ഹൈദരാബാദ്: തെലങ്കാന സെക്രട്ടറിയേറ്റിന് പിന്നാലെ ഹൈദരാബാദ് നഗരത്തിനും ബി.ആര്‍. അംബേദ്കറിന്റെ പേര് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഓള്‍ ഇന്ത്യ കോണ്‍ഫെഡറേഷന്‍ ഓഫ് എസ്.സി, എസ്.ടി ഓര്‍ഗനൈസേഷന്‍സ്.
അംബേദ്കര്‍ ജയന്തിയോടനുബന്ധിച്ച് ജില്ലക്ക് ‘അംബേദ്കര്‍ ഹൈദരാബാദ്’ എന്ന് പേരിടാനാണ് ആവശ്യമുയരുന്നത്. ഇതിന്റെ ഭാഗമായി തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന് കത്തയച്ചിട്ടുണ്ടെന്ന് സംഘടന മേധാവികള്‍ അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പേര് മാറ്റത്തിന് ചില കാരണങ്ങളും സംഘടന നേതൃത്വം മുന്നോട്ട് വെച്ചിട്ടുണ്ട്. ഇന്ത്യന്‍ ഭരണഘടന നിര്‍മാതാവായ വ്യക്തിയാണ് ഡോ. ബി.ആര്‍. അംബേദ്കറെന്നതാണ് ഒന്നാമത്തെ കാരണമായി അവര്‍ ചൂണ്ടിക്കാട്ടുന്നത്. ഹൈദരാബാദിലെ ഉസ്മാനിയ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ആദ്യമായി ലിറ്ററേച്ചര്‍ ഡോക്ടറേറ്റ് നേടിയ ഇന്ത്യക്കാരനാണ് അംബേദ്കറെന്നും കത്തില്‍ പരാമര്‍ശമുണ്ട്.
അതോടൊപ്പം ഇന്ത്യയുടെ രണ്ടാമത്തെ തലസ്ഥാനം ഹൈദരാബാദാകണമെന്ന് വാദിച്ച വ്യക്തിയാണ് അംബേദ്കറെന്നും പേര് മാറ്റത്തിന് കാരണമായി എസ്.സി, എസ്.ടി ഓര്‍ഗനൈസേഷന്‍ ചൂണ്ടിക്കാണിച്ചു. അതുകൊണ്ട് തന്നെ അംബേദ്കറിന്റെ 132ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി ഹൈദരാബാദ് ജില്ലയുടെ പേര് മാറ്റണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
അംബേദ്കറിന്റെ 132ാം ജന്മദിനത്തോടനുബന്ധിച്ച് വിപുലമായ ആഘോഷ പരിപാടികള്‍ക്കാണ് തെലങ്കാന സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി ഹൈദരാബാദ് നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥാപിക്കുന്ന 125 അടി ഉയരമുള്ള അംബേദ്കറിന്റെ പ്രതിമയുടെ നിര്‍മാണം അവസാന ഘട്ടത്തിലാണ്.
അംബേദ്കര്‍ ജയന്തിയായ ഏപ്രില്‍ 14ന് മുഖ്യമന്ത്രി കെ. ചന്ദ്ര ശേഖര്‍ റാവു പ്രതിമ ഉദ്ഘാടനം ചെയ്യും. ഇതേ ദിവസം തന്നെ ഹൈദരാബാദിന്റെ പേര് മാറ്റണമെന്നാണ് സംഘടന നേതാക്കളുടെ ആവശ്യം.
Content Highlight: organization wanted to change hyderabads name after ambedkar