| Friday, 21st September 2018, 11:20 pm

കേരളത്തില്‍ അവയവദാനങ്ങള്‍ നടക്കുന്നില്ല: സോഷ്യല്‍ മീഡിയ നുണ പ്രചരണങ്ങളുടെ ഫലം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തില്‍ മസ്തിഷ്‌ക മരണാനന്തര അവയവദാനങ്ങള്‍ സ്തംഭിക്കുന്നു. അവയവങ്ങള്‍ കിട്ടാതെ മരിക്കുന്നത് കുട്ടികളുള്‍പ്പടെ നൂറ് കണക്കിന് രോഗികള്‍. 2154 രോഗികള്‍ ഇപ്പോഴും അവയവങ്ങള്‍ കാത്ത് കഴിയുന്നു.

കേരളത്തില്‍ 2016ല്‍ 72 മസ്തിഷ്‌ക മരണാനന്തര അവയവദാനങ്ങള്‍ നടന്നിരുന്നുവെങ്കില്‍ 2017 ല്‍ നടന്നത് വെറും 18 അവയവദാനങ്ങള്‍ മാത്രമാണ്. ഈ ഗണ്യമായ കുറവിന് പിന്നില്‍ വലിയ പങ്ക് സാമൂഹ്യ മാധ്യമങ്ങള്‍ക്കാണെന്നാണ് വിലയിരുത്തല്‍. സാമൂഹ്യ മാധ്യമങ്ങളിലൂടെ അവയവ ദാനത്തെ കുറിച്ച് തീര്‍ത്തും തെറ്റ്ധാരണാ ജനകമായ വാര്‍ത്തകള്‍ വലിയ തോതില്‍ പ്രചരിച്ചത് 2017നും 2018നും ഇടയിലാണ്.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ അവയവം കിട്ടാതെ മരിച്ചവരുടെ എണ്ണം കേരളത്തില്‍ 200 ആണ്. അവയദാന സന്നദ്ധത അറിയിച്ചാല്‍ ഡോക്റ്റര്‍മാര്‍ മനപൂര്‍വ്വം ജീവനെടുക്കും എന്ന് തുടങ്ങി ഡോക്റ്റര്‍മാരുടെ കച്ചവടമാണെന്ന് വരെയുള്ള ആശങ്കാജനകമായ സന്ദേശങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചത്.

2015ല്‍ 76 അവയവദാനങ്ങള്‍ നടന്നിരുന്നു. 2016 ല്‍ 72 ആയി കുറയുകയും 2017ലാണെങ്കില്‍ വെറും 18 അവയവദാനങ്ങള്‍ മാത്രമായി ചുരുങ്ങുകയും ചെയ്തു.2018 ല്‍ ഇതുവരെ 3 അവയവദാതാക്കള്‍ മാത്രമാണ് ഉണ്ടായത്. അതേ സമയം വൃക്ക മാറ്റിവയ്ക്കുവാന്‍ കാത്തിരിക്കുന്നത് 1731 രോഗികളാണ്, കരള്‍ ആവശ്യമുള്ളത് 351 പേര്‍ക്കും ഹൃദയം 16 പേര്‍ക്കുമാണ്. മറ്റ് അവയവങ്ങള്‍ക്കുമുണ്ട് ആവശ്യക്കാര്‍. ഒരു ദാതാവിന് രക്ഷിക്കാന്‍ കഴിയുക 6 ജീവനുകളാണ്.

“ദാതാക്കളുടെ വിശ്വാസ്യതയാണ് പ്രധാന ഘടകം.കേരളത്തില്‍ അവയവദാന പ്രക്രിയ സുതാര്യമല്ല. എങ്ങനെയാണ് അവയദാനം നടക്കുന്നത് എന്ന് സാധാരണകാര്‍ക്ക് മനസ്സിലാകും വിധം ബോധവത്കരണം നടത്തണം. ഇതിനായി ജീവിതം മാറ്റി വെക്കാന്‍ ഞാന്‍ തയ്യാറാണ്. ഇക്കാര്യം ആരോഗ്യവകുപ്പിനെ അറിയിച്ചതുമാണ്. അവയവദാനം നടത്തിയവരുടെ കുടുംബങ്ങളെ വാക്കുകള്‍ കൊണ്ടെങ്കിലും ഗവണ്‍മെന്റ് അഭിനന്ദിക്കുക എന്നതും പ്രധാനമാണ്.”അവയവദാന ബോധവത്കരണം നടത്തുന്ന ഫാ ഡേവിസ് ചിറമ്മല്‍ പറയുന്നു

