ലൈംഗികാതിക്രമങ്ങള്‍ നടത്തുന്നവരുടെ പേരുകള്‍ പട്ടികപ്പെടുത്താനൊരുങ്ങി ഇന്ത്യ
Crime
ലൈംഗികാതിക്രമങ്ങള്‍ നടത്തുന്നവരുടെ പേരുകള്‍ പട്ടികപ്പെടുത്താനൊരുങ്ങി ഇന്ത്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 22nd April 2018, 8:21 am

ന്യൂദല്‍ഹി: രാജ്യത്ത് ലൈംഗികാതിക്രമങ്ങള്‍ നടത്തുന്ന കുറ്റവാളികളുടെ പേരുകള്‍ പട്ടികപ്പെടുത്താന്‍ തീരുമാനം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ അതിക്രമങ്ങള്‍ നടന്നാല്‍ പെട്ടെന്ന് നടപടികളെടുക്കാന്‍ പട്ടിക സഹായിക്കുമെന്നാണ് കരുതുന്നത്.

രജിസ്ട്രിയില്‍ അഡ്രസ് ഉള്‍പ്പടെയുള്ള വിവരങ്ങളും വിരലടയാളം, ഡി.എന്‍.എ സാമ്പിളുകളും, പാന്‍ നമ്പറും ഉള്‍പ്പെടും. ശിക്ഷിക്കപ്പെട്ടവരുടെ മാത്രമല്ല കുറ്റാരോപിതരായ ആളുകളുടെ വിവരങ്ങളും പട്ടികയിലുണ്ടാവും. എന്നാല്‍ പട്ടിക പൊതുജനത്തിന് ലഭ്യമാവില്ലെന്നും നിയമപാലകര്‍ക്ക് മാത്രമേ വിവരങ്ങള്‍ ലഭ്യമാവൂ എന്നും അധികൃതര്‍ അറിയിച്ചു.


Read | തളര്‍ന്നുവീഴാന്‍ ഞങ്ങള്‍ക്കാകില്ല, ശക്തമായി തിരിച്ചുവരും: ത്രിപുര സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി ബിജന്‍ ധര്‍


കുട്ടികള്‍ക്കെതിരെ നടക്കുന്ന ലൈംഗികാതിക്രമങ്ങള്‍ക്ക് വധശിക്ഷ നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന ഓര്‍ഡിനന്‍സ് പാസാക്കിയ അതേ കാബിനറ്റ് മീറ്റിങ്ങിലാണ് രജിസ്ട്രി തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനമെടുത്തത്.

നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ ആണ് ഡാറ്റാബേസ് കൈകാര്യം ചെയ്യുകയും സൂക്ഷിക്കുകയും ചെയ്യുക. വിവരങ്ങള്‍ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പൊലീസിന് കേസന്വേഷണത്തിന്റെ ഭാഗമായോ വ്യക്തിയുടെ പൂര്‍വകാലമറിയാനോ ലഭ്യമാക്കുകയും ചെയ്യും.


Read | സി.പി.ഐ.എമ്മുമായി കേരളത്തില്‍ ഒരു തരത്തിലുള്ള ബന്ധവുമുണ്ടാകില്ലെന്ന് എം.എം ഹസന്‍


“ഉദാഹരണത്തിന്, ഒരു വീട്ടുവേലക്കാരനെ ആവശ്യമാണെന്നിരിക്കട്ടെ. തൊഴിലുടമയ്ക്ക് അയാളുടെ പൂര്‍വകാലം പൊലീസിനെ കൊണ്ട് പരിശോധിപ്പിക്കാം. ഇപ്പോള്‍ പോലും വീട്ടില്‍ ആളെ വെക്കുന്നതിന് പൊലീസ് ക്ലിയറന്‍സ് ആവശ്യമാണ്.” – ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഇത്തരം കുറ്റവാളികളുടെ, പ്രത്യേകിച്ച് കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തുന്നവരുടെ വിവരങ്ങള്‍ സൂക്ഷിക്കുന്നത് നല്ല ആശയമാണെന്നാണ് ദേശീയ ബാലാവകാശ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ സ്തുതി കാക്കെര്‍ പ്രതികരിച്ചത്.