| Tuesday, 27th October 2020, 10:06 am

അവയവദാന മാഫിയ പിടിമുറുക്കുന്ന കേരളം, ദുരൂഹ വാഹനാപകടങ്ങളിലേക്കും അന്വേഷണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

സംസ്ഥാനത്ത് അവയവദാനമാഫിയ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് കൂടി പുറത്തുവന്ന പശ്ചാത്തലത്തില്‍ വിഷയം അതീവ ഗൗരവതരമായി മാറിയിരിക്കുകയാണ്. അവയവമാഫിയയുമായി ബന്ധപ്പെട്ട് ഐ.ജി ശ്രീജിത്ത് സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് നിര്‍ണായക വഴിത്തിരിവായി മാറിയിരിക്കുന്നത്.

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അവയവദാന ഇടപാടില്‍ പങ്കുണ്ടെന്ന കാര്യം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സംസ്ഥാനത്തെങ്ങും അവയവമാഫിയക്ക് ഏജന്റുമാരുണ്ടെന്നും ഇവര്‍ കിഡ്‌നി അടക്കമുള്ള അവയവങ്ങള്‍ നിയമവിരുദ്ധമായി ഇടനിലക്കാര്‍ വഴി വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ 35 അവയവ കൈമാറ്റങ്ങള്‍ നടന്നിട്ടുണ്ടെന്നും ആറ് മുതല്‍ 12 ലക്ഷം രൂപ വരെ വിവിധ അവയവങ്ങള്‍ക്കായി ഈടാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സംസ്ഥാന സര്‍ക്കാറിന്റെ മേല്‍നോട്ടത്തില്‍ സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന, 2012 ഓഗസ്റ്റ് 12ന് നിലവില്‍ വന്ന മൃതസജ്ഞീവനി പദ്ധതി അട്ടിമറിക്കുന്നതിനും അവയവമാഫിയക്ക് പങ്കുള്ളതായി ആശങ്ക ഉയരുന്നുണ്ട്. മൃതസജ്ഞീവനി വഴി മാത്രമേ സംസ്ഥാനത്ത് അവയവദാനം സാധ്യമാവുകയുള്ളൂ.

എന്നാല്‍ ഈ സംവിധാനത്തെ ഇടനിലക്കാര്‍ അട്ടിമറിയ്ക്കുന്നതായാണ് പുതിയ കണ്ടെത്തല്‍. മസ്തിഷ്‌ക മരണത്തെ തുടര്‍ന്ന് അവയവങ്ങള്‍ ദാനം ചെയ്യുന്നവരുടെ കരള്‍, വൃക്ക, ഹൃദയം, പാന്‍ക്രിയാസ് തുടങ്ങിയവ അത്തരം അവയവങ്ങളുടെ തകരാറു മൂലം ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാത്തവര്‍ക്ക് മുന്‍ഗണനാ ക്രമത്തില്‍ മാറ്റിവെക്കുന്നത് മൃതസജ്ഞീവനി പദ്ധതിപ്രകാരമാണ്.

അവയവദാനത്തില്‍ സുതാര്യത ഉറപ്പ് വരുത്തുന്നതോടൊപ്പം അവയവം ആവശ്യമുള്ളവരുടെയും നല്‍കാന്‍ സന്നദ്ധരായവരുടെയും ഏകോപനവും മൃതസജ്ഞീവനി പദ്ധതിയുടെ ലക്ഷ്യങ്ങളില്‍ പ്രധാനപ്പെട്ടതാണ്. എന്നാല്‍ അവയവദാന മാഫിയയുടെ പ്രവര്‍ത്തനങ്ങള്‍ ഈ പദ്ധതിയ്ക്ക് കനത്ത അടിയായി മാറിയിരിക്കുകയാണ്.

ചില സ്വകാര്യ ആശുപത്രികളെ കേന്ദ്രീകരിച്ച് ആശുപത്രി അധികൃതരുടെ സഹകരണത്തോടെയാണ് അവയവക്കൊള്ള നടത്തുന്നതെന്നാണ് പുറത്തു വന്ന വിവരങ്ങള്‍. ഗുരുതരാവസ്ഥയില്‍ എത്തുന്ന രോഗികളെ രക്ഷപ്പെടുത്തുന്നതിന് പകരം മരണത്തിലേക്ക് നയിക്കാനാണ് ആശുപത്രി അധികൃതര്‍ ശ്രമിക്കുന്നതെന്നും അതുവഴി രോഗിയുടെ ബന്ധുക്കളെ അവയവ ദാനത്തിന്റെ മഹത്വം ബോധ്യപ്പെടുത്തി അവയവങ്ങള്‍ ആവശ്യക്കാര്‍ക്ക് വില്‍ക്കുന്ന പ്രക്രിയയാണ് ആശുപത്രികള്‍ നടത്തുന്നതെന്നുമുള്ള ഗുരുതര ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്.

