മാതൃഭൂമി ജനം ടിവിയെ കണ്ടുപഠിച്ചു! ശബരിമല വിഷയത്തില്‍ മാതൃഭൂമിയെ അഭിനന്ദിച്ച് ആര്‍.എസ്.എസ് മുഖപത്രം
Kerala News
മാതൃഭൂമി ജനം ടിവിയെ കണ്ടുപഠിച്ചു! ശബരിമല വിഷയത്തില്‍ മാതൃഭൂമിയെ അഭിനന്ദിച്ച് ആര്‍.എസ്.എസ് മുഖപത്രം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 6th November 2018, 10:28 am

 

കോഴിക്കോട്: ശബരിമല വിഷയത്തില്‍ മാതൃഭൂമി ന്യൂസിനെ അഭിനന്ദിച്ച് ആര്‍.എസ്.എസ് മുഖപത്രത്തില്‍ ലേഖനം. മാതൃഭൂമി അവരുടെ ഹിന്ദുവിരുദ്ധ നിലപാടുകളില്‍ ഒരു പരിധിവരെ വെള്ളം ചേര്‍ത്തുകൊണ്ട് ശബരിമല വിഷയത്തില്‍ നിലകൊണ്ടുവെന്നാണ് ഓര്‍ഗനൈസറില്‍ വന്ന ലേഖനത്തില്‍ പറയുന്നത്.

ശബരിമല വിഷയത്തില്‍ ജനം ടിവിയുടെ റിപ്പോര്‍ട്ടിങ്ങിനെ അഭിനന്ദിച്ചുകൊണ്ടുള്ള ലേഖനത്തിലാണ് മാതൃഭൂമിയുടെ കാര്യം എടുത്തു പറയുന്നത്.

” ജനം.ടിവി മലയാളത്തിലെ ഏക നാഷണലിസ്റ്റ് ന്യൂസ് ചാനല്‍, ബാര്‍ക് റേറ്റിങ്ങില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു” എന്ന തലക്കെട്ടിലുള്ള ലേഖനത്തിലാണ് മാതൃഭൂമിയുടെ നിലപാടുമാറ്റത്തെ അഭിനന്ദിക്കുന്നത്.

Also Read:കര്‍ണാടക ഉപതെരഞ്ഞെടുപ്പ്: അഞ്ച് മണ്ഡലങ്ങളില്‍ നാലിടത്തും കോണ്‍ഗ്രസ്- ജെ.ഡി.എസ് സഖ്യത്തിന് വന്‍മുന്നേറ്റം

“പ്രേക്ഷകരില്‍ നിന്നും എതിര്‍പ്പുയര്‍ന്നതോടെ മാതൃഭൂമി ന്യൂസ് ചാനല്‍ അവരുടെ ഹിന്ദു വിരുദ്ധ കാഴ്ചപ്പാട് ഒരു പരിധിവരെ മയപ്പെടുത്തി. പ്രത്യേകിച്ച് ശബരിമല വിഷയത്തില്‍. ഏറ്റവും ഒടുവിലത്തെ ബാര്‍ക് റേറ്റിങ്ങില്‍ ഇത് പ്രതിഫലിക്കുകയും ചെയ്തു. ചാനല്‍ മനോരമ ന്യൂസിനെ മറികടന്ന് മൂന്നാം സ്ഥാനത്തേക്ക് എത്തി.” എന്നാണ് ലേഖനത്തില്‍ പറയുന്നത്.

അതേസമയം ന്യൂസ് 18 ഉള്‍പ്പെടെയുള്ള മലയാളം ചാനലുകളെ നിശിതമായി ലേഖനത്തില്‍ വിമര്‍ശിക്കുന്നുമുണ്ട്.

ശബരിമലയിലും പരിസരപ്രദേശങ്ങളിലുമുണ്ടായ അക്രമങ്ങളെ ന്യായീകരിക്കുന്ന തരത്തിലാണ് മാതൃഭൂമിയുടെ റിപ്പോര്‍ട്ടെന്ന് നേരത്തെ പലകോണുകളില്‍ നിന്നും വിമര്‍ശനമുയര്‍ന്നിരുന്നു. നിലയ്ക്കലിലും ശബരിമലയുമായി ബന്ധപ്പെട്ടുണ്ടായ ഹര്‍ത്താലിലും അരങ്ങേറിയ അക്രമസംഭവങ്ങളെ ഭക്തരുടെ പ്രതിഷേധം എന്നതരത്തില്‍ ന്യായീകരിക്കുന്നതായിരുന്നു മാതൃഭൂമിയുടെ റിപ്പോര്‍ട്ടിങ് രീതിയെന്നും വിലയിരുത്തലുണ്ടായിരുന്നു. കോഴിക്കോട്ടെ നാമജപയാത്രയില്‍ മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി.വി ചന്ദ്രന്റെ സജീവ സാന്നിധ്യവും വലിയ ചര്‍ച്ചയായിരുന്നു.