അവയവദാനത്തിന് രാജ്യത്തെ തന്നെ ഏറ്റവും ശക്തമായ നിയമങ്ങളുള്ള സംസ്ഥാനമാണ് കേരളം.നാല് ഡോക്റ്റര്‍മാരുടെ സംഘമാണ് മസ്തിഷ്‌ക മരണം സ്ഥിതീകരിക്കുന്നത.് ഇതില്‍ രണ്ട് പേര്‍ രോഗിയെ ചികിത്സിക്കുന്ന ആശുപത്രിക്ക് പുറത്തുള്ളവരാവണം. അതില്‍ ഒരാള്‍ സര്‍ക്കാര്‍ ഡോക്ടറും. മൃതസഞ്ജീവനിയില്‍ റെജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമേ അവയവം ലഭിക്കുകയുള്ളു. അതും മുന്‍ഗണന പ്രകാരം മാത്രം.

Also Read:  ജനവികാരം അനുകൂലമാക്കാന്‍ ബി.ജെ.പിക്ക് ഈ മൂന്ന് കാര്യങ്ങള്‍ മാത്രം മതി: കട്ജു

2012ലാണ് കേരള സര്‍ക്കാറിനു കീഴിലുള്ള കെ. എന്‍. ഓ. എസ് ( കേരള നെറ്റ്‌വക്ക് ഓഫ് ഓര്‍ഗന്‍ ഷെയറിങ്ങ്) മൃതസഞ്ജീവനി എന്ന പദ്ധതിക്ക് തുടക്കമിടുന്നത്. കേരളത്തിലെ എല്ലാ അവയദാനവും ഇവര്‍ വഴി മാത്രമേ നടക്കുകയുള്ളു. സംസ്ഥാനത്ത് അവയവദാനം നിയന്ത്രിക്കുന്ന സര്‍ക്കാര്‍ ഏജന്‍സിയായ മൃതസഞ്ജീവനി. എന്നാല്‍ മൃതസഞ്ജീവനിയുടെ നടത്തിപ്പില്‍ സംഭവിച്ചിട്ടുള്ള അനാസ്ഥകളും കേരളത്തിലെ അവയവദാനത്തെ ബാധിച്ചു. ജീവനക്കാരുടെയും അടിസ്ഥാനസൗകര്യങ്ങളുടേയും അപര്യാപ്ത കാരണം നട്ടം തിരയുന്നു. മസ്തിഷ്‌ക മരണം സംഭവിച്ചാല്‍ സ്ഥിരീകരിക്കാനുള്ള ഡോക്ടര്‍മാരെ ഏകോപിപ്പിക്കാനോ സ്വീകര്‍ത്താവിനെ കണ്ടെത്താനോ ഫലപ്രദമായ സംവിധാനങ്ങളില്ല. ജീവിച്ചിരുന്നവരില്‍ നിന്നുള്ള അവയവദാന വിവരങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള സംവിധാനങ്ങളും ഡോണര്‍ ഫോളോഅപും കാര്യക്ഷമമല്ല.

തിരുവനന്തപുരം മെഡിക്കല്‍കോളജിലെ മൃതസഞ്ജീവനി ആസ്ഥാനത്ത് ആകെയുള്ള നാലു ജീവനക്കാരുടെ ചുമലിലാണ് ഈ ഭാരമെല്ലാം. കോഴിക്കോട്, കോട്ടയം സോണല്‍ ഓഫീസുകള്‍ പേരില്‍ മാത്രമൊതുങ്ങുന്നു. എറണാകുളത്ത് റീജണല്‍ ഓഫീസ് സ്ഥാപിക്കാന്‍ ഉത്തരവിറങ്ങി അഞ്ചു മാസങ്ങളായിട്ടും ജീവനക്കാരെ നിയമിച്ചിട്ടില്ല. ജീവിച്ചിരിക്കുന്നവരില്‍ നിന്ന്് കരളോ വൃക്കയോ സ്വീകരിക്കുന്ന സംഭവങ്ങളില്‍ ദാതാക്കളുടേയും സ്വീകര്‍ത്താക്കളുടേയും വിവരങ്ങള്‍ സുതാര്യമാക്കാനും നിലവില്‍ സംവിധാനമില്ല. ഡോണര്‍ ഫോളോ അപ് നടക്കാത്തതിനാല്‍ ദാതാക്കളുടെ ആരോഗ്യവിവരങ്ങളും ലഭ്യമല്ല.

മൃതസഞ്ജീവനിയിലൂടെയല്ലാതെ സംസ്ഥാനത്ത് അവയവദാനം നടക്കാന്‍ സാധിക്കില്ല. അതിനാല്‍ മൃതസഞ്ജീവനിയെ ഊര്‍ജ്ജസ്വലമാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രിയോട് വിവിധ സന്നദ്ധ സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

We use cookies to give you the best possible experience. Learn more