ന്യൂദൽഹി: ഹണി ട്രാപ്പിൽ കുടുങ്ങി പാകിസ്ഥാൻ ഏജന്റിന് തന്ത്രപ്രധാനമായ വിവരങ്ങൾ ചോർത്തി നൽകിയ ഓർഡനൻസ് ഫാക്ടറി ജീവനക്കാരൻ അറസ്റ്റിൽ. ഫിറോസാബാദ് ജില്ലയിലെ ഹസ്രത്ത്പൂരിലെ ഓർഡനൻസ് ഫാക്ടറിയിലെ ജീവനക്കാരനായ രവീന്ദ്ര കുമാരാണ് അറസ്റ്റിലായത്. ഇയാളെ അറസ്റ്റ് ചെയ്തതായി ഉത്തർപ്രദേശ് ഭീകരവിരുദ്ധ സ്ക്വാഡ് വെള്ളിയാഴ്ച ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.
‘കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, പാകിസ്ഥാൻ ചാര ഏജൻസിയുടെ മാനേജർമാരെക്കുറിച്ചുള്ള വിവരങ്ങൾ ഭീകരവിരുദ്ധ സ്ക്വാഡിന് (എ.ടി.എസ്) ലഭിച്ചിരുന്നു. വിദേശകാര്യ മന്ത്രാലയത്തിലെയും ഇന്ത്യാ ഗവൺമെന്റിലെയും ജീവനക്കാരെ ഹണി ട്രാപ്പിൽ കുടുക്കിയും വിവരങ്ങളും രേഖകളും നൽകുന്നതിന് പണം വാഗ്ദാനം ചെയ്തും അവർ രഹസ്യാത്മകമായ വിവരങ്ങൾ ചോർത്തുന്നുണ്ട്. ഇത് ഇന്ത്യയുടെ ആഭ്യന്തര, ബാഹ്യ സുരക്ഷയ്ക്ക് ഭീഷണിയാകും,’ എ.ടി.എസ് പറഞ്ഞു.
സമഗ്രമായ അന്വേഷണത്തിൽ, ഹസ്രത്പൂരിലെ ഓർഡിനൻസ് ഫാക്ടറിയിലെ ചാർജ്മാനായിരുന്ന രവീന്ദ്ര കുമാർ, തന്റെ ഫേസ്ബുക്ക് സുഹൃത്തായ ഒരു പാകിസ്ഥാൻ ഏജന്റിന് സെൻസിറ്റീവും രഹസ്യവുമായ വിവരങ്ങൾ അയച്ചതായി കണ്ടെത്തിയെന്നും പ്രസ്താവനയിൽ പറയുന്നു.
പ്രാഥമിക ചോദ്യം ചെയ്യലിനുശേഷം, എ.ടി.എസിന്റെ ആഗ്ര യൂണിറ്റ് രവീന്ദ്ര കുമാറിനെ ലഖ്‌നൗവിലെ ആസ്ഥാനത്തേക്ക് കൊണ്ടുവന്നു.
രവീന്ദ്ര കുമാറിന്റെ ഫോണിൽ നിന്ന് സെൻസിറ്റീവും രഹസ്യാത്മകവുമായ രേഖകൾ കണ്ടെത്തിയതായി എ.ടി.എസ് സ്ക്വാഡ് പറഞ്ഞു. അദ്ദേഹം പാകിസ്ഥാൻ ഏജന്റിന് അയച്ചതായിരുന്നു അത്. ഇതിന് തൃപ്തികരമായ ഒരു വിശദീകരണം നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞില്ലെന്നും അവർ പറഞ്ഞു.
കുറ്റം സമ്മതിച്ചതിനെത്തുടർന്ന്, രവീന്ദ്ര കുമാറിനെതിരെ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 148 പ്രകാരവും 1923 ലെ ഔദ്യോഗിക രഹസ്യ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരവും കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു.
‘ചോദ്യം ചെയ്യലിൽ, 2006 മുതൽ താൻ ഓർഡനൻസ് ഫാക്ടറിയിലും 2009 മുതൽ ചാർജ്മാനായും ജോലി ചെയ്യുന്നുണ്ടെന്ന് കുമാർ പറഞ്ഞു. 2024 ജൂലൈയിൽ, ഫേസ്ബുക്കിൽ നേഹ ശർമ എന്ന യുവതിയുമായി സൗഹൃദത്തിലായി. പാകിസ്താന്‍ ഇന്റലിജന്‍സ് ഏജന്‍സിയായ ഐ.എസ്.ഐ ഏജന്റായിരുന്നു ഈ യുവതി. വാട്ട്‌സ്ആപ്പിലും ഓഡിയോ, വീഡിയോ കോളുകൾ വഴിയും അയാൾ അവരുമായി പതിവായി ചാറ്റ് ചെയ്തിരുന്നു.
‘സമ്പന്നനാകാനുള്ള അത്യാഗ്രഹത്തിൽ രവീന്ദ്ര കുമാർ അവർക്ക് രഹസ്യ വിവരങ്ങൾ അയച്ചു കൊടുക്കാറുണ്ടായിരുന്നു. വാട്ട്‌സ്ആപ്പ് ചാറ്റുകൾ ഇടയ്ക്കിടെ ഡിലീറ്റ് ചെയ്യാറുണ്ടായിരുന്നു, എന്നാൽ ചില ചാറ്റുകളും രഹസ്യ രേഖകളും ഫോണിൽ തന്നെ ഉണ്ടായിരുന്നു. പ്രതിയിൽ നിന്ന് അഞ്ച് രഹസ്യ രേഖകൾ, 6,220 രൂപ, ഒരു മൊബൈൽ ഫോൺ, ഒരു എ.ടി.എം കാർഡ്, ആധാർ കാർഡ് , വോട്ടർ കാർഡ്, പാൻ കാർഡ് എന്നിവ കണ്ടെടുത്തിട്ടുണ്ട്,’ എ.ടി.എസ് എ.ഡി.ജി ചൗധരി പറഞ്ഞു.
രവീന്ദ്ര കുമാർ ഓര്‍ഡ്‌നന്‍സ് ഫാക്ടറിയിലെ ദൈനംദിന പ്രൊഡക്ഷന്‍ റിപ്പോര്‍ട്ട് ,സ്‌റ്റോര്‍ റസീപ്റ്റുകള്‍, സ്റ്റോക്ക് സംബന്ധിച്ച വിവരങ്ങള്‍ എന്നിവ കൈമാറിയിരുന്നെന്ന് ചൗധരി കൂട്ടിച്ചേർത്തു.
Content Highlight: Ordnance Factory worker held for sending sensitive info to Pakistani agent: UP ATS