചയായും ഈ ലോകകപ്പിലെ ഹീറോ അവനായിരിക്കും, ഇന്ന് നമ്മളൊരു പൊളി പൊളിക്കും,’ എ.എം. വിജയന്‍ പറഞ്ഞു.

അതേസമയം, റൗണ്ട് 12ല്‍ ഇന്ത്യ- പാകിസ്ഥാന്‍ മത്സരം വൈകീട്ട് 7.30 മുതല്‍ ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ആരംഭിക്കും. ഇന്ത്യയും പാകിസ്താനും ഓരോ തവണ ട്വന്റി 20 ലോകകപ്പ് നേടിയിട്ടുണ്ട്. 2007-ലെ പ്രഥമ ലോകകപ്പിന്റെ ഫൈനലില്‍ പാകിസ്താനെ തോല്‍പ്പിച്ചായിരുന്നു ഇന്ത്യയുടെ കിരീട നേട്ടം.

സന്നാഹ മത്സരത്തില്‍ കരുത്തരായ ഇംഗ്ലണ്ടിനെയും ഓസ്‌ട്രേലിയയെയും ഇന്ത്യ ആധികാരികമായി തോല്‍പ്പിച്ചിരുന്നു. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി, രോഹിത് ശര്‍മ, കെ.എല്‍. രാഹുല്‍, ഋഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബൂംറ തുടങ്ങിവരെല്ലാം മികച്ച ഫോമിലാണ്.

സന്നാഹ മത്സരത്തില്‍ പാകിസ്താന്‍ വെസ്റ്റിന്‍ഡീസിനെ തോല്‍പ്പിച്ചപ്പോള്‍ ദക്ഷിണാഫ്രിക്കയോട് തോല്‍ക്കുകയായിരുന്നു. ട്വന്റി- 20 ബാറ്റിങ്ങില്‍ മുന്‍നിരക്കാരായ ക്യാപ്റ്റന്‍ ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍ എന്നിവരാണ് പാകിസ്ഥാന്റെ പ്രധാന ശക്തി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: Former Indian footballer I.M. Vijayan Says,Hardik Pandya will be India’s star player in the Twenty20 World Cup

We use cookies to give you the best possible experience. Learn more