മാനവികതയ്ക്ക് ചെറുകുളത്തൂര്‍ എന്ന ഗ്രാമം പ്രതിരോധം തീര്‍ക്കുമ്പോള്‍...
Change Makers
മാനവികതയ്ക്ക് ചെറുകുളത്തൂര്‍ എന്ന ഗ്രാമം പ്രതിരോധം തീര്‍ക്കുമ്പോള്‍...
ഷാരോണ്‍ പ്രദീപ്‌
Saturday, 19th May 2018, 2:10 pm

മനുഷ്യത്വം മരിച്ച് കൊണ്ടിരിക്കുന്ന ഈ കാലത്തിന് നന്മകള്‍ കൊണ്ട് പ്രതിരോധം തീര്‍ക്കുകയാണ് ചെറുകുളത്തൂര്‍ എന്ന കോഴിക്കോട് ജില്ലയിലെ ഗ്രാമം. ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ്ണ അവയവദാന ഗ്രാമമായി പ്രഖ്യാപ്പിക്കപ്പെട്ട ഈ പ്രദേശം, കുറഞ്ഞ കാലയളവിനുള്ളില്‍ അനവധി പേര്‍ക്കാണ് ജീവിതത്തിലേക്കുള്ള മടങ്ങിവരവിന് അവസരമൊരുക്കിയത്. കോഴിക്കോട് പെരുവയല്‍ ഗ്രാമപഞ്ചായത്തിലെ നാല് അഞ്ച് ആറ് വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന ഈ പ്രദേശം ദേശീയതലത്തില്‍ തന്നെ കൈവരിച്ച ഈ നേട്ടത്തിന് അതിജീവനത്തിന്റേയും ബോധവല്ക്കരണ പ്രവര്‍ത്തങ്ങളുടേയും വലിയ കഥ പറയാനുണ്ട്.

പുരോഗമന പ്രസ്ഥാനങ്ങളും, ദേശീയ പ്രസ്ഥാനങ്ങളും ആദ്യ കാലം മുതല്‍ക്കേ സ്വാധീനം ചെലുത്തിയ പ്രദേശങ്ങളിലൊന്നാണ് ചെറുകുളത്തൂര്‍. പ്രദേശത്തിന്റെ നവോത്ഥാന പ്രവര്‍ത്തങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കെ.പി ഗോവിന്ദന്‍ കുട്ടി എന്ന സാമൂഹ്യ പ്രവര്‍ത്തകന്റെ സ്മരണാര്‍ത്ഥം പ്രവര്‍ത്തിച്ചു വരുന്ന ഒരു ഗ്രന്ഥശാലയാണ് അവയവദാന പ്രവര്‍ത്തങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത്.

1980 കളില്‍ തന്നെ രക്തഗ്രൂപ്പ് ഡയറക്ടറി രൂപപ്പെട്ട ഈ പ്രദേശത്തേക്ക്, ആദ്യ കാലങ്ങളില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് പോലും അപൂര്‍വ്വ രക്ത ഗ്രൂപ്പുകള്‍ തേടി ആളുകള്‍ എത്തുമായിരുന്നു. ഇത്തരം പ്രവര്‍ത്തങ്ങളുടെ തുടര്‍ച്ച എന്നോണമാണ് അവയവദാനം എന്ന ആശയത്തിലേക്ക് വായനശാല എത്തുന്നതും അതിനാവശ്യമായ ബോധവല്ക്കരണ പ്രവര്‍ത്തനങ്ങള്‍ ഗ്രാമത്തില്‍ നടത്തുന്നതും. നേത്രദാനത്തിനുള്ള പ്രചരണമായിരുന്നു പ്രവര്‍ത്തനത്തിന്റെ ആദ്യപടി.

1980 കളില്‍ തന്നെ നേത്രദാനത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ വായനശാല കോഴിക്കോട് മെഡിക്കല്‍ കോളേജ് നേത്ര വിഭാഗം തലവന്‍ ഡോ.സഹസ്രനാമത്തെ കൊണ്ട് ചെറുകുളത്തൂര്‍ സ്‌കൂളില്‍ വെച്ച് ബോധവല്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചുകൊണ്ട് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു. 60 വയസ്സ് കഴിഞ്ഞ 57 പേരുടെ ഒരു ലിസ്റ്റ് രൂപികരിക്കുകയും, നേത്രദാനത്തിനുള്ള സമ്മതപത്രം വാങ്ങുവാനും എണ്‍പതുകളില്‍ തന്നെ ഈ ഗ്രാമത്തിന് സാധിച്ചിരുന്നു.

