| Thursday, 31st October 2019, 8:58 am

'മുസ്‌ലിങ്ങളോടുള്ള വിവേചനം അവസാനിപ്പിക്കണം'; മോദി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി നൊബേല്‍ ജേതാവ് ഒര്‍ഹാന്‍ പാമുക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഷാര്‍ജ: ഇന്ത്യയില്‍ മുസ്‌ലിങ്ങളോടുള്ള വിവേചനം മോദി സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് നൊബേല്‍ പുരസ്‌കാര ജേതാവ് ഒര്‍ഹാന്‍ പാമുക്. ജനാധിപത്യത്തിന്റെ പേരിലുള്ള ന്യൂനപക്ഷവിരുദ്ധ സമീപനം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം മീഡിയാ വണ്ണിനോട് പറഞ്ഞു.

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. തുര്‍ക്കി എഴുത്തുകാരനായ പാമുക്, സാഹിത്യ നൊബേല്‍ ജേതാവാണ്.

‘ജനപ്രിയ ഭരണാധികാരി എന്ന നിലയ്ക്കാണ് മോദി അടക്കമുള്ളവര്‍ അധികാരത്തില്‍ വന്നത്. എന്നാല്‍ ഇന്ത്യയില്‍ മുസ്‌ലിങ്ങള്‍ക്കെതിരായ നിലപാട് ഒരിക്കലും അംഗീകരിക്കാനാവില്ല. ഇന്ത്യയില്‍ മുസ്‌ലിങ്ങളാണെങ്കില്‍ തുര്‍ക്കിയില്‍ കുര്‍ദുകളാണു ദുരിതം അനുഭവിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ലോകത്തുടനീളം രാഷ്ട്രീയ സംഘര്‍ഷവും അഭയാര്‍ഥി പ്രവാഹവും ഭയപ്പെടുത്തുന്നതാണ്. ജനാധിപത്യം മികച്ച ആശയമാണെങ്കിലും അതിന്റെ മറവില്‍ സ്വേച്ഛാധിപത്യവും വംശീയ വിരുദ്ധ മനോഭാവവും ശക്തിയാര്‍ജിക്കുകയാണ്.

രാജാക്കന്മാരുടെയും പ്രഭുക്കന്മാരുടെയും ജീവിതം മാത്രമല്ല, നിരത്തില്‍ താമസിക്കുന്നവരുടെ ജീവിതവും മൂല്യമുള്ളതാണ്. അഭയാര്‍ഥികളോടും പലായനം ചെയ്യുന്നവരോടും മനുഷ്യത്വപരമായാണു പെരുമാറേണ്ടത്.

രാഷ്ട്രീയമായല്ല ഇത്തരം പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യേണ്ടത്. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ക്കു പരിഹാരം എന്തെന്നു നിര്‍ദേശിക്കാനാവില്ല.’- അദ്ദേഹം പറഞ്ഞു.

‘ഏഷ്യയില്‍ നിന്ന് യൂറോപ്പിലേക്കുള്ള അഭയാര്‍ഥിപ്രവാഹത്തിന്റെ ഇടത്താവളമായ ഇസ്താംബുളിലാണു ഞാന്‍ വസിക്കുന്നത്. പതിറ്റാണ്ടുകളായി നടക്കുന്ന അഭയാര്‍ഥിപ്രവാഹത്തിനു ഞാന്‍ നേര്‍സാക്ഷിയാണ്.

എന്റെ കുട്ടിക്കാലത്തു ഗ്രാമങ്ങളില്‍ നിന്ന് ഇസ്താംബുള്‍ പോലുള്ള നഗരങ്ങളിലേക്കായിരുന്നു ജനങ്ങളുടെ കുടിയേറ്റവും പലായനവും. അഭയം തേടി അതിര്‍ത്തിയില്‍ കാത്തുകിടക്കുന്ന അഭയാര്‍ഥികളോടു മുഖം തിരിച്ചുനില്‍ക്കുന്ന സമീപനമാണു പല രാജ്യങ്ങളുടേതും.

ഈ ഭൂമിയിലെ ഏതൊരു മനുഷ്യനും ഏതു മണ്ണിലും കുടിയേറാനുള്ള അവകാശമുണ്ടെന്നാണ് എന്റെ അഭിപ്രായം.’- അദ്ദേഹം പറഞ്ഞു.

മലയാളത്തില്‍ തന്റെ കൃതികള്‍ക്കു ലഭിക്കുന്ന സ്വീകാര്യത അമ്പരിപ്പിക്കുന്നതാണെന്നും അതില്‍ സന്തോഷവും നന്ദിയുമുണ്ടെന്നും പാമുക് പറഞ്ഞു.

We use cookies to give you the best possible experience. Learn more