കൊച്ചി: മസ്തിഷ്‌ക മരണം സംഭവിച്ച ചെമ്പഴന്തി സ്വദേശി ലാലി ഗോപകുമാറിന്റെ ഹൃദയം തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ നിന്നും കൊച്ചിയിലേക്ക് കൊണ്ടുപോയി.
സര്‍ക്കാര്‍ വാടകയ്ക്ക് എടുത്ത ഹെലികോപ്റ്ററിലാണ് ഹൃദയം ലിസി ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗിക്ക് വേണ്ടി എത്തിക്കുന്നത്.
ഇതോടെ സര്‍ക്കാര്‍ ഹെലികോപ്റ്ററിന്റെ ആദ്യയാത്ര ജീവന്‍ രക്ഷാദൗത്യം ഏറ്റെടുത്തുകൊണ്ടായി.
തിരുവനന്തപുരം വിമാനത്താവളത്തിന്റെ ടെക്‌നിക്കല്‍ ഏരിയയില്‍ നിന്നാണ് വിമാനം 2.45 ഓടെ പുറപ്പെട്ടിരിക്കുന്നത്.
കൊച്ചിയില്‍ ഹൃദയം എത്തിച്ച് എത്രയും പെട്ടെന്ന് മറ്റ് നടപടികള്‍ പൂര്‍ത്തിയാക്കാനാണ് ആരോഗ്യവകുപ്പിന്റെ ശ്രമം.
സര്‍ക്കാരിന്റെ മൃതസഞ്ജീവനി പദ്ധതി മുഖേനയാണ് അവയവ ദാനം നടക്കുന്നത്. എയര്‍ ആംബുലന്‍സില്‍ ഡോക്ടര്‍ ജോസ് ചാക്കോ അടക്കമുള്ള മെഡിക്കല്‍ സംഘം കൊച്ചിയിലേക്ക് പോകുന്നുണ്ട്.
ഉച്ചയ്ക്ക് 2.40 ഓടെ മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയ പൂര്‍ത്തിയാക്കി ഹൃദയം കിംസില്‍ നിന്നും തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ എത്തിക്കുകയായിരുന്നു. പത്ത് മിനുട്ട് സമയം മാത്രമാണ് ഇതിന് എടുത്തത്.
കഴക്കൂട്ടം എല്‍.പി സ്‌കൂള്‍ അധ്യാപികയായ ലാലിയുടെ മസ്തിഷ്‌ക മരണം ഇന്നലെയാണ് സംഭവിച്ചത്.
കുടുംബം അവയവദാനത്തിനുള്ള സന്നദ്ധത അറിയിച്ചതോടെയാണ് മറ്റ് ആശുപത്രികളില്‍ അവയവം കാത്തുകിടക്കുന്ന രോഗികളെ കുറിച്ച് അന്വേഷണം ആരംഭിച്ചത്. ഒട്ടും വൈകാതെ തന്നെ രക്തഗ്രൂപ്പ് അടക്കം യോജിക്കുന്ന രോഗിയെ കണ്ടെത്തുകയും മറ്റ് നടപടികള്‍ പൂര്‍ത്തിയാക്കുകയുമായിരുന്നു. കോതമംഗലം സ്വദേശിനിക്കാണ് ഹൃദയം കൈമാറുന്നത്.
സര്‍ക്കാര്‍ വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററിന്റെ ആദ്യയാത്ര ഒരു ജീവന്റെ തുടിപ്പുമായാണ്. അവയവദാന ചരിത്രത്തില്‍ പുതിയ അധ്യായം കുറിക്കുകയാണ് ഇതിലൂടെ.
ഹെലികോപ്റ്റര്‍ എയര്‍ ആംബുലന്‍സായി ഉപയോഗിക്കുന്നതിലൂടെ സ്വീകര്‍ത്താവിലേക്ക് കുറഞ്ഞ സമയത്തിനുള്ളില്‍ അവയവം എത്തിക്കാനും ശസ്ത്രക്രിയ നടത്താനുമാണ് സാധിക്കുന്നത്.
ഹൃദയത്തിന് പുറമെ രണ്ട് വൃക്കകളും കണ്ണുകളുടെ കോര്‍ണിയയും ലാലി ഗോപകുമാര്‍ ദാനം ചെയ്തിട്ടുണ്ട്. ഇതോടെ അഞ്ച് പേര്‍ക്ക് പുതുജീവന്‍ നല്‍കിയാണ് ലാലി ടീച്ചര്‍ ജീവിതത്തില്‍ നിന്ന് വിടപറയുന്നത്.
അവരുടെ മഹത്വമാണ് ഇതിലൂടെ കാണാന്‍ സാധിക്കുന്നതെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉള്‍പ്പെടെ ആശുപത്രിയിലെത്തി ലാലി ടീച്ചറുടെ കുടുംബത്തെ കണ്ടിരുന്നു.
വിമാനം നാല് മണിയോടെ കൊച്ചിയില്‍ ലാന്റ് ചെയ്യും. ഹെലിപാഡ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഇവിടെ സജ്ജമാണ്.
ആശുപത്രിയിലേക്കെത്തിക്കാനുള്ള എല്ലാ ക്രമീകരണങ്ങളും ചെയ്തുകഴിഞ്ഞിട്ടുണ്ട്. നാല് മിനുട്ടിനുള്ളില്‍ ആശുപത്രിയില്‍ ഹൃദയം എത്താനുള്ള സജീകരണമാണ് ഒരുക്കിയത്. ഗ്രീന്‍ കോറിഡോറാണ് ഇതിനായി ഒരുക്കിയത്.
സാമ്പത്തിക പ്രതിസന്ധിക്കിടെ സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കുന്നത് വലിയ വിവാദത്തിന് വഴിയൊരുക്കിയിരുന്നു. 1,44,00000രൂപയാണ് സര്‍ക്കാര്‍ ഹെലികോപ്റ്ററിന് വാടകയായി നല്‍കുന്നത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക