തീവ്ര ക്രൈസ്തവ നിലപാടുള്ള സംഘടനകൾ സഭയുടെ ഔദ്യോഗിക സംഘടനയല്ല: മാർ ജോസഫ് പാംപ്ലാനി
Kerala News
തീവ്ര ക്രൈസ്തവ നിലപാടുള്ള സംഘടനകൾ സഭയുടെ ഔദ്യോഗിക സംഘടനയല്ല: മാർ ജോസഫ് പാംപ്ലാനി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 18th December 2024, 7:01 pm

കോട്ടയം: തീവ്ര ക്രൈസ്തവ നിലപാടുള്ള സംഘടനകളെ തള്ളി മാർ ജോസഫ് പാംപ്ലാനി. ഇത്തരം സംഘടനകളുടെ എല്ലാ നിലപാടിനെയും ഉൾക്കൊള്ളാനാകില്ലെന്നും കെ.സി.ബി.സി മീഡിയ കമ്മീഷൻ ചെയർമാൻ കൂടിയായ പാംപ്ലാനി പറഞ്ഞു. നേരത്തെ റബ്ബറിന് വിലകൂട്ടിയാൽ ബി.ജെ.പിക്ക് വോട്ടുചെയ്യുമെന്ന വിവാദപരാമായ പരാമർശങ്ങൾ നടത്തിയിരുന്നു അദ്ദേഹം.

തീവ്ര ക്രൈസ്ത‌തവ സംഘടനകളിൽ നിന്ന് സഭാ നേതൃത്വത്തിനു നേരെ ഉയരുന്ന പ്രചാരണങ്ങൾക്കെതിരെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇത്തരം സംഘടനകളോട് സഭയ്ക്കു കൃത്യമായ നിലപാടുണ്ടെന്ന് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. സംഘടനകളിലെ പ്രവർത്തനങ്ങളുടെ നന്മകളൊന്നും സഭ തള്ളിപ്പറയുന്നില്ല. പക്ഷേ, അവർ സഭയുടെ ഔദ്യോഗിക സംഘടനയല്ലെന്നു സഭ എക്കാലവും പറയും. കാരണം, അവർ ചെയ്യുന്ന എല്ലാ പ്രവർത്തനങ്ങളുടെയും ഉത്തരവാദിത്തം സഭക്കില്ല എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഇത്തരം സംഘടനകൾ തലശേരിയിൽ ആരംഭിച്ചപ്പോൾ എന്റെ അടുത്തു വന്ന് തങ്ങൾക്ക് ഒത്തുകൂടാൻ പള്ളികളുടെ പാരീഷ് ഹാൾ വിട്ട് തരണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഞാൻ അവർക്കു സമ്മതവും കൊടുത്തു. അത് സഭയുടെ ഔദ്യോഗിക സംഘടനയായതുകൊണ്ടല്ല, മറിച്ച്
സഭയ്ക്കു വേണ്ടി സംസാരിക്കുന്നവരായതുകൊണ്ടാണ് അനുവാദം നൽകിയത്.

എന്നാൽ, വിശ്വാസികൾക്കിടയിൽ വേരുപിടിച്ചു തുടങ്ങിയതോടെ ഇവർ സഭയുടെ മറ്റ് സംഘടനകളെല്ലാം പരാജയമാണെന്ന നിലപാട് എടുത്തു. സഭയുടെ വ്യവസ്ഥാപിത സംവിധാനങ്ങളെ മുഴുവൻ വെല്ലുവിളിക്കുന്ന സമീപനം ഇത്തരം സംഘടനകളിൽ നിന്ന് ഉയരുന്നു. തുടക്കത്തിൽ സഭ ഇവരെ തിരുത്താൻ ശ്രമിച്ചു. ഞാൻ തന്നെ ഇവരെ ചർച്ചയ്ക്കു വിളിച്ചു. പക്ഷേ, ഇക്കൂട്ടർ ചെവിക്കൊണ്ടില്ല. സഭയല്ല അവരിൽ നിന്ന് അകന്നു നിൽക്കുന്നത്, അവരാണ് സഭയിൽ നിന്ന് അകന്നു നിൽക്കുന്നത്.

സഭ എക്കാലവും പ്രതിസന്ധിയിലൂടെയാണു കടന്നു പോയിട്ടുള്ളത്. ഇരുപതു നൂറ്റാണ്ടുകളിൽ ഒരു കാലത്തും സഭയ്ക്കു വേണ്ടി ആരും ചുവപ്പ് പരവതാനി വിരിച്ചു സ്വീകരിച്ചിട്ടില്ല. മറിച്ച് സഭ കടന്നു പോകുന്നത് പീഢാനുഭവങ്ങുടെ തീവ്രയായ മരുഭൂമിയിലൂടെയാണ്. എക്കാലവും സഭ അങ്ങനെയാണു കടന്നു പോയിട്ടുള്ളത്. സഭയെ നയിക്കുന്ന ഒരു സുവിശേഷമുണ്ട്. സ്നേഹത്തിന്റെ കരുതലിന്റെ പരസ്പരം ആദരിക്കുന്നതിന്റെ സുവിശേഷം.

ഇതു വിസ്മരിച്ചുകൊണ്ട് എതെങ്കിലും മതത്തെ വൈകാരികമായി എതിർക്കണമെന്നും, അവർക്കെതിരെ ഏതറ്റം വരെയും അക്രമങ്ങളുടെ വഴി സ്വീകരണിക്കണമെന്നു പറഞ്ഞാൽ നമ്മൾ സുവിശേഷത്തിൽ വെള്ളം ചേർക്കുന്നത് പോലെയാണ്.

എന്ന് സഭ സുവിശേഷത്തിൽ നിന്ന് അകന്നോ അന്നു മാത്രമേ സഭ ദുർബലമായിട്ടുള്ളൂ. പ്രശ്‌നങ്ങൾ ഒരിക്കലും സഭയെ ദുർബലപ്പെടുത്തിയിട്ടില്ല, അവ സഭയെ കരുത്തുറ്റതാക്കിയിട്ടേയുള്ളൂ.

ഈ പ്രതിസന്ധികളിലൂടെ സഭ കടന്നു വന്നത് ഏതെങ്കിലും തീവ്ര സംഘടനയുടെയോ പിന്തുണകൊണ്ടല്ല. സഭ കടന്ന പോകുന്നത് പരിശുദ്ധാത്മ കൃപയാൽ തിരുവചനത്തിൻ്റെ പ്രകാശത്തിൽ ജീവിതത്തിന്റെ പ്രതിസന്ധികളെ വായിച്ചെടുത്തുകൊണ്ടാണ്.

സഭാ നേതൃത്വം നിങ്ങളോട് സംവദിക്കാൻ തയാറാണ്, നിങ്ങളുടെ ആശയങ്ങളും ആശങ്കകളും സഭയുമായി പങ്കുവെക്കുക, ഒരുമിച്ചു നിൽക്കുകയാണു വേണ്ടത്,’ മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.

 

 

Content Highlight: Organizations with a radical Christian stance are not a structure of the Church: Father Joseph Pamplani