ശ്രീലങ്കന്‍ വനിതാ ടീമിന്റെ അയര്‍ലന്‍ഡ് പര്യടനത്തില്‍ ചരിത്രം കുറിച്ച് ഐറിഷ് സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ഓര്‍ല പ്രെന്‍ഡര്‍ഗസ്റ്റ്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും ഒരുപോലെ തിളങ്ങിയാണ് ഓര്‍ല ശ്രീലങ്കയെ പരാജയത്തിലേക്ക് കൊണ്ടെത്തിച്ചത്.
ബാറ്റെടുത്തപ്പോള്‍ സെഞ്ച്വറിയും പന്തെടുത്തപ്പോള്‍ വിക്കറ്റും ഫീല്‍ഡിങ്ങില്‍ ക്യാച്ചുമെടുത്താണ് പ്രെന്‍ഡര്‍ഗസ്റ്റ് തിളങ്ങിയത്.
ശ്രീലങ്ക ഉയര്‍ത്തിയ 261 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ അയര്‍ലന്‍ഡ് പ്രെന്‍ഡര്‍ഗസ്റ്റിന്റെ സെഞ്ച്വറി കരുത്തില്‍ അനായസ ജയം സ്വന്തമാക്കുകയായിരുന്നു. 107 പന്ത് നേരിട്ട് പുറത്താകാതെ 122 റണ്‍സാണ് താരം നേടിയത്.
നേരത്തെ ലങ്കന്‍ ഇന്നിങ്‌സിന്റെ സമയത്തും പ്രെന്‍ഡര്‍ഗസ്റ്റ് തിളങ്ങിയിരുന്നു. എട്ട് ഓവര്‍ പന്തെറിഞ്ഞ് വെറും 25 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റാണ് ഓര്‍ല നേടിയത്.
ലങ്കന്‍ ക്യാപ്റ്റന്‍ ചമാരി അത്തപ്പത്തുവിനെ ഗോള്‍ഡന്‍ ഡക്കാക്കി മടക്കിയ പ്രെന്‍ഡര്‍ഗസ്റ്റ് വിക്കറ്റ് കീപ്പര്‍ അനുഷ്‌ക സഞ്ജീവനിയെയും സുഗന്ധിക കുമാരിയെയും പുറത്താക്കി. ഇതിനൊപ്പം ഫീല്‍ഡിങ്ങിലും തിളങ്ങിയ താരം രണ്ട് ക്യാച്ചും കൈപ്പിടിയിലൊതുക്കിയിരുന്നു.
ഇതോടെ ഒരു ചരിത്ര നേട്ടമാണ് ഓര്‍ല പ്രെന്‍ഡര്‍ഗസ്റ്റിനെ തേടിയെത്തിയത്. വനിതാ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഒരു ഏകദിനത്തില്‍ സെഞ്ച്വറിയും മൂന്ന് വിക്കറ്റും രണ്ട് ക്യാച്ചും സ്വന്തമാക്കുന്ന ആദ്യ വനിതാ താരമെന്ന നേട്ടമാണ് ഓര്‍ല സ്വന്തമാക്കിയത്.
ഇതിന് മുമ്പ് ക്രിക്കറ്റില്‍ ഒരിക്കല്‍ മാത്രമാണ് ഈ നേട്ടം പിറവിയെടുത്തത്. 1996 ലോകകപ്പ് ഫൈനലില്‍ ലങ്കന്‍ ഇതിഹാസം അരവിന്ദ ഡി സില്‍വയാണ് ഈ ട്രിപ്പിള്‍ നേട്ടം സ്വന്തമാക്കിയ ആദ്യ താരം.
മത്സരത്തില്‍ ഡി സില്‍വ 124 പന്തില്‍ പുറത്താകാതെ നേടിയ 107 റണ്‍സാണ് ഓസീസിന്റെ അടിത്തറ തകര്‍ത്തത്. ഇതിന് പുറമെ ഓസീസ് നായകന്‍ മാര്‍ക് ടെയ്‌ലര്‍, റിക്കി പോണ്ടിങ്, ഇയാന്‍ ഹെയ്‌ലി എന്നിവരെ പന്തെറിഞ്ഞ് വീഴ്ത്തിയ ഡി സില്‍വ സ്റ്റീവ് വോ, സ്റ്റുവര്‍ട്ട് ലോ എന്നിവരെ ക്യാച്ചെടുത്തും മടക്കിയിരുന്നു.
അതേസമയം, അയര്‍ലന്‍ഡിനെതിരെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ശ്രീലങ്ക വിഷ്മി ഗുണരത്‌നെയുടെ സെഞ്ച്വറി കരുത്തിലാണ് മികച്ച സ്‌കോറിലെത്തിയത്. 98 പന്തില്‍ 101 റണ്‍സാണ് ഗുണരത്‌നെ നേടിയത്.
ലങ്കക്കായി ഏകദിനത്തില്‍ സെഞ്ച്വറി നേടുന്ന രണ്ടാം താരം എന്ന നേട്ടവും ഇതോടെ വിഷ്മി ഗുണരത്‌നെ സ്വന്തമാക്കി. ശ്രീലങ്കയുടെ വനിതാ ഏകദിന ചരിത്രത്തിലെ പത്താം സെഞ്ച്വറിയാണിത്. ഇതില്‍ ഒമ്പത് സെഞ്ച്വറിയും ചമാരി അത്തപ്പത്തുവിന്റെ പേരിലാണ്.
ഗുണരത്‌നെക്ക് പുറമെ 72 പന്തില്‍ 46 റണ്‍സ് നേടിയ ഹാസിനി പെരേരയുടെ ഇന്നിങ്‌സും ശ്രീലങ്കക്ക് കരുത്തായി. ഒടുവില്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 260 റണ്‍സാണ് ലങ്ക പടുത്തുയര്‍ത്തിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ അയര്‍ലന്‍ഡ് പ്രെന്‍ഡര്‍ഗസ്റ്റിന്റെ സെഞ്ച്വറിയുടെയും വിക്കറ്റ് കീപ്പര്‍ എമി ഹണ്ടറിന്റെ ഇന്നിങ്‌സിന്റെയും കരുത്തില്‍ അനായാസ വിജയം നേടി.
ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ മത്സരത്തില്‍ 1-0ന് ലീഡ് നേടാനും അയര്‍ലന്‍ഡിനായി. ഞായരാഴ്ചയാണ് പരമ്പരയിലെ രണ്ടാം മത്സരം. സ്റ്റോര്‍മൗണ്ടാണ് വേദി.
Content Highlight: Orla Prendergast becomes the first ever woman with 100+ runs, 3+ wickets and 2+ catches in an ODI match.