ന്യൂദല്‍ഹി: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി അട്ടിമറിക്കാന്‍ ശ്രമം നടന്നതായി ജസ്റ്റിസ് നരിമാന്‍.
സുപ്രീംകോടതി വിധിക്കെതിരെ നടന്ന അക്രമങ്ങള്‍ക്കെതിരെയും പ്രക്ഷോഭങ്ങള്‍ക്കെതിരെയുമായിരുന്നു ന്യൂനപക്ഷ വിധി വായിക്കുന്നതിനിടെ ജസ്റ്റിസ് നരിമാന്‍ ശക്തമായ പരാമര്‍ശം നടത്തിയത്.
സുപ്രീം കോടതി വിധിയെ നിശിതമായി വിമര്‍ശിക്കുന്നത് അനുവദനീയമാണ്. എന്നാല്‍ വിധി അട്ടിമറിക്കാനുള്ള സംഘടിത ശ്രമങ്ങള്‍ അനുവദിക്കാന്‍ കഴിയില്ല. സുപ്രീം കോടതി ഒരു വിധി പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ അത് അന്തിമമാണെന്നും അദ്ദേഹം പറഞ്ഞു.
സുപ്രീംകോടതിയുടെ 2018 സെപ്റ്റംബറിലെ വിധിക്ക് എതിരായ പ്രതിഷേധത്തെയായിരുന്നു ജസ്റ്റിസ് ആര്‍.എഫ് നരിമാന്‍ വിമര്‍ശിച്ചത്. ഉന്നത കോടതിയുടെ തീരുമാനം എല്ലാവരേയും ബാധിക്കുന്നതാണെന്നും ഇത് പാലിക്കേണ്ടത് ഒരു ഓപ്ഷനല്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.
ഭരണഘടനാ മൂല്യങ്ങളുടെ പൂര്‍ത്തീകരണം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ കൈക്കൊള്ളണം. സുപ്രീംകോടതിയുടെ വിധി തടയുന്നതിനുള്ള സംഘടിത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലീം പള്ളികളിലേക്കും പാഴ്സി ക്ഷേത്രങ്ങളിലേക്കും സ്ത്രീകള്‍ പ്രവേശിക്കുന്നതു സംബന്ധിച്ച ഹരജികള്‍ ശബരിമല ബെഞ്ചിന് മുന്നില്‍ വന്നിട്ടില്ല. അതിനാല്‍ തന്നെ ഈ വിഷയം ശബരിമല കേസുമായി കൂട്ടിക്കുഴയ്ക്കാന്‍ കഴിയില്ല.
സ്ത്രീകളുടെ അവകാശങ്ങള്‍ നിഷേധിക്കുന്ന വിഷയം സംബന്ധിച്ച ഹരജി അടിസ്ഥാനമാക്കിയാണ് യഥാര്‍ത്ഥ വിധി വന്നത്.
പുനപരിശോധന ആവശ്യപ്പെട്ട് നല്‍കിയ എല്ലാ ഹരജികളും തള്ളിക്കളയുകയാണ്. സ്ത്രീകളുടെ ഭരണഘടനാ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ വിധി നടപ്പാക്കണം. വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കുകയാണ് വേണ്ടത്. ഭരണ ഘടനയാണ് വിശുദ്ധ പുസ്തകമെന്നും അദ്ദേഹം വിധിയില്‍ വായിച്ചു.
എന്നാല്‍ ശബരിമല വിധിക്കെതിരായ പുനപരിശോധനാ ഹര്‍ജികള്‍ ഏഴംഗ വിശാല ബെഞ്ചിന് വിടാനായിരുന്നു ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് തീരുമാനിച്ചത്. ഒരു മതത്തിലെ ഇരുവിഭാഗങ്ങള്‍ക്കും തുല്യ അവകാശമെന്ന് കോടതി പറയുകയായിരുന്നു. എന്നാല്‍ ജസ്റ്റിസ് ആര്‍ എഫ് നരിമാന്‍, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് എന്നിവര്‍ വിശാല ബെഞ്ചിന് വിടുന്നതിനോട് വിയോജിച്ചു. ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയും ജസ്റ്റിസ് ഖാന്‍വാലിക്കറും അനുകൂലിച്ചു.
മുസ്ലിം പള്ളികളിലേക്കും പാഴ്സി ക്ഷേത്രങ്ങളിലേക്കും സ്ത്രീകള്‍ പ്രവേശിക്കുന്നതു സംബന്ധിച്ച ഹരജികളും ചീഫ് ജസ്റ്റിസ് വിശാല ബെഞ്ചിനു വിട്ടിരുന്നു.
സ്ത്രീകള്‍ മുസ്ലിം പള്ളികളിലും പാഴ്സി ക്ഷേത്രങ്ങളിലും പ്രവേശിക്കുന്നതും സമാനമായ വിഷയമാണെന്ന് കോടതി നിരീക്ഷിച്ചു. അടുത്തിടെ ജസ്റ്റിസ് എസ്.എ ബോബ്ഡെ മുസ്ലിം പള്ളികളിലെ സ്ത്രീപ്രവേശനം സംബന്ധിച്ച ഹരജി പരിഗണിക്കുന്നതു മാറ്റിവെച്ചിരുന്നു.
അന്നുതന്നെ ഇക്കാര്യവും ശബരിമലയിലെ പുനഃപരിശോധനയ്ക്കൊപ്പം പരിഗണിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എസ്.എ ബോബ്ഡെയാണ് അടുത്ത ചീഫ് ജസ്റ്റിസ്.
2018 സെപ്റ്റംബര്‍ 28 ന് മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടന ബെഞ്ചാണ് ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ട് വിധി പുറപ്പെടുവിച്ചത്.
ഇതിന് പിന്നാലെ പുന:പരിശോധന ആവശ്യപ്പെട്ട് 56 ഹരജികള്‍ സുപ്രീം കോടതിക്ക് മുന്‍പില്‍ എത്തുകയായിരുന്നു. ഇക്കഴിഞ്ഞ മെയ് മാസത്തില്‍ ഹര്‍ജികളില്‍ വാദം കേട്ടശേഷം അന്തിമവിധി പറയാന്‍ മാറ്റിവെക്കുകയായിരുന്നു.
കഴിഞ്ഞവര്‍ഷം യുവതീപ്രവേശ അനുകൂല വിധി നല്‍കിയവരില്‍ അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജഡ്ജിമാരായ നരിമാന്‍, ചന്ദ്രചൂഢ് എന്നിവര്‍ വെവ്വേറെ വിധിന്യായമെഴുതിയിരുന്നു.
എതിര്‍ത്ത ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര വിയോജന വിധിന്യായമെഴുതി. ജസ്റ്റിസ് എ.എം ഖന്‍വില്‍ക്കര്‍, ചീഫ് ജസ്റ്റിസായിരുന്ന മിശ്രയുടെ വിധിന്യായത്തോടു യോജിച്ചിരുന്നു.