| Thursday, 13th October 2022, 4:37 pm

'റേ മിസ്റ്റീരിയോ അടക്കമുള്ളവര്‍ക്ക് വിലക്ക്'; ലോകകപ്പില്‍ പുതിയ നിബന്ധനയുമായി ഖത്തര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ലോകകപ്പ് കാണാനെത്തുന്ന മെക്‌സിക്കോ ആരാധകരെ നിരാശരാക്കി ഖത്തര്‍ ലോകകപ്പ് സംഘാടകര്‍. ലൂച്ചാ ലീബ്രേ (Lucha Libre) മാസ്‌ക് ധരിക്കുന്നത് വിലക്കിയാണ് സംഘാടകര്‍ പുതിയ നിബന്ധനയിറക്കിയിരിക്കുന്നത്.

മെക്‌സിക്കോയുടെ ഐക്കോണിക് സിംബലുകളില്‍ ഒന്നാണ് ലൂച്ചാ ലീബ്രേ മാസ്‌ക്കുകള്‍. മെക്‌സിക്കന്‍ പ്രൊഫഷണല്‍ റെസ്‌ലിങ് താരങ്ങള്‍, അവരുടെ മുഖം പുറത്ത് കാണാതിരിക്കാനും താന്‍ ആരാണെന്ന് മറ്റുള്ളവര്‍ അറിയാതിരിക്കാനും വേണ്ടി ധരിക്കുന്നതാണ് ഇത്തരം മാസ്‌ക്കുകള്‍.

ഡബ്ല്യൂ.ഡബ്ല്യൂ.ഇ സൂപ്പര്‍ താരമായ റേ മിസ്റ്റീരിയോ (Rey Mysterio), സിന്‍ കാര (Sin Cara), മെക്‌സിക്കന്‍ റെസ്‌ലിങ്ങിലെ ഇതിഹാസമായ എല്‍ സാന്റോ (El Santao) തുടങ്ങി ലോകപ്രശസ്തരായ ലൂച്ചാ ലീബ്രേ താരങ്ങള്‍ നിരവധിയാണ്.

മെക്‌സിക്കന്‍ റെസ്‌ലിങ്ങിനെ ഏറെ വൈകാരികമായി കാണുന്ന ഇവിടുത്തുകാര്‍ക്ക് ലൂച്ചാ ലീബ്രേ റെസ്‌ലര്‍മാരോടും അവരുടെ മാസ്‌ക്കിനോടും പ്രത്യേക ബഹുമാനമാണുള്ളത്.

ഇത്രത്തോളം വൈകാരികമായ ഒന്നിനെയാണ് ലോകകപ്പ് വേദിയില്‍ നിന്നും സംഘാടകര്‍ വിലക്കിയിരിക്കുന്നത്.

‘ലോകകപ്പിന്റെ ഓര്‍ഗനൈസിങ് കമ്മിറ്റിയില്‍ നിന്നുള്ള പുതിയ അപ്‌ഡേറ്റ് അനുസരിച്ച് ലൂച്ചാ ലീബ്രേ മാസ്‌ക്കുകള്‍ വിലക്കിയിരിക്കുകയാണ്. ഞങ്ങള്‍ കുറച്ച് റെസ്‌ലേഴ്‌സിന്റെ മാസ്‌ക്കുകള്‍ അവരെ കാണിച്ചിരുന്നു, അതില്‍ ഒരു കുഴപ്പവും കാണുന്നില്ലെന്നാണ് അവര്‍ പറഞ്ഞത്. എന്നാലും മാസ്‌ക്കുകള്‍ വിലക്കിയിരിക്കുകയാണ്.

ഇപ്പോള്‍ മിഡില്‍ ഈസ്റ്റ് പോലുള്ള ഒരു സങ്കീര്‍ണമായ സ്ഥലത്താണ് ഞങ്ങള്‍ നില്‍ക്കുന്നത് എന്ന കാര്യവും ഓര്‍ക്കേണ്ടതാണ്. നിങ്ങള്‍ക്ക് എന്ത് ചെയ്യാന്‍ സാധിച്ചാലും ഇല്ലെങ്കിലും മാസ്‌ക്കുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് എന്നാണ് അവര്‍ പറയുന്നത്,’ മെക്‌സിക്കോയുടെ വിദേശകാര്യ മന്ത്രിയായ അല്‍ഫോണ്‍സ് സാഗ്‌ബെ ഇ.എസ്.പി.എന്നിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

മെക്‌സിക്കോ ആരാധകര്‍ ഇത്തരം മാസ്‌ക്കുകള്‍ സ്‌റ്റേഡിയത്തിലേക്ക് ഒളിച്ചു കടത്താന്‍ ശ്രമിക്കുകയാണെങ്കില്‍ അത് കര്‍ശനമായി തടയുമെന്നും നിര്‍ദേശത്തിലുണ്ട്.

മറ്റെല്ലാ ആരാധകരില്‍ നിന്നും അല്‍പം കളര്‍ഫുള്ളായാണ് മെക്‌സിക്കന്‍ ആരാധകര്‍ സാധാരണ സ്റ്റേഡിയത്തിലെത്താറുള്ളത്.

ലൂച്ചാ ലീബ്രേ മാസ്‌ക്കുകളും ചാറോ തൊപ്പികളും മെക്‌സിക്കോയുടെ ഐക്കോണിക് നിറങ്ങളായ വെള്ള, ചുവപ്പ്, പച്ച നിറങ്ങളും ധരിച്ചെത്തുന്ന ഇവര്‍ സ്റ്റേഡിയത്തിന് തന്നെ ഒരു പ്രത്യേക ഭംഗി നല്‍കിയിരുന്നു.

ലൂച്ചാ ലീബ്രേ മാസ്‌ക്കുകള്‍ വിലക്കിയ സംഘാടകര്‍ മദ്യത്തിനും നേരത്തെ വിലക്കേര്‍പ്പെടുത്തിയിരുന്നു. രാജ്യത്തേക്ക് മദ്യം കൊണ്ടുവരികയാണെങ്കില്‍ ഒരു മുന്നറിയിപ്പും കൂടാതെ പിടിച്ചെടുക്കുമെന്നും സംഘാടകര്‍ അറിയിച്ചിരുന്നു.

Content Highlight: Organizers of Qatar World Cup banns Lucha Libre masks

We use cookies to give you the best possible experience. Learn more