എന്നാല്‍ എളുപ്പമായിരുന്നില്ല തുടര്‍ന്നുള്ള പ്രവര്‍ത്തങ്ങള്‍, മതങ്ങളും ആചാരങ്ങളും പലപ്പോഴും പ്രവര്‍ത്തങ്ങള്‍ക്ക് വിലങ്ങ് തടിയായി. മരണാനന്തര ജീവിതത്തെക്കുറിച്ച് നിലനിന്നിരുന്ന വിശ്വാസങ്ങളും, സ്വര്‍ഗ്ഗ-നരക സങ്കല്പ്പങ്ങളും പലരേയും അവയവ ദാന സമ്മതപത്രത്തില്‍ ഒപ്പിടുന്നതില്‍ നിന്നും അകറ്റി നിര്‍ത്തി. എന്നാല്‍ പ്രദേശത്തെ പുരോഗമന പ്രസ്ഥാനങ്ങളും, യുവജനതയും ഇതിനും പരിഹാരം കണ്ടെത്തി.

മതാചാരപ്രകരമുള്ള മരണാനന്തര ചടങ്ങുകള്‍ തന്നെ പ്രദേശത്ത് അവസാനിപ്പിക്കുന്നതായിരുന്നു ഇവരുടെ പ്രവര്‍ത്തനങ്ങള്‍. സ്വന്തം ബന്ധുജനങ്ങളുടെ മരണാനന്തര ചടങ്ങുകളില്‍ നിന്ന് ആരംഭിച്ച് പ്രദേശത്തേക്ക് മുഴുവന്‍ ഈ സംസ്‌ക്കാരം ഇവര്‍ പതിയെ പ്രചരിപ്പിക്കുകയായിരുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തത് ഗ്വാളിയോര്‍ ഐയോണ്‍സിലെ മുന്‍ തൊഴിലാളിയും, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനുമായിരുന്ന ടി.വി ഗോവിന്ദന്‍ കുട്ടിയായിരുന്നു.

മതാചാര്യന്മാര്‍ പണം വാങ്ങി ചെയ്ത് പോന്നിരുന്ന, മരണാനന്തര കര്‍മ്മങ്ങള്‍ ഇദ്ദേഹം സൗജന്യമായി ചെയ്ത് കൊടുക്കാന്‍ ആരംഭിക്കുകയും, ശാസ്ത്രീയമായി തന്നെ നടത്തിയ ശവസംസ്‌ക്കാര പ്രവര്‍ത്തനങ്ങള്‍ പ്രദേശവാസികള്‍ ഏറ്റെടുക്കുകയുമായിരുന്നു. സാമ്പത്തികമായുള്ള ലാഭം പലപ്പോഴും പ്രദേശവാസികളെ മതാചാരങ്ങളില്‍ നിന്ന് പിന്തിരിയാന്‍ പ്രേരിപ്പിച്ചു. ഇത്തരം പ്രവര്‍ത്തങ്ങളോടൊപ്പം നേത്രദാന പ്രചരണം കൂടി മരണവീടുകളില്‍ ഇവര്‍ നടത്തിപോരുകയും, പതിയെ ഗ്രാമത്തിലെ വലിയൊരു ശതമാനം വീടുകളില്‍ നിന്നും മരണാനന്തരം നേത്രദാനം ഒരു ചടങ്ങ് പോലെ രൂപം കൊള്ളിക്കാനും ഇത്തരം പ്രവര്‍ത്തങ്ങള്‍ക്ക് സാധിച്ചു. ഇതിലുപരിയായി ഗ്രാമത്തിലെ 17 പേരില്‍ നിന്നും, മരണാനത്രം തങ്ങളുടെ മൃതശരീരം മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പഠനാവശ്യങ്ങള്‍ക്ക് വിട്ട് നല്കാനുള്ള സമ്മതപത്രം സമ്പാദിക്കാനും വായനശാലക്ക് സാധിച്ചിരുന്നു.

