ഇടുക്കി: ജോജു ജോര്‍ജ് പങ്കെടുത്ത വാഗമണിലെ ഓഫ്‌റോഡ് റേസ് സംഘടിപ്പിച്ചത് മരണപ്പെട്ട സുഹൃത്തിന്റെ കുടുംബത്തെ സഹായിക്കാനാണെന്ന് സംഘാടകര്‍. അടുത്തിടെ മരണപ്പെട്ട റോയല്‍ എന്‍ഫീല്‍ഡ് ഡീലറും മുന്‍ കൗണ്‍സിലറും റാലി ഡ്രൈവറുമായിരുന്ന ജവീന്റെ കുടുംബത്തെ സഹായിക്കാനായാണ് മത്സരം നടത്തിയതെന്നാണ് പരിപാടിയുടെ സംഘാടകര്‍ വ്യക്തമാക്കുന്നത്.
മാതൃഭൂമിയോടായിരുന്നു ഇവരുടെ പ്രതികരണം.
വാഗമണിലെ എം.എം.ജെ എസ്റ്റേറ്റില്‍ വെച്ചായിരുന്നു ഓഫ്‌റോഡ് റേസ് സംഘടിപ്പിച്ചത്. പൊതുജനങ്ങളെ പ്രവേശിപ്പിക്കാതെയായിരുന്നു പരിപാടി നടത്തിയത്.
ഇതില്‍ നടന്‍ ജോജു ജോര്‍ജും പങ്കെടുത്തിരുന്നു. ജോജു വാഹനമോടിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ ജോജുവിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു ഇടുക്കി ജില്ലാ പ്രസിഡന്റ് ടോണി തോമസ് മോട്ടോര്‍ വാഹന വകുപ്പിന് പരാതി നല്‍കിയിരുന്നു.
ഇതിന് പിന്നാലെ ജോജുവിന് നോട്ടീസ് നല്‍കാന്‍ മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിക്കുകയായിരുന്നു.
വാഗമണ്‍ എം.എം.ജെ. എസ്റ്റേറ്റിലെ കണ്ണംകുളം അറപ്പുകാട് ഡിവിഷനില്‍ ശനിയാഴ്ചയാണ് ഓഫ്‌റോഡ് വാഹന മത്സരം നടന്നത്. എന്നാല്‍, കൃഷിക്കുമാത്രമേ ഉപയോഗിക്കാവൂ എന്ന നിബന്ധനയില്‍ കൈവശം നല്‍കിയ ഭൂമിയില്‍ നിയമവിരുദ്ധമായിട്ടാണ് ഓഫ്‌റോഡ് റൈഡ് സംഘടിപ്പിച്ചതെന്നതാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് കാരണം.
എന്നാല്‍, പരാതിക്കാരന്‍ പറയുന്നതുപോലെ കൃഷിഭൂമി നശിപ്പിക്കുന്ന തരത്തില്‍ ഒന്നും ചെയ്തിട്ടില്ലെന്നായിരുന്നു സംഘാടകരുടെ വിശദീകരണം.
ഇത്തരത്തിലൊരു പരിപാടി സംഘടിപ്പിക്കുമ്പോള്‍ സ്വീകരിക്കേണ്ട എല്ലാ വിധത്തിലുമുള്ള മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും ഇത് തങ്ങളുടെ സുഹൃത്തിന് വേണ്ടി നടത്തിയ ഫണ്ട് റെയ്‌സിംഗ് ഇവന്റാണെന്നും ജോജുവിന്റെ കോ റൈഡറും നടനുമായ ബിനു പപ്പു പറഞ്ഞു.
ഇടുക്കി ജില്ലയില്‍ ഓഫ്‌റോഡ് മത്സരത്തിനിടെ തുടര്‍ച്ചായി അപകടങ്ങളുണ്ടാവുന്നതിനാല്‍ ഇത്തരം വിനോദങ്ങള്‍ക്ക് നിയന്ത്രണമുണ്ട്. ചില പ്രത്യേക സ്ഥലങ്ങളില്‍ മാത്രമേ ജില്ലയില്‍ ഓഫ് റോഡ്‌റേസ് നടത്താന്‍ പാടുള്ളൂ. ഇത് ലംഘിച്ചതിനാണ് നടനെതിരെ കേസെടുത്തിരിക്കുന്നത്.
ജില്ലാ കളക്ടര്‍ ഏര്‍പ്പെടുത്തിയ വിലക്ക് മറികടന്നുകൊണ്ടാണ് ഓഫ്‌റോഡ് റേസ് നടത്തിയതെന്ന് അധികൃതര്‍ അറിയിച്ചു. വാഹനത്തിന്റെ രേഖകള്‍ സഹിതം ആര്‍.ടി.ഒയ്ക്ക് മുന്നില്‍ ഒരാഴ്ചയ്ക്കകം ഹാജരാകണമെന്നാണ് ജോജു ജോര്‍ജിനോട് നിര്‍ദേശിച്ചിരിക്കുന്നത്.
റേസ് പ്ലാന്റേഷന്‍ ലാന്‍ഡ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കെ.എസ്.യു നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. നടന്‍ ജോജുവിന്റെ നേതൃത്വത്തില്‍ നടന്ന ഓഫ് റോഡ് മത്സരത്തില്‍ യാതൊരു തരത്തിലുള്ള സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിരുന്നില്ലെന്നും അപകടകരമായ രീതിയിലാണ് പരിപാടി നടന്നതെന്ന് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണെന്നും ജില്ലാ ഭരണകൂടത്തിന്റെയോ പൊലീസിന്റെയോ മോട്ടോര്‍ വാഹന വകുപ്പിന്റെയോ അനുമതിയും മത്സരത്തിനില്ലായിരുന്നുവെന്നും പരാതിയില്‍ പഞ്ഞിരുന്നു.
Content Highlight: Organizers say the off-road race in Vagamon, which Jojo George attended, was organized to help the family of a deceased friend.