| Tuesday, 14th June 2016, 9:54 am

വെടിയേറ്റ് പിടഞ്ഞുവീഴുന്നവരെ നോക്കി അവന്‍ ആര്‍ത്തുചിരിക്കുന്നുണ്ടായിരുന്നു: അമേരിക്കയിലെ വെടിവെപ്പില്‍ നിന്നും രക്ഷപ്പെട്ടവര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടന്‍; യു.എസിലെ ഒര്‍ലാന്‍ഡോയില്‍ സ്വവര്‍ഗാനുരാഗികളുടെ നിശാക്ലബില്‍ കൂട്ടക്കൊല നടത്തിയ ഒമര്‍ ചിരിച്ചുകൊണ്ടാണ് ആ ക്രൂരകൃത്യം നടത്തിയതെന്ന് ദൃക്‌സാക്ഷികള്‍.

ഒരു ഭ്രാന്തനെപ്പോലെ ചിരിച്ചുകൊണ്ടാണ് ഓരോരുത്തര്‍ക്കും നേരെ വെടിവെച്ചത്. വെടിയേറ്റ് പിടഞ്ഞുവീഴുന്നവരെ നോക്കി അവന്‍ ആര്‍ത്തുചിരിക്കുന്നുണ്ടായിരുന്നു.

ഓരോരുത്തരേയായി തുടരെ തുടരെ വെടിവെച്ചാണ് വീഴ്ത്തിയത്. ഓരോരുത്തരും മരിച്ചുവെന്ന് ഉറപ്പുവരുത്തിതന്നെയാണ് അടുത്ത ഇരയെ വെടിവെച്ചുവീഴ്ത്തിയത്.

30 പേരോടൊപ്പം ശുചിമുറിയിലായിരുന്നു ഒമര്‍ ഉണ്ടായിരുന്നത്. അവരെയെല്ലാം അവന്‍ കൊലപ്പെടുത്തിയെന്നും ആക്രമണത്തില്‍നിന്നും രക്ഷപെട്ടവര്‍ പറഞ്ഞു.

ശുചിമുറിയിലെ വാതിലിനടിയിലൂടെയും മുകളിലൂടെയും ഒമര്‍ വെടിയുതിര്‍ക്കുകയായിരുന്നു. അല്‍പസമയത്തിനകം അവിടെനിന്നും രക്തം ഒഴുകിയിറങ്ങാന്‍ ആരംഭിച്ചു.

രക്തം വലിയരീതിയില്‍ ഒഴുകിവരുന്നതുകണ്ടിട്ടും അവന് യാതൊരു ഭാവമാറ്റവുമുണ്ടായിരുന്നില്ല. നിറഞ്ഞ ചിരിയോടെ തന്നെയായിരുന്നു പിന്നേയും ഓരോരുത്തരേയായി വകവരുത്തിയത്.
ഒരു തമാശ ആസ്വദിക്കുന്നതുപോലെയായിരുന്നു ഒമറിന്റെ പ്രതികരണമെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.

ഇക്കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ രണ്് മണിക്കാണ് തോക്കുകളുമായി ഒമര്‍ നിശാക്ലബിലെത്തിയത്. മൂന്നു മണിക്കൂറോളം ക്ലബിനുള്ളില്‍ കനത്ത ആക്രമണം നടത്തിയ ഇയാള്‍ 50 പേരെ വെടിവെച്ചുകൊന്നിരുന്നു. ആക്രമണം നടന്ന് മൂന്ന് മണിക്കൂറിന് ശേഷമാണ് പോലീസിന് ഇയാളെ കൊലപ്പെടുത്താന്‍ സാധിച്ചത്.

അതേസമയം ഒമറിന് സ്വവര്‍ഗാനുരാഗികളോട് കടുത്ത പകയായിരുന്നെന്നും മൂന്നുവയസ്സുള്ള മകന്റെ മുന്നില്‍വച്ചു രണ്ടു പുരുഷന്‍മാര്‍ പരസ്പരം ചുംബിച്ചത് ഒമറിനെ രോഷാകുലനാക്കിയിരുന്നുവെന്നുവെന്നും ഒമറിന്റെ പിതാവു വെളിപ്പെടുത്തി.

മുന്‍കോപിയായിരുന്ന ഒമറിനു മാനസികാരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നതായും തന്നെ മര്‍ദിക്കാറുണ്ടായിരുന്നുവെന്നും മുന്‍ഭാര്യയും മാധ്യമങ്ങളോടു വെളിപ്പെടുത്തി.

We use cookies to give you the best possible experience. Learn more