| Thursday, 16th May 2024, 7:04 pm

അവയവം മാറി ശസ്ത്രക്രിയ; കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: അവയവം മാറി ശസ്ത്രക്രിയ ചെയ്ത സംഭവത്തില്‍ കോഴിക്കോട് മെഡിക്കൽ കോളജിലെ ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. അസോസിയേറ്റ് പ്രൊഫസര്‍ ബിജോണ്‍ ജോണ്‍സനെയാണ് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് സസ്‌പെന്‍ഡ് ചെയ്തത്.

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉച്ചയോടെയാണ് ആരോഗ്യ മന്ത്രി മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയത്.

ആശുപത്രികള്‍ കൃത്യമായി പ്രോട്ടോക്കോളുകള്‍ പാലിക്കണമെന്ന കര്‍ശന നിര്‍ദേശവും ആരോഗ്യ മന്ത്രി നല്‍കിയിട്ടുണ്ട്. ഇത്തരമൊരു വീഴ്ച ഇനി ഉണ്ടാകാന്‍ പാടില്ലെന്നും ആരോഗ്യ മന്ത്രി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ആറാം വിരല്‍ നീക്കാനെത്തിയ നാലുവയസ്സുകാരിക്കാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിൽ നാവില്‍ ശസ്ത്രക്രിയ നടത്തിയത്. കോഴിക്കോട് ചെറുവണ്ണൂര്‍ മധുര ബസാര്‍ സ്വദേശിനിയായ നാലുവയസ്സുകാരി ആയിഷ റുവയ്ക്കാണ് ശസ്ത്രക്രിയ മാറി ചെയ്തത്.

കുട്ടിയെ ശസ്ത്രക്രിയക്കായി കൊണ്ടുപോകുമ്പോള്‍ ഒപ്പമുണ്ടായിരുന്നില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്. പൂര്‍ത്തിയായി എന്ന് പറഞ്ഞ് നഴ്‌സ് വാര്‍ഡിലേക്ക് കൊണ്ടുവരുകയായിരുന്നു. വായില്‍ പഞ്ഞി തിരുകിയത് കണ്ട വീട്ടുകാര്‍ വിഷയം തിരക്കിയപ്പോളാണ് കാര്യമറിയുന്നത്. ചോദിച്ചപ്പോള്‍ നഴ്‌സ് ചിരിച്ചു കൊണ്ടാണ് മറുപടി നല്‍കിയതെന്നും ബന്ധുക്കള്‍ പറഞ്ഞു. പിന്നീട് കുട്ടിയുടെ കൈക്കും ശസ്ത്രക്രിയ നടത്തി.
പരാതി അറിയിച്ചതോടെ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ മാപ്പ് പറഞ്ഞുവെന്നും വീട്ടുകാര്‍ പറഞ്ഞു.

Content Highlight: Organ transplant surgery; Doctor of Kozhikode Medical College suspended

We use cookies to give you the best possible experience. Learn more