കോഴിക്കോട്: ഓര്‍ഗാനിക് മെഡല്‍ ഓഫ് ഓണര്‍’ അന്തര്‍ദേശീയ പുരസ്‌കാരം കേരളാ ജൈവ കര്‍ഷക സമിതിക്ക് ലഭിച്ചു.കാര്‍ഷിക മേഖലയില്‍ പരിസ്ഥിതി കേന്ദ്രീകൃതവും സുസ്ഥിരവും നിര്‍മ്മാണാത്മകവുമായ സാമൂഹിക സാമ്പത്തിക മാറ്റങ്ങള്‍ സൃഷ്ടിക്കുന്ന പ്രവര്‍ത്തനങ്ങള്‍ സ്വയം പര്യാപ്തമായ സംഘടനാ സംവിധാനത്തിലൂടെ നടത്തിവരുന്നതിനാലാണ് ജൈവകര്‍ഷക സമിതിക്ക് അംഗീകാരം ലഭിച്ചത്.
5000 യു.എസ് ഡോളര്‍ (ഏകദേശം മൂന്നര ലക്ഷം രൂപ) ആണ് അവാര്‍ഡ് തുക. മെയ് 30 ന് ചൈനയിലെ സിച്ച്വാന്‍ പ്രൊവിന്‍സില്‍ വെച്ചു നടക്കുന്ന ഷിചോങ്ങ് ഇന്റര്‍നാഷണല്‍ ഓര്‍ഗാനിക് ഇന്നൊവേഷന്‍ സമ്മിറ്റില്‍ വെച്ചാണ് അവാര്‍ഡ് വിതരണം ചെയ്യുക. ദക്ഷിണ കൊറിയയിലെ യൂത്ത് കൊളാബോ ഫാം എന്ന പ്രസ്ഥാനത്തിനും അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
ചൈനയിലെ ഷിചോങ്ങ് കൗണ്ടി മുനിസിപാലിറ്റി ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഓര്‍ഗാനിക് അഗ്രികള്‍ച്ചര്‍ മൂവ്‌മെന്റ്,ഏഷ്യ യുടെ സഹകരണത്തോടെ ജൈവകൃഷി മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുന്ന അന്തര്‍ദേശീയ പുരസ്‌കാരമാണ് ഓര്‍ഗാനിക് മെഡല്‍ ഓഫ് ഓണര്‍. ഈ വര്‍ഷമാണ് മുതലാണ് അവാര്‍ഡ് വിതരണം ആരംഭിച്ചത്.
ഏഷ്യയിലെ 22 രാജ്യങ്ങളിലെ 270 ജൈവകര്‍ഷക സംഘടനകള്‍ അടങ്ങിയതാണ് സംഘടന. ഏഷ്യന്‍ രാജ്യങ്ങളില്‍ ജൈവകൃഷി പ്രചരണത്തിനു വേണ്ടി പ്രാദേശിക സര്‍ക്കാരുകളുമായി സഹകരിച്ച് നിരവധി പരിപാടികളും സംഘടന നടത്താറുണ്ട്. ഇതിനു വേണ്ടി വിവിധ പ്രാദേശിക ഭരണസംവിധാനങ്ങളുടെ കൂട്ടായ്മയും രൂപീകരിച്ചിട്ടുണ്ട്.
ലോകരാജ്യങ്ങള്‍ ജൈവകര്‍ഷക സമിതിയുടെ പ്രവര്‍ത്തനങ്ങളുടെ മഹത്വം തിരിച്ചറിയുന്നുവെന്നത് സന്തോഷം നല്‍കുന്ന കാര്യമാണെന്നും സാമ്പ്രദായിക സംഘടനാ സംവിധാനങ്ങളില്‍ നിന്നും വ്യത്യസ്തമായി നിശ്ശബ്ദമായ നിര്‍മ്മാണാത്മകമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെ പ്രാധാന്യം കൂടുതല്‍ ജനങ്ങളിലേക്ക് എത്തുന്നതിന് ഈ അംഗീകാരം ഗുണം ചെയ്യുമെന്നും സംഘടനയുടെ സംസ്ഥാന സെക്രട്ടറി വി. അശോകകുമാര്‍ പറഞ്ഞു.