അവയവ ദാതാക്കളോടും സ്വീകരിക്കുന്നവരോടും വിലപറഞ്ഞുറപ്പിക്കുന്നത് ഏജന്റുമാരാണെന്നും മിക്കപ്പോഴും ദാതാക്കള്‍ക്ക് പറഞ്ഞ വില ലഭിക്കാറില്ലെന്നും അനധികൃത ഇടപാടായതിനാല്‍ വഞ്ചിതരായവര്‍ക്ക് പരാതിപ്പെടാന്‍ കഴിയാത്ത സാഹചര്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൊച്ചിയിലെയും തിരുവന്തപുരത്തെയും ചില ആശുപത്രികളിലേക്കാണ് അവയവങ്ങള്‍ എത്തിക്കുന്നതെന്നാണ് വിവരം.

രോഗികളല്ലാത്ത ദരിദ്രരെയും സാധാരണക്കാരെയും ഇത്തരം അവയവമാഫിയകള്‍ ഉന്നം വയ്ക്കുന്നതായും സൂചനയുണ്ട്. വന്‍ തുക വാഗ്ദാനം ചെയ്ത് അവയവം ദാനം ചെയ്യിക്കുകയും ഒടുക്കം ചെറിയ പ്രതിഫലം നല്‍കി ദാനം ചെയ്തവരെ തിരിച്ചയക്കുകയും ചെയ്യുന്നത് ഇത്തരം മാഫിയകളുടെ സ്ഥിരം പ്രവര്‍ത്തിയാണെന്ന രീതിയിലും ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ്.

അവയവദാനം നടത്തിയവര്‍ക്ക് ജീവിത കാലം മുഴുവന്‍ ആശുപത്രികളെ ആശ്രയിക്കേണ്ടി വരുന്ന സാഹചര്യമാണുള്ളത്. മാറ്റിവെയ്ക്കുന്ന പുതിയ അവയവത്തെ ശരീരം പുറന്തള്ളാന്‍ ശ്രമിക്കും, ഈ പുറന്തളളലിനെ പ്രതിരോധിക്കാന്‍ മരുന്നുകളെ ആശ്രയിക്കുകയേ നിര്‍വാഹമുള്ളൂ. ഇത് ആശുപത്രികള്‍ക്ക് വലിയ വരുമാനമാഗം ഉണ്ടാക്കുന്നുണ്ടെന്നതും അവയവമാഫിയകളെ ആശുപത്രികള്‍ പ്രോത്സാഹിപ്പിക്കുന്നതിന് പിന്നിലെ കാരണമായി ചൂണ്ടിക്കാട്ടുന്നു.

കൃത്രിമ അപകടങ്ങളിലൂടെ ആളുകളെ കൊലപ്പെടുത്തിയും മാഫിയകള്‍ അവയവം കവരുന്നതായി ദുരൂഹതകള്‍ നേരത്തെ ഉയര്‍ന്നിരുന്നു. ക്രൈം ബ്രാഞ്ച് ഐ.ജി ശ്രീജിത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അവയവ കച്ചവടത്തെക്കുറിച്ച് സംസ്ഥാന വ്യാപകമായി ഊര്‍ജിത അന്വേഷണം നടത്താന്‍ ആഭ്യന്തരവകുപ്പ് തീരുമാനിച്ചിരിക്കുകയാണ്.

തൃശൂര്‍ ക്രൈംബ്രാഞ്ച് എസ്.പി സുദര്‍ശന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്. എല്ലാ തരം സംശയങ്ങളുടെ അടിസ്ഥാനത്തിലും അന്വേഷണം നടത്തുമെന്നും കേരളത്തില്‍ മുമ്പുണ്ടായ അവയവദാനവുമായി ബന്ധപ്പെട്ട ആരോപണങ്ങളെ സംബന്ധിച്ച് വിശദപരിശോധന നടത്തുമെന്നും എസ്.പി സുദര്‍ശന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Organ transplantation mafia in kerala IG Sreejith report

ഡൂള്‍ന്യൂസ് ഡെസ്‌ക്