| Saturday, 6th December 2014, 12:29 am

ഓറിയണിന്റെ ആദ്യ ഘട്ട പരീക്ഷണം വിജയകരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഫ്‌ളോറിഡ: മനുഷ്യനെ ചൊവ്വയിലെത്തിക്കുക എന്ന ലക്ഷ്യവുമായി നാസ വികസിപ്പിച്ച ഓറിയണിന്റെ ആദ്യ ഘട്ട പരീക്ഷണം വിജയകരം. ഫ്‌ളോറിഡയിലെ കേപ് കാനവെറാല്‍ എയര്‍ ഫോഴ്‌സ് സ്‌റ്റേഷനിലായിരുന്നു വിക്ഷേപണം. ഇന്ത്യന്‍ സമയം വൈകിട്ട് അഞ്ചരയ്ക്ക് ഡെല്‍റ്റ 4 ഹെവി റോക്കറ്റുപയോഗിച്ചാണു പേടകം വിക്ഷേപിച്ചത്.

നാലര മണിക്കൂര്‍ നീണ്ടു നിന്നതായിരുന്നു പരീക്ഷണ ദൗത്യം. ഭൂമിയില്‍നിന്ന് 5800 കിലോമീറ്റര്‍ ഉയരത്തില്‍ എത്തിയ ആറു പേര്‍ക്കു കയറാവുന്ന ശേഷിയുള്ള ആളില്ലാ പേടകം പിന്നീട് നേരത്തെ തീരുമാനിച്ചതു പോലെ ഭൂമിയെ രണ്ട് തവണ വലം വച്ചതിനുശേഷം സമുദ്രത്തില്‍ പതിക്കുകയായിരുന്നു.

ഫ്‌ളോറിഡയിലെ കേപ് കാനവെറാല്‍ എയര്‍ ഫോഴ്‌സ് സ്‌റ്റേഷനില്‍ നിന്നുള്ള വിക്ഷേപണം സാങ്കേതിക തകരാര്‍ മൂലം ഒരു ദിവസം വൈകിയാണ് വിക്ഷേപണം നടത്തിയത്. ഇതോടെ പരീക്ഷണത്തിന്റെ ഒന്നാം ഘട്ടം വിജയകരമായി.

വിവിധ താപനിലകളെ എങ്ങനെ പേടകം അതിജീവിക്കുന്നു എന്നു പഠിക്കുകയാണ് ഇന്നത്തെ പരീക്ഷണത്തിന്റെ ലക്ഷ്യം. മണിക്കൂറില്‍ 32,200 കിലോമീറ്റര്‍ വേഗത്തിലാണ് സഞ്ചരിക്കുന്നത്. ഇതോടെ ബഹിരാകാശ സഞ്ചാരത്തിനായുള്ള ഗവേഷണങ്ങളുടെ ഒരു പ്രധാന ഘട്ടമാണ് വിജയകരമായത്.

We use cookies to give you the best possible experience. Learn more