ജിദ്ദ: ഇസ്രഈല്‍-ഫല്‌സതീന്‍ തര്‍ക്കത്തില്‍ ട്രംപ് മുന്നോട്ട് വെച്ച പശ്ചിമേഷ്യന്‍ സമാധാന പദ്ധതി തള്ളി ആഗോള മുസ്‌ലിം രാജ്യങ്ങളുടെ സംഘടനയായ ഒ.ഐ.സി [ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോര്‍പ്പറേഷന്‍ ]. ട്രംപ് പ്രഖ്യാപിച്ച പദ്ധതിയുമായി ഒ.ഐ.സിയിലെ 57 അംഗരാജ്യങ്ങളും ഒരുതരത്തിലും സഹകരിക്കില്ലെന്ന് ജിദ്ദയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമെടുത്തു.
ട്രംപിന്റെ പ്രഖ്യാപനം ചര്‍ച്ചചെയ്യാന്‍ ഫലസ്തീന്‍ നേതാക്കള്‍ ആവശ്യപ്പെട്ടതുമൂലമാണ് ഒ.ഐ.സി യോഗം ചേര്‍ന്നത്. യോഗത്തില്‍ ഒ.ഐ.സി അംഗമായ ഇറാന്‍ പങ്കെടുത്തിരുന്നില്ല. ട്രംപിന്റെ സമാധാന പദ്ധതി ചര്‍ച്ചചെയ്യുന്ന ഒ.ഐ.സി യോഗത്തില്‍ ഇറാന്റെ പങ്കാളിത്തം സൗദി തടസ്സപ്പെടുത്തിയെന്ന് കഴിഞ്ഞ ദിവസം ഇറാനിയന്‍ വിദേശ കാര്യമന്ത്രാലയ പ്രതിനിധിയായ അബ്ബാസ് മൊസവി ആരോപിച്ചിരുന്നു. എന്നാല്‍ ഇതിനോട് സൗദി ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
57 മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങള്‍ അംഗങ്ങളായുള്ള സംഘടനയാണ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോര്‍പ്പറേഷന്‍. 1969 ലാണ് ഈ സംഘടന സ്ഥാപിതമാവുന്നത്.
നേരത്തെ അറബ് രാജ്യങ്ങളുടെ സംഘടനയായ അറബ് ലീഗ് ട്രംപിന്റെ പദ്ധതിയെ തള്ളിക്കളഞ്ഞിരുന്നു.ഫലസ്തീന്‍ ജനതയുടെ അവകാശം മാനിക്കുന്നില്ല എന്നാണ് അറബ് ലീഗ് ആരോപിച്ചത്. ഈജിപ്തില്‍വെച്ച് നടന്ന അടിയന്തരയോഗത്തില്‍വെച്ചാണ് അറേബ്യന്‍ ലീഗിലെ അംഗങ്ങളായ 22 രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാര്‍ ഫലസ്തീന്‍ ഇസ്രഈല്‍ സമാധാന പദ്ധതി തള്ളിക്കളഞ്ഞത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ജനുവരി 28 നാണ് വിവാദമായ പശ്ചിമേഷ്യന്‍ സമാധാന പദ്ധതി ട്രംപ് വൈറ്റ് ഹൗസില്‍ വെച്ച് പ്രഖ്യാപിച്ചത്. ഇസ്രഈല്‍-ഫലസ്തീന്‍ തര്‍ക്കത്തില്‍ പരിഹാരം കാണാനായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ട് വെച്ച പശ്ചിമേഷ്യന്‍ സമാധാന പദ്ധതിയില്‍ വെസ്റ്റ്ബാങ്കിലെ ഇസ്രഈല്‍ അധിനിവേശത്തെ അംഗീകരിക്കുന്നു. ഒപ്പം ഇസ്രഈലിന്റെ തലസ്ഥാനമായി ജറുസലേം തുടരുമെന്നും ട്രംപ് പ്രഖ്യാപിച്ചു.
അതേ സമയം സ്വതന്ത്ര്യ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നെന്നും കിഴക്കന്‍ ജറുസലേം ഫലസ്തീന് തലസ്ഥാനമായി നല്‍കുമെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ ട്രംപിന്റെ പ്രഖ്യാപനത്തെ ഫല്‌സതീന്‍ തള്ളിക്കളയുകയാണുണ്ടായത്.