Cricket
ഇങ്ങനെയൊരു റെക്കോഡ് ചരിത്രത്തിലാദ്യം; ലങ്കയെ അടിച്ചുതകര്‍ത്ത് ചരിത്രമെഴുതി ഐറിഷ് സൂപ്പര്‍താരം
സ്പോര്‍ട്സ് ഡെസ്‌ക്
2024 Aug 17, 02:18 am
Saturday, 17th August 2024, 7:48 am

അയര്‍ലാന്‍ഡ് വിമണ്‍സും-ശ്രീലങ്ക വിമണ്‍സും തമ്മിലുള്ള മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ അയര്‍ലാന്‍ഡിന് മൂന്ന് വിക്കറ്റുകളുടെ വിജയം. സ്റ്റോമോണ്ട് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ അയര്‍ലാന്‍ഡ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 260 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ അയര്‍ലാന്‍ഡ് 49.2 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.

അയര്‍ലാന്‍ഡിനായി സെഞ്ച്വറി നേടി ഒര്‍ല പ്രന്‍ഡര്‍ഗാസ്റ്റ് മിന്നും പ്രകടനമാണ് നടത്തിയത്. 107 പന്തില്‍ പുറത്താവാതെ 122 റണ്‍സാണ് താരം നേടിയത്. പത്ത് ഫോറുകളും രണ്ട് സിക്‌സുകളുമാണ് ഒര്‍ല നേടിയത്. ബാറ്റിങ്ങിനു പുറമേ ബൗളിങ്ങിലും തകര്‍പ്പന്‍ പ്രകടനമാണ് താരം നടത്തിയത്.

എട്ട് ഓവറുകളില്‍ 25 റണ്‍സ് വിട്ടുനല്‍കി മൂന്നു വിക്കറ്റുകളാണ് ഒര്‍ല നേടിയത്. ഫീല്‍ഡിങ്ങില്‍ രണ്ട് ക്യാച്ചുകളും താരം നേടി. ഈ തകര്‍പ്പന്‍ പ്രകടനങ്ങള്‍ക്കെല്ലാം പിന്നാലെ ഒരു ചരിത്ര നേട്ടമാണ് അയര്‍ലാന്‍ഡ് താരം സ്വന്തമാക്കിയത്. വിമണ്‍സ് ഏകദിനത്തില്‍ ഒരു മത്സരത്തില്‍ തന്നെ 100+ റണ്‍സും മൂന്ന് വിക്കറ്റും രണ്ട് ക്യാച്ചുകളും നേടുന്ന ആദ്യ താരമെന്ന നേട്ടമാണ് ഒര്‍ല സ്വന്തമാക്കിയത്.

അയര്‍ലാന്‍ഡ് ബാറ്റിങ്ങില്‍ ഒര്‍ലിക്ക് പുറമേ ആമി ഹണ്ടര്‍ 45 പന്തില്‍ 42 റണ്‍സും സാറ ഫോര്‍ബസ് 46 പന്തില്‍ 30 റണ്‍സും നേടി തകര്‍പ്പന്‍ പ്രകടനം നടത്തിയപ്പോള്‍ അയര്‍ലാന്‍ഡ് ആവേശകരമായ വിജയം സ്വന്തമാക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കക്കായി വിഷ്മി ഗുണരത്‌ന സെഞ്ച്വറി നേടി തകര്‍പ്പന്‍ പ്രകടനമായിരുന്നു നടത്തിയത്. 98 പന്തില്‍ 101 റണ്‍സാണ് താരം നേടിയത്. ഒമ്പത് ഫോറുകളും മൂന്ന് സിക്‌സുകളുമാണ് വിഷ്മി നേടിയത്. 72 പന്തില്‍ 46 റൺസും നേടി ഫാസിനി പെരേരയും നിര്‍ണായകമായി.

ശ്രീലങ്കന്‍ ബൗളിങ്ങില്‍ നാലു വിക്കറ്റുകള്‍ വീഴ്ത്തി കവിശ ദില്‍ഹാരി മികച്ച പ്രകടനമാണ് നടത്തിയത്. 10 ഓവറില്‍ ഒരു മെയ്ഡന്‍ ഉള്‍പ്പെടെ 54 റൺസ് വിട്ടു നല്‍കിയാണ് താരം നാല് വിക്കറ്റുകള്‍ സ്വന്തമാക്കിയത്. ഉദേശിക പ്രബോധനി, അച്ചിനി കുലസൂര്യ, സച്ചിനി നിസന്‍സല എന്നിവര്‍ ഓരോ വിക്കറ്റും നേടി.

വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ 1-0ത്തിന് മുന്നിലെത്താനും അയര്‍ലാന്‍ഡിന് സാധിച്ചു. നാളെയാണ് പരമ്പരയിലെ രണ്ടാം മത്സരം നടക്കുന്നത്. സ്റ്റോമോണ്ട് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

 

 

Content Highlight: Orla Prendergast Create a Historical Record in Womens ODI