മഞ്ഞുമ്മല്‍ ബോയ്‌സ് ഷൂട്ടിന്റെ ഭാഗമായി ഒരു വര്‍ഷത്തോളം യഥാര്‍ത്ഥ മഞ്ഞുമ്മല്‍ ബോയ്‌സിനൊപ്പം ഉണ്ടായിരുന്നെന്നും അവരുടെ പല സ്വഭാവങ്ങളും അതുപോലെ തങ്ങളിലേക്കും വന്നിട്ടുണ്ടെന്നും പറയുകയാണ് നടന്‍ ചന്തു സലിം കുമാര്‍ അവരും നമ്മളും ഒരേ വൈബാണെന്നും ചന്തു സലിം കുമാര്‍ പറയുന്നു.
അന്നത്തെ ആ സംഭവത്തിന് ശേഷം മഞ്ഞുമ്മല്‍ ബോയ്‌സ് കൊടൈക്കനാലില്‍ പോയിട്ടില്ലെന്നും അത്രയ്ക്ക് ട്രോമാണ് അന്നത്തെ സംഭവം അവരില്‍ ഉണ്ടാക്കിയതെന്നും ചന്തു പറഞ്ഞു. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ചന്തു.
2006 ന് ശേഷം അവര്‍ കൊടൈക്കനാലില്‍ പോയിട്ടില്ല. ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷം ഈ സിനിമയുടെ പൂജയ്ക്ക് വേണ്ടിയിട്ടാണ് അവര്‍ വരുന്നത്. പൂജയുടെ അന്ന് സുഭാഷിനെ കൊണ്ട് അവര്‍ ഗുണ കേവ് കാണാന്‍ പോയിരുന്നു.
ഞാന്‍ ഇല്ല നിങ്ങള്‍ പോയി വാ എന്നായിരുന്നു സുഭാഷ് പറഞ്ഞത്. പക്ഷേ അവര്‍ സുഭാഷിനേയും കൊണ്ടുപോയി. അവര്‍ ഗുണ കേവ് കണ്ടു. അവര്‍ക്ക് എല്ലാവര്‍ക്കും ട്രോമയായിരുന്നു. അത്രയും വലിയ ഒരു സംഭവമാണല്ലോ നടന്നത്.
ഇത് റിയല്‍ സ്‌റ്റോറി ആണെന്ന് പലര്‍ക്കും അറിയില്ലായിരുന്നു. കൊച്ചിയില്‍ ഉള്ള ചിലര്‍ക്കറിയാം എന്നല്ലാതെ പുറത്തുവള്ളവര്‍ക്ക് അറിയില്ലായിരുന്നു. ഈ സംഭവം നടന്നതാണെന്ന് അറിയുമ്പോള്‍ നമുക്കുണ്ടാകുന്ന ഒരു ഫീലുണ്ട്. വലിയൊരു സംഭവമാണല്ലോ നടന്നത്. പറഞ്ഞാല്‍ ചിലപ്പോള്‍ ആളുകള്‍ക്ക് മനസിലാകില്ല.
മഞ്ഞുമ്മലിലെ ഇവരുടെ സുഹൃത്തുക്കളോട് പറഞ്ഞപ്പോള്‍ പോലും പലരും വിശ്വസിച്ചിരുന്നില്ല എന്നാണ് അവര്‍ പറഞ്ഞത്. ഇപ്പോഴെങ്കിലും നിങ്ങള്‍ക്ക് വിശ്വാസമായില്ലേ എന്ന് അവര്‍ തന്നെ ചിലരോട് ചോദിച്ചിരുന്നു.
സിനിമയുടെ ഭാഗമായി നമ്മള്‍ അവരുടെ കൂടെ തന്നെയായിരുന്നു. സിനിമ തുടങ്ങുന്നതിന് മുന്‍പ് തന്നെ എല്ലാവരുമായി കമ്പനിയായി. ഞങ്ങള്‍ എല്ലാവരും ഒരുമിച്ചാണ് ഇടപഴകിയത്.
ഏകദേശം അവരും നമ്മളും ഒരേ വൈബ് ആയിരുന്നു. അവരെ കണ്ട് പഠിക്കാനായി. മഞ്ഞുമ്മലിലെ അബിയേട്ടനുമായുള്ള സാമ്യത്തിന്റെ പുറത്താണ് എന്നെ ഈ സിനിമയിലേക്ക് എടുത്തത്, ചന്തു സലിം കുമാര്‍ പറഞ്ഞു.
സലിം കുമാറിന്റെ ഏതെങ്കിലും കഥാപാത്രങ്ങള്‍ സിനിമയില്‍ റീക്രിയേറ്റ് ചെയ്യാന്‍ പറ്റുമോ എന്ന ചോദ്യത്തിന് അച്ഛന്റെ ഒരു കഥാപാത്രവും തനിക്ക് റീക്രിയേറ്റ് ചെയ്യാന്‍ പറ്റില്ലെന്നും അതിനുള്ള കഴിവ് തനിക്കില്ലെന്നുമായിരുന്നു ചന്തുവിന്റെ മറുപടി.
ഇത്രയും കാലത്തിനിടെ താന്‍ ആകെ മൂന്നോ നാലോ സെറ്റിലേ പോയിട്ടുള്ളൂവെന്നും അഞ്ചാമത്തെ ഫിലിം സെറ്റാണ് മഞ്ഞുമ്മലെന്നും ചന്തു പറഞ്ഞു.
Content Highlight: Original manjummel boys never visit kodiakkanal after Guna cave incident