നേത്രദാനഗ്രാമം എന്ന പദവി കൈവരിച്ചതിന് ശേഷമാണ് പ്രവര്‍ത്തനങ്ങള്‍ വിപൂലീകരിക്കരിക്കാന്‍ വായനശാല തീരുമാനിക്കുന്നതും അവയവ ദാന ഗ്രാമം എന്ന സങ്കല്പത്തിലേക്ക് എത്തിച്ചേരുന്നതും. തുടര്‍ന്ന് 2012 ഇല്‍ പ്രവര്‍ത്തനകമ്മിറ്റി രൂപികരിക്കുകയും, ഗ്രാമത്തിലെ വീടുകളില്‍ കയറി ഇറങ്ങി അവയവ ദാന ബോധവല്ക്കരണ പ്രവര്‍ത്തങ്ങള്‍ നടത്തുകയും ചെയ്തു.

മികച്ച രാഷ്ട്രീയ അടിത്തറയുണ്ടായിരുന്ന ഗ്രാമത്തില്‍ വന്‍ വിജയമായിരുന്നു ഈ പ്രവര്‍ത്തനങ്ങള്‍. തുടര്‍ന്ന് 2013 ജനുവരി 27 ഇല്‍ ചെറുകുളത്തൂരില്‍ വെച്ച് നടന്ന ചടങ്ങില്‍ സാമൂഹ്യ പ്രവര്‍ത്തകയും നര്‍ത്തകിയുമായ ഡോ:മല്ലികാ സാരാഭായി ഗ്രാമത്തെ സമ്പൂര്‍ണ്ണ അവയവദാന ഗ്രാമമായി പ്രഖ്യാപിക്കുകയായിരുന്നു. ഇതേ ചടങ്ങില്‍ തന്നെ 1500ഓളം അവയവദാന സമ്മതപത്രങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിന് കൈമാറാനും വായനാശാലാ പ്രവര്‍ത്തകര്‍ക്ക് സാധിച്ചു. സമ്പൂര്‍ണ്ണ അവയവദാന ഗ്രാമം എന്ന ഖ്യാതി സമ്പാദിച്ചെങ്കിലും, മസ്തിഷ്‌ക മരണങ്ങള്‍ അപൂര്‍വ്വമായതിനാല്‍ പലപ്പോഴും നേത്രദാന പ്രവര്‍ത്തങ്ങള്‍ക്ക് മാത്രമേ വായനശാലക്ക് സാധിക്കാറുള്ളു.

ചെറുകുളത്തൂരിന്റെ വിജയകഥ മാധ്യമങ്ങളിലും മറ്റ് വന്നതോടെ സമീപത്തുള്ള ഗ്രാമങ്ങളും, ജില്ലകളും ഇത്തരം പ്രവര്‍ത്തങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നു എന്നതാണ് വായനശാല പ്രവര്‍ത്തകര്‍ തങ്ങളുടെ ഏറ്റവും വലിയ വിജയമായി കണക്കാക്കുന്നത്. കോഴിക്കോട് ജില്ലയിലെ തന്നെ എലത്തൂരിലെ ചെട്ടികുളം എന്ന സ്ഥലം, ചെറുകുളത്തൂരിനെ പിന്തുടര്‍ന്ന് ഈ രംഗത്തേക്ക് വരികയും നല്ല രീതിയില്‍ അവയവദാന ബോധവല്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നുണ്ടെന്നും വായനശാലാ പ്രവര്‍ത്തകര്‍ പറയുന്നു.

വരും കാലങ്ങളില്‍ മറ്റ് പ്രദേശങ്ങള്‍ കൂടെ ഇത്തരം പ്രവര്‍ത്തങ്ങള്‍ നടത്തുമെന്നും, അപകടങ്ങളില്‍ പെടുന്നവര്‍ക്കും രോഗബാധിതര്‍ക്കും അവയവ ലഭ്യതക്ക് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരില്ല എന്നതുമാണ് കെ.പി ഗോവിന്ദന്‍കുട്ടി വായനശാല പ്രവര്‍ത്തകരുടെ പ്രത്യാശ.

ഷാരോണ്‍ പ്രദീപ്‌
സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